കൊണ്ടോട്ടി: കൊടും വേനലിൽ വറ്റിത്തുടങ്ങിയ കിണറുകളിൽ പെട്ടെന്ന് ജലനിരപ്പുയരുന്നതും കുളങ്ങൾ നിറഞ്ഞു കവിയുന്നതും ജനങ്ങളിൽ ആശ്ചര്യവും ആശങ്കയും ഉണർത്തുന്നു. ചെറുകാവ് പഞ്ചായത്തിലാണ് സംഭവം.ഒറ്റ ദിവസം കൊണ്ട് ഒരു മീറ്റർ വരെയാണ് കിണറുകളിൽ ജലനിരപ്പുയർന്നത്. കൊടും വേനലിൽ വറ്റി തുടങ്ങിയ ഏകദേശം പത്തു കിണറുകളിലാണ് പെട്ടെന്ന് ജലനിരപ്പുയർന്നത്.വെള്ളം വറ്റിയതിനാൽ ഈ കിണറുകൾ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.യാതൊരു ദുർഗന്ധമോ നിറവ്യത്യാസമോ വെള്ളത്തിനില്ല. ആളുകൾ ഇത് ഉപയോഗിക്കാനും തുടങ്ങി.
കൂടുതൽ അതിശയിപ്പിച്ചത് അടുത്തടുത്ത വീടുകളിലെ കിണറുകളിൽ ചിലതിൽ മാത്രമാണ് ജല നിരപ്പ് ഉയർന്നു കണ്ടത്.കുറച്ചു ദൂരെയായുള്ള ഒരു വീട്ടിലെ കിണറ്റിലെ വെള്ളം പൂർണ്ണമായി വറ്റുകയും ചെയ്തു.കിണറുകൾക്കടുത്തായി വറ്റി തുടങ്ങിയിരുന്ന ഒരു കുളം നിറഞ്ഞു കവിയുന്ന കാഴ്ചയാണ് ഏവരെയും അതിശയിപ്പിക്കുന്നത്.പ്രദേശ വാസികൾ ജല വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ സി ഡബ്ള്യൂ ആർ ഡി എമ്മിലെ ശാസ്ത്രജ്ഞർ ഇവിടെയെത്തി പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments