കെ.വി.എസ് ഹരിദാസിന്റെ വിലയിരുത്തലുകള് എ.കെ ആന്റണി ഉള്പ്പടെ പലരും മനസിലാക്കേണ്ടത്
കൊട്ടിയൂർ പീഡനക്കേസിൽ അവസാനം കോൺഗ്രസ് ഒരു അഭിപ്രായം പറഞ്ഞിരിക്കുന്നു; അതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വികാരി അച്ചനെ കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി വിമർശിച്ചത് വളരെ ശക്തമായിട്ടാണ് . ബലാൽ സംഗക്കേസിൽ പെട്ട അച്ചനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകിവന്ന ബോധോദയം എന്ന് പറയാതെ വയ്യെങ്കിലും ഇക്കാര്യത്തിൽ ആന്റണിയെ അനുമോദിക്കാതെ വയ്യ. വൈകിയയാണെങ്കിലും ഇത്രയെങ്കിലും പാഞ്ഞുവല്ലോ. പക്ഷെ കത്തോലിക്കാ സഭ ഇക്കാര്യത്തിൽ, അല്ലെങ്കിൽ ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന പിന്തിരിപ്പൻ നിലപാടിനെ വിമർശിക്കാൻ ആന്റണി തയ്യാറായിട്ടില്ല. മറ്റൊന്ന് , കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തന്നെ ഈ സംഭവത്തെ അപലപിക്കുകയും അതിനെ ന്യായീകരിക്കുകയോ ആ കേസിൽ പെട്ടവരെ സംരക്ഷിക്കുകയോ ചെയ്യുകയില്ല എന്ന് വ്യക്തമാക്കിയതിനും ശേഷമാണ് ആന്റണി ഇങ്ങനെ ഒരു അഭിപ്രായ പ്രകടനത്തിന് മുതിർന്നത് എന്നത് കാണാതെ പോകാനുമാവില്ല. മാർ ആലഞ്ചേരി ഇങ്ങനെ ഒരു നിലപാട് എടുക്കുന്നതിനുമുന്പ് തന്നെ കത്തോലിക്കാ സഭക്കുവേണ്ടി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഫാദർ പോൾ തേലക്കാട്ട് ആ വികാരി അച്ചനെയും ദുഷ്ചെയ്തികളെയും പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ആയിരുന്നു അത് എന്നതോർക്കുക. ഫാദർ പോൾ തേലക്കാട്ടിനുണ്ടായ സദ് ചിന്തയെങ്കിലും ഇന്നാട്ടിലെ കോൺഗ്രസുകാർക്കുണ്ടായില്ലല്ലോ എന്നതാണ് ദുഃഖകരം.
കൊട്ടിയൂരാണ് സംഭവം നടന്നത്. ആ പ്രദേശം ഉൾപ്പെടുന്ന പേരാവൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസിന്റെ അഡ്വ. സണ്ണി ജോസഫ് ആണ്. നല്ല കത്തോലിക്കൻ. ഈ സംഭവത്തിൽ അദ്ദേഹം ഇതുവരെ നാവനക്കിയതായി കേട്ടിരുന്നില്ല. അതും പോട്ടെ, നാട്ടിൽ എന്ത് നടന്നാലും പ്രസ്താവനയുമായും പത്രസമ്മേളനവുമായും രംഗത്തുവരുന്ന വിഎം സുധീരൻ എന്ന ‘ധർമ്മത്തിന്റെയും സത്യത്തിന്റെയും ആധുനിക സംരക്ഷകൻ’ ഇനിയും മിണ്ടിയിട്ടില്ല. കെ ബാബുവിനും ബെന്നി ബഹനാനും നേരെ ആഞ്ഞടിക്കാൻ കാണിച്ചതിന്റെ നൂറിലൊന്ന് താല്പര്യം ഇവിടെ സുധീരൻ കാട്ടിയില്ല. ഒരു പാവം പെൺകുട്ടി അപമാനിക്കപ്പെടുകയും പ്രസവിക്കുകയും ചെയ്ത സംഭവമാണിത് എന്നതോർക്കുക. മറ്റൊരു മൗനി, സാക്ഷാൽ വിഎസ് അച്യുതാനന്ദനാണ്. പീഡനം എന്നുകേട്ടാൽ കാര്യങ്ങൾ മുഴുവനും അറിയാതെതന്നെ തെരുവിലിറങ്ങാറുള്ളയാളാണ് വിഎസ് എന്നത് മലയാളികൾക്കറിയാമല്ലോ. അദ്ദേഹത്തിൻറെ പ്രസ്താവനയും ഇക്കാര്യത്തിൽ കണ്ടില്ല. എന്താണിതിന് കാരണം എന്നത് പറയേണ്ടതില്ല. വെറും വോട്ട് ബാങ്ക് തന്നെ. ചിലർ എന്ത് വൃത്തികേട് നടത്തിയാലും പലരുടെയും നാവനങ്ങില്ല ; മനസിനെ അലട്ടില്ല. ജാതിയും മതവും മത ശക്തികളുടെ രാഷ്ട്രീയ ബലവും ഒക്കെ നോക്കിയാണ് പലരും സത്യത്തെയും ധർമ്മത്തെയും വിശകലനം ചെയ്യുന്നത് എന്നതാണത്. എകെ ആന്റണി ഇത്രയുമെങ്കിലും, ഇത്രയും വൈകി, പറഞ്ഞതുതന്നെ കർദ്ദിനാൾ പരസ്യമായി അപലപിച്ചതിനാൽ ആണ് എന്നതിൽ എന്താണ് സംശയം.
ഇവിടെ ഇപ്പോഴും മറ്റു ചിലതുകൂടി കാണേണ്ടതുണ്ട്. ഈ കേസിലെ പ്രതികളെ ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ല എന്നാണ് കർദ്ദിനാൾ പരസ്യമാക്കിയത്. കേരളത്തിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം അതൊരു നയം മാറ്റമാണ്. ഇതിനുമുൻപ് ഇത്തരം എത്രയോ ഉണ്ടായിരിക്കുന്നു. സഭയെ തന്നെ പിടിച്ചുകുലുക്കിയ നാണം കേട്ട സംഭവങ്ങളും അക്കൂട്ടത്തിൽ പെടും. അഭയ കേസും മറ്റും നമ്മുടെ മുന്നിലുണ്ട്. ആ കേസുകളിൽ പ്രതിക ളായവരെ എങ്ങിനെയാണ് സഭാ നേതൃത്വം സംരക്ഷിച്ചതെന്നത് മലയാളികൾക്കറിയാം. കോൺവെന്റുകളിലെ ‘ആത്മഹത്യകൾ’ എത്രയോ വട്ടം കേരളം ചർച്ചചെയ്തതാണ്. സിസ്റ്റർ ജെസ്മി എന്ന കത്തോലിക്കാ സഭയിലെ ഒരു കന്യാസ്ത്രീ വെളുപ്പെടുത്തിയത് ആർക്കാണ് മാന്യമായി നിഷേധിക്കാനായത്. ഒരു കോളേജ് പ്രിൻസിപ്പൽ ആയിരുന്നു ആ സിസ്റ്റർ എന്നത് മറന്നുകൂടാ. ഒരു വിമത സ്വരം എന്നൊക്കെ പറഞ് ആ ആക്ഷേപങ്ങളെ വെള്ളപൂശാനും കാര്യങ്ങൾ തുറന്നുപറഞ്ഞ സ്ത്രീയെ പരസ്യമായി തുറന്നുകാട്ടണം എന്ന് പറയാനുമാണ് സഭ അന്നൊക്കെ തയ്യാറായത് . സിസ്റ്റർ ജെസ്മി അനുഭവിച്ച ദുരിതങ്ങൾ, പീഡനങ്ങൾ എത്രയോ കന്യാസ്ത്രീകൾ ഇന്നും നേരിടുന്നു എന്നത് സഭ കാണുന്നില്ല; അതിനൊക്കെ പരിഹാരം കാണാൻ ഒരു ശ്രമവും നടത്തുന്നുമില്ല. അതിനൊക്കെയപ്പുറമാണ് കുട്ടികൾ, പ്രത്യേകിച്ചും പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ.
“The crimes and sins of sexual abuse of minors cannot be kept secret any longer. I commit myself to the zealous watchfulness of the church to protect minors, and I promise that all those responsible will be held accountable.”. ഇത് ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകളാണ്. ഫിലാഡൽഫിയയിലെ ഒരു പ്രസംഗത്തിലാണ് അദ്ദേഹം ഇത്തരത്തിൽ തുറന്നുപറയാൻ നിർബന്ധിതനായത് . നമുക്കറിയാം പല വിഷയങ്ങളിലും പതിവുകളിൽ നിന്നും ഭിന്നമായ നിലപാടുകൾ സ്വീകരിക്കുകയും ശക്തമായ, വ്യക്തമായ, ഭാഷയിൽ സംസാരിക്കുകയും ചെയ്തയാളാണ് അദ്ദേഹം. പോൾ ബനഡിക്ട് മാർപ്പാപ്പയും കുട്ടികളെ പീഡിപ്പിക്കുന്ന സ്വഭാവത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു എന്നതോർക്കുക. അത്തരം സംഭവങ്ങൾ സഭയിൽ വര്ധിക്കുന്നുവെന്നും പരാതികൾ ഉണ്ടാവുമ്പോൾ അത് മത ചട്ടങ്ങളുടെയും വ്യവസ്ഥയുടെയും പേരുപറഞ്ഞുകൊണ്ട് നിയമം നടപ്പാക്കുന്നത് തടയാൻ ബിഷപ്പുമാർ ശ്രമിക്കുന്നുവെന്നും 2010 -ൽ അദ്ദേഹം പറഞ്ഞതോർക്കുന്നു. ഇത്തരം പീഡനങ്ങൾ പൊലീസിന് റിപ്പോർട്ട് ചെയ്യണം എന്നതാണ് മാർപ്പാപ്പ സ്വീകരിച്ചിരുന്ന നിലപാട്. പക്ഷെ അതും ഇന്നിപ്പോൾ കേരളത്തിൽ, കൊട്ടിയൂരിൽ, നടപ്പിലായില്ല എന്നത് മറന്നുകൂടാ. ഇവിടെ മറ്റൊന്നുകൂടി ഓർമ്മിക്കേണ്ടതുണ്ട്. പോപ്പ് ഫ്രാൻസിസിന്റെ തന്നെ പ്രഖ്യാപിത നിലപാടാണ് അത്. അദ്ദേഹം ഒരിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നതോർക്കുക: അത്തരം സംഭവങ്ങൾ ( കുട്ടികളെ പീഡിപ്പിക്കൽ ) പൊലീസിന്, നിയമപാലകർക്ക് , റിപ്പോർട്ട് ചെയ്യാതിരുന്നാൽ, അത്തരം പ്രശ്നങ്ങൾ രഹസ്യമായി സൂക്ഷിച്ചാൽ, ബിഷപ്പുമാർക്ക് സ്ഥാനം നഷ്ടമാവും എന്നാണ് മാർപ്പാപ്പ മുന്നറിയിപ്പ് നൽകിയത്. ഇപ്പോൾ കൊട്ടിയൂരിൽ സംഭവിച്ചത് എന്താണ് എന്നതോർക്കുക. അവിടെ ആ പെൺകുട്ടിയുടെ ഗര്ഭത്തിന്റെ ഉത്തരവാദിത്വം ആ കുട്ടിയുടെ പിതാവിൽ കെട്ടിവെക്കാൻ പോലും ശ്രമം നടന്നു. അതിനായി പത്ത് ലക്ഷം രൂപയും വാഗ്ദാനം ചെയ്യപ്പെട്ടു. ഇതൊക്കെ സഭാ മേധാവികൾ അറിയാതെയാണോ?. സഭയിലെ ബിഷപ്പ് അറിയാതെയാണോ ആ വികാരി അച്ചൻ രാജ്യം വിടാൻ ഒരുങ്ങിയത്?. അക്കാര്യങ്ങളിലുള്ള കർദ്ദിനാൾ ആലഞ്ചേരിയുടെ മൗനവും കാണാതെ പോകാനാവുമോ?. യഥാർഥത്തിൽ സംരക്ഷിക്കാം പരമാവധി ശ്രമിക്കുകയും അവസാനം പിടികൂടപ്പെട്ടപ്പോൾ, ഗത്യന്തരമില്ലാതെ, അതിനെ തള്ളിപ്പറയുകയല്ലേ സഭാ നേതൃത്വത്തിലുള്ളവർ ചെയ്തത്?
അതൊക്കെ പോട്ടെ, കത്തോലിക്കാ സഭ ഇക്കാര്യത്തിൽ ഒരാളെയും സംരക്ഷിക്കില്ല എന്നാണ് കർദ്ദിനാളും സഭയുടെ വക്താക്കളും ഇപ്പോൾ പറയുന്നത്. എന്നാൽ അതിനുവിരുദ്ധമായിട്ടല്ലേ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നത്. കൊട്ടിയൂർ കേസിൽ അകപ്പെട്ട കന്യാസ്ത്രീകളെയും മറ്റുചിലരെയും ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ്?. സഭയും സഭാ നേതൃത്വവും അറിയാതെ, അവരുടെ സഹായം കൂടാതെ, ഒരു കന്യാസ്ത്രീക്കും ഒളിവുജീവിതം നയിക്കാൻ കഴിയില്ലെന്നത് ആർക്കാണ് അറിയാത്തതു് ?. വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ല എന്ന ആക്ഷേപത്തിൽ നിന്ന് കത്തോലിക്കാ സഭ മോചിതമാവണമെങ്കിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. ഇവിടെ കർദ്ദിനാൾ മാർ ആലഞ്ചേരി പറയുന്ന വാക്കുകൾ പാലിക്കപ്പെടുന്നില്ല എന്നുവന്നാൽ ആ സഭക്കും അതിന്റെ അധിപന്റെ വാക്കുകൾക്കും എന്ത് പ്രസക്തിയാണുണ്ടാവുക. അതൊക്കെ വെറും വാക്കാണ് എന്നാരെങ്കിലും ചിന്തിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?.
Post Your Comments