NewsIndia

കൂറ്റന്‍ ശിവ പ്രതിമ പൊളിച്ചു നീക്കാനൊരുങ്ങി തമിഴ്‌നാട്‌ സര്‍ക്കാര്‍

കോയമ്പത്തൂര്‍•സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷന്‍ നിര്‍മ്മിച്ച കൂറ്റന്‍ ശിവ പ്രതിമ പൊളിച്ച് നീക്കാനൊരുങ്ങി തമിഴ്‌നാട്‌ സര്‍ക്കാര്‍. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് പ്രതിമയുടെ നിര്‍മാണമെന്ന് കോയമ്പത്തൂര്‍ ടൌണ്‍ ആന്‍ഡ്‌ കണ്‍ട്രി പ്ലാനിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. കോയമ്പത്തൂര്‍ പേരൂര്‍ താലൂക്കില്‍ ഇക്കാരൈ പോലുവാമ്പട്ടി ഗ്രാമത്തിലെ 109 ഏക്കര്‍ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ ഇഷ ഫൗണ്ടേഷന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടര്‍ ശെല്‍വരാജ് കോടതിയെ അറിയിച്ചു.

113 അടി ഉയരമുള്ള പ്രതിമ കഴിഞ്ഞ 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അനാച്ഛാദനം ചെയ്തത്. അനധികൃത നിര്‍മാണത്തിനെതിരെ വെള്ളിന്‍ഗിരി ഹില്‍ ട്രൈബല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ഫെബ്രുവരി 17 നാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. വേണ്ട അനുമതിയില്ലാതെയാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയാതെന്നാണ് ഹര്‍ജിയിലെ ആരോപണം. വയല്‍ നികത്തി നിര്‍മ്മിച്ച പ്രതിമ പൊളിച്ചുനീക്കി ഭൂമി പൂര്‍വസ്ഥിതിയിലാക്കണമെന്നും സൊസൈറ്റി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ഹര്‍ജിയില്‍ മേലുള്ള സത്യവാങ്മൂലത്തിലാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നും പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ശെല്‍വരാജ് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button