Kerala

ബജറ്റ് ചോര്‍ച്ച വിവാദം: പൊലീസ് അന്വേഷണത്തെക്കുറിച്ച് ആഭ്യന്തരവകുപ്പിന്റെ തീരുമാനം പുറത്ത്

തിരുവനന്തപുരം: ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ചോര്‍ന്നുവെന്ന ആരോപണത്തില്‍ ആഭ്യന്തരവകുപ്പിന്റെ നിലപാട് പുറത്ത്. സംഭവത്തില്‍ പൊലീസ് അന്വേഷണം വേണ്ടായെന്നാണ് ആഭ്യന്തര സെക്രട്ടറിക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. ഇക്കാര്യം ആഭ്യന്തര സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. അതേസമയം ബജറ്റ് ചോര്‍ച്ച ക്രിമിനല്‍ കുറ്റമല്ലെന്ന നിലപാടിലാണ് പൊലീസ്. സ്പീക്കറുടെ അനുമതി ലഭിച്ചാല്‍ മാത്രം ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ മതി എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. ആ സാഹചര്യത്തില്‍ സംഭവത്തില്‍ ഇപ്പോള്‍ ഇടപെടേണ്ടെന്നു ആഭ്യന്തരവകുപ്പും തീരുമാനിച്ചിട്ടുണ്ട്. ബജറ്റിന്റെ ഹൈലൈറ്റ്‌സ് മാധ്യമങ്ങള്‍ക്കു നേരത്തെ നല്‍കിയതിന്റെ പേരില്‍ ധനമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പ്രസ്സ് സെക്രട്ടറിയുമായ മനോജ് കെ.പുതിയവിളയെ ഇന്നലെ വൈകുന്നേരം പദവിയില്‍നിന്നും നീക്കിയിരുന്നു. ഇതോടെ പ്രതിപക്ഷ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതിനിടെ ബജറ്റ് ചോര്‍ന്ന സംഭവത്തില്‍ മന്ത്രിക്ക് ജാഗ്രത കുറവുണ്ടായെന്നു ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു. പാര്‍ട്ടിയുടെ അറിവോടെയല്ല പ്രസ്സ് സെക്രട്ടറിയായി തോമസ് ഐസക് മനോജ് പുതിയവിളയെ നിയമിച്ചതെന്ന വിമര്‍ശനവും പാര്‍ട്ടിയില്‍ ഉയര്‍ന്നു. പി.ആര്‍.ഡി ഉദ്യോഗസ്ഥനും വനിതാ കമ്മീഷന്‍ മുന്‍ പി.ആര്‍.ഒയുമായ മനോജിനെ വ്യക്തിബന്ധത്തിന്റെ പേരിലാണ് തോമസ് ഐസക് പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം പുറത്താക്കപ്പെട്ട സാഹചര്യത്തില്‍ മനോജ് പുതിയവിള പി.ആര്‍.ഡിയിലേക്കു തന്നെ മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button