ആലപ്പുഴ : ജയിലില്‍ കഴിയുന്നവര്‍ക്ക് അക്കാദമിക് വിദ്യാഭ്യാസം ലഭ്യമാക്കാനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍. ആലപ്പുഴ ജില്ല ജയിലില്‍ നടന്ന ജയില്‍ ക്ഷേമദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊട്ടടുത്തുള്ളയാളുടെ മൗലികാവകാശം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ലോകത്ത് കടുത്ത കുറ്റകൃത്യങ്ങള്‍ നടത്തുന്നത് വിദ്യാഭ്യാസമുള്ളവരാണ്. വെള്ളക്കോളര്‍ ജോലിയുള്ളവരാണിവര്‍. ഉദ്യോഗസ്ഥ ജോലിയൊക്കെ എടുക്കുന്ന ഇവര്‍ വന്‍ കുറ്റങ്ങള്‍ ചെയ്യുന്നു. കായംകുളം കൊച്ചുണ്ണിമാര്‍ ഇന്നില്ല. ഉള്ളത് പോഷ് കാറില്‍ വരുന്ന കോട്ടിട്ട കുറ്റവാളികളാണ്. ജയിലിലെ മര്‍ദ്ദനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജയിലിനുള്ളില്‍ സ്‌കൂളുകളും കോളജുകളും ആരംഭിക്കാം. വിദൂരവിദ്യാഭ്യാസം വഴി പഠിക്കാനുള്ള സൗകര്യമൊരുക്കുകയുമാകാം. നമ്മുടെ പൗരാവകാശം സംരക്ഷിക്കപ്പെടുന്നതു പോലെ മറ്റുള്ളവരുടെയും മൗലികാവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നു മനസിലാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ കുറയും. ആയിരംകുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് പറയുന്നത്. കുറ്റവാളികളാരും രക്ഷപ്പെടരുതെന്നാണ് പറയേണ്ടത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് കുറവാണ്. ജില്ല ജയിലില്‍ കെട്ടിടം നിര്‍മിക്കാന്‍ 5.50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മാണം ഈ വര്‍ഷം തുടങ്ങാനായി പ്രത്യേക യോഗം വിളിച്ച് നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ഥിയായിരിക്കെ പ്രകടനം നടത്തി അറസ്റ്റ് ചെയ്യപ്പെട്ടതും പൊലീസ് സ്റ്റേഷനില്‍ മര്‍ദനമേറ്റതും ജയിലില്‍ കിടക്കേണ്ടിവന്നതുമായ ഓര്‍മകള്‍ മന്ത്രി പങ്കുവച്ചു. മര്‍ദ്ദനത്തിനിടയ്ക്ക് പൊലീസുകാര്‍ കൈയില്‍ കെട്ടിയിരുന്ന വാച്ച് പൊട്ടിച്ചുകളഞ്ഞു. ഇതിനുശേഷം ഇതുവരെ വാച്ച് ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments