NattuvarthaNews

പെരിന്തൽമണ്ണയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു:എരിഞ്ഞമരുന്നത് മേഖലയിൽ വളരുന്ന അപൂർവ്വ ഔഷധ സസ്യങ്ങള്‍; മനുഷ്യ നിര്‍മ്മിത കാട്ടുതീയെന്നും സംശയം

പെരിന്തൽമണ്ണ•പെരിന്തൽമണ്ണയിലും സമീപപ്രദേശങ്ങളിലും കാട്ടുതീ തുടര്‍ക്കഥയാകുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ അമ്മിനിക്കാടൻ മലനിരകളടക്കമുള്ളവയാണ് വേനൽ കാഠിന്യത്തിനാൽ കത്തിച്ചാമ്പലാവുന്നത്. കഴിഞ്ഞദിവസം പെരിന്തൽമണ്ണ നഗരത്തിനോട് ചേർന്ന് കിടക്കുന്ന കുളിർമലയിലും കാട്ടുതീ പടർന്നു പിടിച്ചിരുന്നു. ഈ ദിവസങ്ങളില്‍ തന്നെയാണ് അലീഗഢ് ക്യാമ്പസിനടുത്തു തുടരെ തീപിടുത്തമുണ്ടായത്. പലയിടങ്ങളിലും കാട്ടുതീ പടരുന്നതിന് പിന്നിൽ സാമൂഹിക ദ്രോഹികളുടെ കറുത്ത കൈകളുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ചേലാമല – കുളിർമല -മാലാപ്പറമ്പ് -അമ്മിനിക്കാടൻ മലനിരകളടക്കമുള്ളവയിൽ ഒരാൾപൊക്കത്തിൽ തഴച്ചുവളരുന്ന ചെങ്ങണ പുൽകാടുകൾ വേനലാവുന്നതോടെ കരിഞ്ഞുണങ്ങും. ഇതിൽ ചെറിയൊരു തീപ്പൊരി പാറിവീണാല്‍ പോലും നിമിഷ നേരങ്ങൾകൊണ്ട് തീ ആളിപടരും. ഇത് പലപ്പോഴും ഫയർ സർവീസ് യൂണിറ്റുകൾക്കടക്കം നിയന്ത്രണ വിധേയമാക്കാൻ കഴിയാറില്ല. പുൽകാടുകളിൽ തീ ആളിപടരുന്നതോടെ പലപ്പോഴും സന്നദ്ധ പ്രവർത്തകർ അടക്കമുള്ളവർ നിസ്സഹായരായി നോക്കിനിൽക്കാറാണ് പതിവ്. ആളിപ്പടരുന്ന തീയിൽ ഈ മലനിരകളിലെ വളരുന്ന അപൂർവ്വ ഔഷധസസ്യങ്ങളും ഉരഗ – പക്ഷിമൃഗാദികളും കത്തികരിഞ്ഞു പോകുന്നതും വേദനയോടെ കണ്ടുനില്ക്കാനേ കഴിയാറുള്ളുവെന്ന് സമീപവാസികളായ പ്രകൃതിസ്നേഹികൾ പറയുന്നു. പലപ്പോഴും മനുഷ്യൻറെ അനാസ്ഥകൾ കാട്ടുതീ പടരാൻ കാരണമാവുന്നുണ്ടെന്നും ഇവർ പറയുന്നു.

കൊടികുത്തിമല പോലെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടക്കുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞും വേനലാകുന്നതോടെ ചുരുങ്ങിയത് മൂന്ന് മാസക്കാലമെങ്കിലും ഇവിടങ്ങളിലേക്ക് സന്ദർശകരെ അനുവദിക്കാതെയും പോലീസ് -ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൂട്ടായ പെട്രോളിംഗ് ഈ മേഖലകളിൽ ശക്തിപെടുത്തിയും ഒരുപരിധിവരെ മനുഷ്യ നിർമിത കാട്ടുതീ തടയാൻ കഴിയുമെന്നാണ് ഇവർപറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button