NewsGulf

സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഹൌസ്ഡ്രൈവറെ രക്ഷിച്ചു

ദമ്മാം•താനുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ലേബർ കോടതിയിൽ പരാതി നൽകിയതിന്റെ പേരിൽ, സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ ഹൌസ് ഡ്രൈവർ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം നടത്തിയ സമയോചിതമായ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്‌നാട് കുളച്ചൽ സ്വദേശിയായ തോമസ് അലൻ സെൽവൻ എന്ന ഹൌസ് ഡ്രൈവർക്കാണ് വിചിത്രമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. പത്തുമാസം മുൻപാണ് ദമ്മാമിലുള്ള ഒരു സൗദി ഭവനത്തിൽ സെൽവൻ ഹൌസ് ഡ്രൈവറായി ജോലിയ്‌ക്കെത്തിയത്. സർക്കാർ ആശുപത്രിയിൽ ജോലിയുള്ള ഒരു ലേഡി ഡോക്റ്റർ ആയിരുന്നു സെൽവന്റെ സ്പോൺസർ. ശമ്പളമൊക്കെ കൃത്യമായിരുന്നെങ്കിലും, സ്‌പോൺസറുടെയും, കുടുംബത്തിന്റെയും പരുഷമായ പെരുമാറ്റം പലപ്പോഴും സെൽവന് മാനസികവിഷമം ഉണ്ടാക്കുമായിരുന്നു. ഭാര്യയും, മകളുമടങ്ങുന്ന നാട്ടിലെ സ്വന്തം കുടുംബത്തെയോർത്ത് മാത്രമാണ് എല്ലാം സഹിച്ച് സെൽവൻ ആ ജോലിയിൽ തുടർന്നത്.

ഒരു ദിവസം സ്‌പോൺസറുടെ മകളെ സ്ക്കൂളിൽ നിന്നും കാറിൽ തിരികെ വീട്ടിൽ കൊണ്ടു വന്നപ്പോൾ, സെൽവൻ ഓവർസ്പീഡിൽ വണ്ടിയോടിച്ചതായി മകൾ അമ്മയോട് പരാതി പറഞ്ഞു. സ്പോൺസർ സെൽവനെ വഴക്ക് പറഞ്ഞപ്പോൾ, മകൾ പറഞ്ഞത് ശരിയല്ലെന്നും, താൻ സാധാരണ സ്പീഡിൽ മാത്രമാണ് വണ്ടിയോടിച്ചത് എന്ന നിലപാടിൽ സെൽവൻ ഉറച്ചു നിന്നു. ഇത് തർക്കമായി വളരുകയും, ദ്വേഷ്യം സഹിയ്ക്കാതെ സ്പോൺസർ സെൽവനെ തല്ലുകയും ചെയ്തു. അതോടെ ക്ഷമ നശിച്ച സെൽവൻ, ഇനി ഇവിടെ ജോലി ചെയ്യില്ല എന്ന് പറഞ്ഞ് താക്കോൽ അവിടെ വെച്ചിട്ട്, ആ വീട് വിട്ട് ഇറങ്ങിപ്പോയി.

നേരെ ലേബർ കോടതിയിൽ പോയി സ്പോൺസർക്കെതിരെ പരാതി നൽകാനായിരുന്നു സെൽവൻ പോയത്. എന്നാൽ ലേബർ കോടതിയിൽ എത്തി പരാതി സമർപ്പിച്ചപ്പോൾ, താൻ വീട് വിട്ടിറങ്ങി മിനിട്ടുകൾക്കകം സ്പോൺസർ തന്നെ ഹുറൂബിലാക്കിയതായി സെൽവൻ മനസ്സിലാക്കി. സെൽവന്റെ പരാതി കേട്ട ലേബർ ഓഫീസർ, കോടതിയിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എത്തിയ നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തെ വിളിച്ചു വരുത്തി, ഈ കേസിൽ സഹായിയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ലേബർ ഓഫീസർ അയച്ച നോട്ടീസ് അനുസരിച്ച് പിറ്റേ ദിവസം സെൽവന്റെ സ്പോൺസർ കോടതിയിൽ എത്തി. എന്നാൽ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന വാദത്തിൽ, സെൽവൻ തന്റെ മകളെ കിഡ്നാപ്പ് ചെയ്യാൻ ശ്രമിച്ചു എന്നും, അവനെ ജയിലിൽ അടയ്ക്കണമെന്നും സ്പോൺസർ ആവശ്യപ്പെട്ടു.

വ്യക്തിവിരോധത്തിന്റെ പേരിൽ സെൽവനെതിരെ കള്ളക്കേസ് കൊടുക്കാനുള്ള ശ്രമത്തെ ഷാജി മതിലകം ശക്തമായി എതിർത്തു. ഈ ആരോപണത്തിന് യാതൊരു തെളിവുമില്ല എന്നും, അങ്ങനെ ഒരു സംഭവം നടന്നെങ്കിൽ എന്ത് കൊണ്ട് അവർ ഇതുവരെ പോലീസിൽ പരാതി നൽകിയില്ല എന്നുമുള്ള ഷാജി മതിലകത്തിന്റെ വാദത്തിന് മുന്നിൽ സ്പോണ്സർക്ക് മറുപടി ഇല്ലായിരുന്നു. സത്യം ബോധ്യമായ ലേബർ ഓഫീസർ, സെൽവൻറെ കൈയ്യിൽ നിന്നും യാതൊരു നഷ്ടപരിഹാരവും വാങ്ങാതെ, ഫൈനൽ എക്സിറ്റ് നൽകാൻ സ്പോൺസറോട് ഉത്തരവിട്ടു.

സെൽവന്റെ ചില സുഹൃത്തുക്കൾ വിമാനടിക്കറ്റ് എടുത്തു കൊടുത്തു. നിയമനടപടികൾ പൂർത്തിയാക്കി എല്ലാവരോടും നന്ദി പറഞ്ഞ് സെൽവൻ നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button