NewsIndia

ഇന്ത്യ ചുട്ടുപൊള്ളുന്നു ; കേരളവും കരിയുന്നു ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി : മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങള്‍ ചുട്ടുപൊള്ളുമെന്ന് ഇന്ത്യന്‍ കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുവരെ രാജ്യം കാണാത്ത ചൂടാണ് വരാന്‍ പോകുന്നത്. ഇത്തവണ ചൂട് ഉയര്‍ന്ന പ്രദേശങ്ങളെയും ബാധിക്കും എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതായത് ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഹില്‍ സ്റ്റേഷന്‍ തേടിപ്പോയാലും കഴിയില്ലെന്ന് ചുരുക്കം.

നോര്‍ത്ത് വെസ്റ്റ് മേഖലയില്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ ചൂട് ഈ മാസങ്ങളില്‍ അനുഭവപ്പെടുക എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ആഗോളതാപനവും, കാലവസ്ഥ വ്യതിയാനവുമാണ് ഈ കൂടിയ ചൂടിന് കാരണം എന്നാണ് രാജ്യത്തെ ഔദ്യോഗിക കാലവസ്ഥ ഏജന്‍സി പറയുന്നത്. ഉഷ്ണതാപങ്ങളുടെ ഫ്രീക്വന്‍സിയില്‍ വലിയ വര്‍ദ്ധനവാണ് പഠനങ്ങളിലൂടെ രേഖപ്പെടുത്തുന്നത്. ഇതിന് കാരണമാകുന്നത് ഹരിതഗൃഹ വാതകങ്ങളുടെ കൂടിയ ഉത്പാദനമാണ് .

ഇത്തവണ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ എങ്കിലും സാധാരണ വേനല്‍ കാലവസ്ഥയേക്കാള്‍ കൂടിയ ചൂടും, അന്തരീക്ഷ വ്യതിയാനവും ഉണ്ടാകും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് തരുന്നു.

ഇക്കൊല്ലം വേനലില്‍ കേരളത്തില്‍ ചൂട് ഒരു ഡിഗ്രി കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വേനലിന്റെ തുടക്കത്തില്‍ തന്നെ മിക്ക ജില്ലകളിലും നാലു മുതല്‍ അഞ്ച് ഡിഗ്രി വരെ ചൂട് കൂടി.താപനിലയില്‍ ഈ നൂറ്റാണ്ടില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധനവ് രണ്ട് ഡിഗ്രി ആണെന്നിരിക്കേയാണ് അസാധാരണമായ ഈ സ്ഥിതിവിശേഷം. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ഉഷ്ണ തരംഗം രേഖപ്പെടുത്തിയത് കഴിഞ്ഞ വേനലിലാണ്. ഏപ്രിലില്‍ പാലക്കാട്ടും പുനലൂരും താപനില 41 ഡിഗ്രിക്കും മുകളിലെത്തിയിരുന്നു.

എന്നാല്‍ ഇക്കൊല്ലം, ജനുവരിയില്‍ തന്നെ പലയിടത്തും ചൂട് അസാധാരണമാം വിധം കൂടി. കണ്ണൂരിലാണ് ചൂട് ഏറ്റവും കൂടുതല്‍. സാധാരണയിലും നാല് ഡിഗ്രിയോളം ഉയര്‍ന്ന്, ഇപ്പോള്‍ 38 ഡിഗ്രിക്കടുത്താണ് ചൂട്.
കോട്ടയത്ത് 37 ഡിഗ്രി കഴിഞ്ഞു. ആലപ്പുഴ, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകള്‍ തൊട്ടുപിന്നിലുണ്ട്.സാധാരണ ഏപ്രില്‍, മെയ് മാസങ്ങളില്‍ കാണുന്ന കൂടിയ താപനില, ഇക്കൊല്ലം നേരത്തെയെത്തി.

തൃശൂരില്‍ ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ കൂടിയ ചൂട് 38 ഡിഗ്രി സെല്‍ഷ്യസാണ്. കൊടും വരള്‍ച്ചയില്‍ ബാഷ്പീകരണം കൂടിയതും പച്ചപ്പ് കരിഞ്ഞുണങ്ങിയതുമാണ് ചൂട് ക്രമാതീതമായി കൂടാന്‍ കാരണം. താപനില 41 ഡിഗ്രിക്കും മുകളില്‍ എത്തുന്നതോടെ ഉഷ്ണതരംഗവും സൂര്യതാപവുമടക്കം അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button