NewsIndia

മൊബൈൽ ബാങ്കിങ്ങിനു വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ മുന്നോട്ട്; ബാങ്കുകൾക്ക് പ്രത്യേക നിർദേശം

ന്യൂഡൽഹി: മൊബൈൽ ബാങ്കിങ്ങിനു വിപ്ലവകരമായ മാറ്റങ്ങൾ വരുത്തി കേന്ദ്ര സർക്കാർ. മൊബൈൽ ബാങ്കിങ് സൗകര്യം മൊബൈൽ ഫോൺ ഉള്ളവർക്കെല്ലാം ലഭ്യമാക്കണമെന്നു പൊതുമേഖലാ ബാങ്കുകളോടു കേന്ദ്ര സർക്കാർ നിർദേശിച്ചു. ഡിജിറ്റൽ പണമിടപാടു പ്രോൽസാഹിപ്പിച്ച് കൂടുതൽ പേരെ മൊബൈൽ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കുകയാണു ലക്ഷ്യം.

നിലവിൽ അക്കൗണ്ട് ഉടമകൾ ബാങ്കിൽ നേരിട്ടെത്തിയോ ഇ–മെയിലിലൂടെയോ ആവശ്യപ്പെട്ടാൽ മാത്രമാണ് മൊബൈൽ ബാങ്കിങ് സൗകര്യം ലഭ്യമാകുക. എന്നാൽ ഇനി മുതൽ യൂണിഫൈഡ് പ്ലാറ്റ്‌ഫോം ഇന്റർഫേസ് (യുപിഐ), ഭീം എന്നിവയിൽ ഏതെങ്കിലും ഒരു മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നവർക്ക് അവർ ആവശ്യപ്പെടാതെ തന്നെ മൊബൈൽ ബാങ്കിങ് സൗകര്യം അനുവദിക്കാനാണു നിർദേശിച്ചിട്ടുള്ളതെന്നു ഡിജിറ്റൽ പണമിടപാടു പദ്ധതിയുടെ ചുമതലയുള്ള ഐടി – ഇലക്‌ട്രോണിക്‌സ് മന്ത്രാലയ സെക്രട്ടറി അരുണ സുന്ദർരാജ് പറഞ്ഞു.

ഈ മാസം 31 വരെ മൊബൈൽ ബാങ്കിങ് പദ്ധതിക്ക് വലിയതോതിൽ പ്രചാരണം നൽകാനും ബാങ്കുകളോടു നിർദേശിച്ചു. മാത്രമല്ല ഇതേ കാലയളവിൽ 10 ലക്ഷം പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീനുകളും ബാങ്കുകൾ ലഭ്യമാക്കണം. സ്ഥാപനങ്ങളിൽ എടിഎം കാർഡ് ഉപയോഗിച്ചു പണമിടപാടു നടത്തുന്നതിനാണ് പിഒഎസ് മെഷീൻ ഉപയോഗിക്കുന്നത്. ബാങ്കുകൾ സ്വമേധയാ ഇടപാടുകാരിൽനിന്നു മൊബൈൽ–ആധാർ നമ്പറുകൾ ശേഖരിക്കണം.

മൊബൈൽ ബാങ്കിങ്ങിനു ചാർജ് ഈടാക്കില്ല. ഏത് അക്കൗണ്ടിൽനിന്നും ഏത് അക്കൗണ്ടിലേക്കും മൊബൈൽ ഫോൺ ഉപയോഗിച്ചു പണം കൈമാറാനാവും. നിലവിൽ 50 കോടി ജനങ്ങളെങ്കിലും ഔപചാരിക ബാങ്കിങ് സംവിധാനത്തിനു പുറത്താണ്. വേണ്ടത്ര ബാങ്ക് ശാഖകളില്ലാത്തതാണു തടസ്സം. ഔപചാരിക ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമല്ലാത്തവർക്കു വായ്‌പ കിട്ടാൻ എളുപ്പമല്ല. ഔപചാരിക സംവിധാനത്തിലാണെങ്കിലും വായ്‌പയ്‌ക്ക് ഈടു നൽകണം. മൊബൈൽ ബാങ്കിങ്ങും ആധാർ അടിസ്‌ഥാനമാക്കിയുള്ള പണമിടപാടും വ്യാപകമാക്കിയാൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് അരുണ സുന്ദർരാജ് പറഞ്ഞു.

നിലവിൽ 108 കോടി മൊബൈൽ ഫോണുകളാണ് രാജ്യത്തു ഉപയോഗത്തിലുള്ളത്. അവയിൽ 28.5 കോടി സ്‌മാർട് ഫോണുകളാണെന്നാണു കണക്ക്. അതുപോലെ ഏകദേശം 110 കോടി പേർക്ക് ആധാർ നമ്പറുണ്ട്. ഇവ പ്രയോജനപ്പെടുത്തണം. ഇതുവരെ മൊബൈൽ ബാങ്കിങ് സേവനം പലർക്കും ലഭിക്കാതിരുന്നത് ഫോൺ നമ്പരും അക്കൗണ്ടും തമ്മിൽ ബന്ധപ്പെടുത്താതിരുന്നതിനാലാണ്. ഇനി അതു ബാങ്കുകളുടെ ഉത്തരവാദിത്തമായി മാറും. മറ്റ് ഏതുതരം പണമിടപാടിനുമുള്ള സുരക്ഷ മൊബൈൽ ബാങ്കിങ്ങിനും ഉറപ്പാക്കാനാകുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button