കണ്ണൂര്‍: വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ പ്രസവം ആശുപത്രി അധികൃതര്‍ മനപൂര്‍വം രഹസ്യമാക്കി വച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പ്രസവം നടന്ന കണ്ണൂരിലെ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രി അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നത്. പ്രായപൂര്‍ത്തിയാകാത്ത സ്ത്രീ പ്രസവിച്ചാല്‍ അത് അപ്പോള്‍ തന്നെ പോലീസിലോ ചൈല്‍ഡ് ലൈനിലോ അറിയിക്കണമെന്നാണ് നിയമം.
മാനന്തവാടി രുപാതാംഗമായ ഫാ.റോബിന് വടക്കന്ചേരിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. തുടര്‍ന്ന് പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പീഡനത്തിന്റെ ഉത്തരവാദിത്വം പെണ്‍കുട്ടിയുടെ പിതാവിനെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുകയുമായിരുന്നു.
തുടര്‍ന്ന് രഹസ്യമായി കണ്ണൂര്‍ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടെ വച്ച് പ്രസവിക്കുകയുമായിരുന്നു. എന്നാല്‍ പ്രസവിച്ച പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും അതിനാലാണ് പോലീസിലോ ചൈല്‍ഡ് ലൈനിലോ അറിയിക്കാതിരുന്നതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും ഇവര്‍ക്ക് സംഭവത്തിന്റെ നിജസ്ഥിതി അറിയാമെന്നുമുള്ള തെളിവുകളാണ് പുറത്തുവരുന്നത്.
പ്രസവിച്ച അന്നുതന്നെ കുഞ്ഞിനെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൊണ്ടുപോയിരുന്നു. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പിന്നീട് പ്രശ്നമുണ്ടാകാതിരിക്കാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്ന് മാതാപിതാക്കള്‍ ആശുപത്രി അധികൃതര്‍ക്ക് എഴുതിനല്കിയിരുന്നതിന്റെ രേഖകള്‍ പുറത്തുവന്നു. കുഞ്ഞിനെ രഹസ്യമായി വൈത്തിരിയിലെ കന്യാസ്ത്രീ മഠത്തിലേക്കാണ് കൊണ്ടുപോയത്. പിന്നീട് പ്രസവം നടന്നതിന്റെ പിറ്റേന്നുതന്നെ പ്രസവിച്ച പെണ്‍കുട്ടിയേയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പെണ്‍കുട്ടിയേയും പിന്നീട് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ചൈല്‍ഡ് ലൈന്‍ ലഭിച്ച രഹസ്യസന്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുള്‍ അഴിയുന്നതും തൃശൂരില്‍ നിന്ന് ഫാ. റോബിന് കസ്റ്റഡിയിലാകുന്നതും.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന പോക്സോ നിയമപ്രകാരമാണ് ഫാ.റോബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വകുപ്പ് അനുസരിച്ച് വിചാരണ പൂര്‍ത്തിയാകുന്നതുവരെ ജാമ്യം ലഭിക്കില്ല. ഈ വകുപ്പനുസരിച്ച് കുറ്റം ചെയ്യുന്നവര്‍ക്കൊപ്പം ഇതിന് സഹായം ചെയ്തവര്‍ക്കെതിരേയും ശക്തമായ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കാം.
Post Your Comments