അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു. അധികാരികള്‍ പ്രചരിപ്പിക്കുന്നതുപോലെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ഇല്ലാതാകുന്നതു മാത്രമല്ല പദ്ധതികൊണ്ടുള്ള ദോഷം. ജൈവവൈവിധ്യസമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകളടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാകും. കാലാവസ്ഥാവ്യതിയാനത്തിന് വനമാണ് മറുപടി എന്ന് പറയുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്.
പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വവും വംശനാശഭീഷണി നേരിടുന്ന അനേകം ജന്തു-സസ്യവൈവിധ്യസമ്പത്താണ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുക. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് പദ്ധതിക്കായുള്ള പരിസരാഘാത പത്രിക തയ്യാറാക്കിയിട്ടുള്ളത്. ഈ പഠനം പോരായ്മകള്‍ നിറഞ്ഞതും അശാസ്ത്രീയവുമാണെന്ന് പലതവണ പരിഷത്ത് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. കൂടാതെ നീരൊഴുക്കില്‍ വരുന്ന വ്യത്യാസങ്ങള്‍ മൂലം ഡാമിന് താഴെ വരുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് വിശദമായ ഒരു പഠനവും നടന്നിട്ടില്ല. മാത്രവുമല്ല ഇപ്പോള്‍ത്തന്നെ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന പുഴയില്‍ നീരൊഴുക്ക് പകുതിയാകുമ്പോള്‍ ഓരുകയറ്റ ഭീഷണിയും കുടിവെള്ളക്ഷാമവും രൂക്ഷമാകും. ഈ സാഹചര്യത്തില്‍ പാരിസ്ഥിതികാഘാതങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയുള്ള പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.
‘റണ്‍ ഓഫ് ദ റിവര്‍’ മാതൃക ഉള്‍പ്പെടെയുള്ള ബദല്‍സാധ്യതകളും അന്വേഷിക്കാവുന്നതാണ്. എന്നാല്‍ നിലവിലുള്ള പരിസരാഘാതപഠനവും പദ്ധതിരേഖയും അതിന് അപര്യാപ്തമാണ്. സൗര വൈദ്യുതി അടക്കമുള്ള പാരമ്പര്യേതര ഊര്‍ജോല്‍പാദനത്തിന്റെ മേഖലയില്‍ വലിയ സാങ്കേതികവിദ്യാ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഈ വഴികളും ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിലുള്ള സാധ്യതകള്‍ ഒന്നും ആലോചിക്കാതെ പശ്ചിമഘട്ടമേഖലയില്‍ ഇനിയും അണക്കെട്ടുകള്‍ നിര്‍മിക്കുന്നത് കേരളത്തിന്റെ തന്നെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
Post Your Comments