മഹാരാഷ്ട്രയിലെയും ഒഡിഷയിലെയും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വിജയത്തോടെ ഇന്ത്യയിലെ നമ്പര്‍ വണ്‍ ദേശീയ പാര്‍ട്ടി എന്ന പദവിക്ക് ബി.ജെ.പിക്ക് എതിരാളികള്‍ ഇല്ലാതായി. ദേശീയതലത്തിലുള്ള വിഷയങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിനൊപ്പം തന്നെ പ്രാദേശിക പ്രശ്‌നങ്ങളിലും ബി.ജെ.പി സ്വീകരിക്കുന്ന നിലപാടാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ അവരുടെ തിളക്കമാര്‍ന്ന വിജയത്തിനു കരുത്തുപകര്‍ന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മഹാരാഷ്ട്രയില്‍ നാഗ്പൂര്‍, സോളാപൂര്‍, പൂനെ കോര്‍പ്പറേഷനുകളിലെ വിജയം ഇതാണ് സൂചിപ്പിക്കുന്നത്. ശിവസേനയുമായി രാഷ്ട്രീയ സഖ്യം ഉപേക്ഷിച്ചതിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മഹാരാഷ്ട്രയില്‍ നേടിയ വിജയം അവരുടെ ജനപിന്തുണക്ക് ഉത്തമ ഉദാഹരണമാണ്.
ഒഡിഷയിലേക്ക് വരുമ്പോള്‍ കോണ്‍ഗ്രസിനെ തകര്‍ത്തു തരിപ്പണമാക്കിയാണ് ബി.ജെ.പി വിജയം നേടിയതെന്നു കാണാം. പശ്ചിമ ഒഡിഷ ബി.ജെ.പി തൂത്തുവാരുകയായിരുന്നു. ഇവിടെ ബി.ജെ.ഡിയുടെ മുഖ്യഎതിരാളിയായിരുന്ന കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കിയാണ് ബി.ജെ.പി മുന്നേറ്റം നടത്തിയത്. പ്രമുഖ ദേശീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന അപ്രമാദിത്വം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇന്ത്യയിലുടനീളം കണ്ടുവരുന്നത്. രാജ്യത്ത് എല്ലാ മേഖലകളിലും വേരോട്ടമുള്ള പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നു കഴിഞ്ഞു. പലയിടത്തും പ്രതിപക്ഷ പാര്‍ട്ടി എന്ന പദവിപോലും കോണ്‍ഗ്രസിന് നഷ്ടമായി. കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ക്കു പ്രതീക്ഷ വയ്‌ക്കേണ്ടതില്ല എന്നാണ് രാജ്യത്ത് പൊതുവിലുള്ള ട്രന്‍ഡ് സൂചിപ്പിക്കുന്നത്.
2014ലെ ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം ബീഹാറിലും ഡെല്‍ഹിയിലും ആഴത്തില്‍ വേരൂന്നാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. നോട്ട് നിരോധനം സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഈ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരെ എതിരാളികള്‍ പ്രചാരണായുധമാക്കിയത്. എന്നാല്‍ സാധാരണ ജനങ്ങള്‍ അത് അവഗണിക്കുകയായിരുന്നുവെന്നും വ്യക്തമാണ്. നോട്ട് നിരോധനത്തിനു മുമ്പ് ഫരീദാബാദിലും ചണ്ഡിഗഡിലും നടന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചിരുന്നു. ആ വിജയം ഇപ്പോഴും തുടരുകയാണ്. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനു യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2014ല്‍ മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റുമ്പോള്‍ ബി.ജെ.പിയോട് ജനങ്ങള്‍ക്കുണ്ടായിരുന്ന അതേ വിശ്വാസം ഇപ്പോഴും ഉണ്ടെന്നു തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നത്.
Post Your Comments