![](/wp-content/uploads/2017/02/906121-Arrest-1434668796-280-640x4801.jpg)
കുമളി: സ്ഫോടക വസ്തുക്കളുമായി യുവാക്കള്‍ അറസ്റ്റില്‍. കേരളത്തിലേക്ക് സ്ഫോടന വസ്തുക്കൾ കടത്തിയ കേസിൽ അഞ്ചു യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി സ്വദേശികളാണ് ഇവർ. അത്തിക്കയം നാറാണംമൂഴി കക്കുഴിയിൽ ദിനു (25), പഴവങ്ങാടി കൈപ്പുഴ ജോയൻ എബ്രഹാം (25), ഈട്ടിച്ചുവട് പുത്തൻപറമ്പിൽ ജോബിൻ ജോസഫ്( 25), നെല്ലിക്കമൺ മിനിവിലാസം അരുൺകുമാർ(25), നെല്ലിക്കമൺ കൈപ്പുഴ വീട്ടിൽ അപ്പി കുര്യൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരി 10 നു മധുരയിൽ നിന്നും തിരുവല്ലയിലേക്കു പോകുവായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്ററ് ബസിൽ കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ കുമളിയിലെ അതിർത്തി ചെക്പോസ്റ്റിൽ എക്സൈസ് പരിശോധനയ്ക്കിടെ കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പരിശോധനയിൽ ബസിൽ നിന്നും പെട്ടികളിലാക്കിയ 28,500 സാധാരണ ഡിറ്റനേറ്ററും 3000 ഇലക്ട്രിക്ക് ഡിറ്റനേറ്ററും കണ്ടെത്തി.
ബസിന്റെ കണ്ടക്ടറും ഡ്രൈവറും നൽകിയ മൊഴി പ്രകാരം കമ്പത്തു നിന്ന് കയറിയ 5 യുവാക്കളാണ് പെട്ടികൾ ബസിൽ കയറ്റിയത്. ഇവർ പീരുമേട്ടിലേക്കാണ് ടിക്കറ്റ് എടുത്തത്. കുമളി ചെക്പോസ്റ്റിൽ പരിശോധന നടക്കവേ പ്രതികൾ ബസിൽ നിന്ന് ഇറങ്ങി നടന്ന കുമളി ബസ് സ്റാൻഡിലെത്തി രക്ഷപെടുകയായിരുന്നു.
സ്ഥാൻഡിലെ പോലീസ് സി.സി.ടി.വി ക്യാമറയിൽ നിന്നു ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിലും സൈബർസെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവറുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചുമാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്.
Post Your Comments