കൊല്ലം: ന്യായീകരണ വീഡിയോയുമായി അഴീക്കലിലെ സദാചാര ഗുണ്ടകള്‍ വീണ്ടും സജീവം. കൊല്ലം അഴീക്കല്‍ ബീച്ചില്‍ യുവാവിനേയും പെണ്‍സുഹൃത്തിനേയും സദാചാര ഗുണ്ടായിസത്തിന് ഇരയാക്കുകയും സോഷ്യല്‍മീഡിയ വഴി വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ന്യായീകരണ വീഡിയോയുമായി സദാചാരവാദികള്‍ എത്തിയിരിക്കുകയാണ്. ബീച്ചിൽ അല്ല സംഭവം നടന്നതെന്നു എല്ലാവരേയും അറിയിക്കണം എന്നു പറഞ്ഞാണ് യുവാവിനേയും പെണ്‍കുട്ടിയേയും ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്ത സ്ഥലം ഉള്‍പ്പെടുത്തിയുള്ള വീഡിയോയുമായി ഒരു സംഘം രംഗത്തെത്തിയിരിക്കുന്നത്.
സംഘം വീഡിയോ പ്രചരിപ്പിച്ചിരുന്നത് അഴീക്കല്‍ ബീച്ച് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്. ഈമാസം 19ന് രാവിലെ 9.40നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആറോ ഏഴോ പേരടങ്ങുന്ന സംഘം ഒരു മണ്‍ റോഡിലൂടെ നടന്ന് ഒരു പറമ്പിലേക്കു കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബീച്ച് ഏതാണെന്ന് ഫേസ്ബുക്കില്‍ ഇട്ടുനോക്കട്ടെ എന്നു പറഞ്ഞാണ് ഒരാള്‍ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
തുടര്‍ന്ന് യുവാവും പെണ്‍കുട്ടിയും സദാചാര ഗുണ്ടായിസത്തിനിരയായ സ്ഥലത്തെത്തിയ ശേഷമാണ് സംഘത്തിന്റെ കണ്ടുപിടിത്തങ്ങള്‍. ‘ഇതിനകത്ത് ഇത്രയും സൗകര്യമുണ്ടോ’ എന്നൊരാള്‍ ആശ്ചര്യപ്പെടുമ്പോള്‍ ‘അവിടെ നില്‍ക്കുമ്പോള്‍ ഒരൊറ്റ കുഞ്ഞും അറിയില്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്. ഈ സമയം, ‘ഇവന്‍ ഇവിടം എങ്ങനെയറിഞ്ഞെന്നു’ മൂന്നാമതൊരുവന്‍ ചോദിക്കുമ്പോള്‍ ‘ഇവന്‍ ഇവിടെ മുമ്പ് വന്നുകാണും’ എന്നാണ് മറ്റൊരു സദാചാര പോലീസിന്റെ മറുപടി. ‘ആ വന്നുകാണും’ എന്നു പറഞ്ഞ് ഇത് സമ്മതിക്കുന്ന മറ്റൊരു സംഘാംഗം ‘അതുതന്നെ, അല്ലെങ്കില്‍ അവള് വന്നുകാണും’ എന്നാണ് മഹത്തായ വിലയിരുത്തല്‍ നടത്തുന്നത്. ‘ഇതിലാരോ ഒരാള്‍ വന്നിട്ടുണ്ട്, ഇല്ലേല്‍ ഇത്ര കറക്ടായിട്ട് എങ്ങനെയറിയും… ഇല്ലേപ്പിന്നെ നമ്മള് പോലും അറിയാന്‍ വയ്യാത്ത ഈ സ്ഥലം ഇവനെങ്ങനെ കണ്ടു…’ എന്നൊക്കെയാണ് പിന്നീടുള്ള കണ്ടുപിടിത്തങ്ങള്‍.
നിരവധി പേരാണ് വീഡിയോയ്ക്കു താഴെ സദാചാര ഗുണ്ടകളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. സദാചാര ഗുണ്ടകളുടെ ആക്രമണത്തിനും അപമാനപ്പെടുത്തലിനും ഇരയായ യുവാവിനെ ഇന്നലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് വിമര്‍ശനങ്ങള്‍.
‘വീഡിയോ എടുത്ത് നാട്ടുകാര്‍ക്കെല്ലാം വിതരണം ചെയ്ത് ആ ചെറുക്കനെ കൊല്ലിച്ചു. എന്നിട്ടും ഉളുപ്പില്ലാതെ ന്യായീകരിക്കാന്‍ കൊറേ സദാചാര സംരക്ഷകര്‍. ഇങ്ങനെ ന്യായീകരിച്ച് നാട്ടുകാരെ നാണം കെടുത്താതെ’ എന്നാണ് ഒരാളുടെ വിമര്‍ശനം. ‘ഒരാളുടെ ജീവന്‍ നശിപ്പിച്ചില്ലേടാ #$##$@@#. സദാചാരം വിളമ്പുന്ന നീയൊക്കെ മാന്യന്‍മാരാണെന്ന് നിനക്കു തന്നെ ഉറപ്പുണ്ടോടാ’ എന്നാണ് മറ്റൊരാളുടെ കമന്റ്.
ഈമാസം 14നായിരുന്നു സംഭവം. അനീഷിന്റെയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയ സംഘം സിം കാര്‍ഡുകള്‍ വെള്ളത്തിലെറിയുകയും ഇരുവരെയും അപമാനിക്കുന്ന തരത്തില്‍ വിഡീയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് അനീഷ് ആത്മഹത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്.
Post Your Comments