തിരുവനന്തപുരം•കേരളത്തിലെ പ്രമുഖ നടിയെ ജനനിബിഡമായ ഹൈവേയിൽ വച്ച് തട്ടികൊണ്ടു പോവുകയും അപമാനിക്കുകയും ചെയ്ത സംഭവം നടന്നിട്ട് അഞ്ചുദിവസമായിട്ടും കേസിലെ പ്രധാന പ്രതിയെ പിടിക്കാൻ കഴിയാത്തത് പോലീസ് നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ്. കേസിലെ പ്രധാന പ്രതിയെ പിടികൂടി ചോദ്യം ചെയ്താൽ ഉന്നതരുൾപ്പെടുന്ന ഗൂഢാലോചന പുറത്തുവരും എന്നറിഞ്ഞുകൊണ്ടാണ് പോലീസ് ഒത്തുകളിക്കുന്നതെന്നും ബി.ജെ.പി നേതാവ് വി.മുരളീധരന്‍ പറഞ്ഞു. നടിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപെട്ട് നടന്ന സംഭവങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ പോലീസ് ഗൂഢാലോചന നടത്തിയ ശക്തികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നത് പകൽ പോലെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 17ന് രാത്രി സംഭവം നടന്ന് മണിക്കുറുകൾക്കകം മുഖ്യപ്രതി തൃക്കാക്കരയ്ക്കും കടവന്തറയ്ക്കും ഇടയിൽ ഉണ്ട് എന്ന് പോലീസ് തന്നോട് പറഞ്ഞിരുന്നു എന്നാണ് സ്ഥലം എം എൽ എ വെളിപ്പെടുത്തിയിരിക്കുന്നത്. കൈയ്യെത്തും ദുരത്ത് പ്രതി ഉണ്ടായിട്ടും പ്രതിയെ പെട്ടെന്ന് പിടിക്കാൻ ശ്രമിക്കാതെ ഒരു സംവിധായകനെ പ്രതിയുടെ ഫോണിലേക്കു വിളിക്കാൻ അനുവദിച്ച പോലീസിന്റെ നടപടി ദുരൂഹമാണ്. ഈ ഫോൺ വിളിയാണ് മുഖ്യപ്രതിക്ക് രക്ഷപ്പെടാൻ സഹായകരമായത്. നടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ പോലീസിന്റെ തെളിവുശേഖരണം കാര്യക്ഷമമായി നടന്നില്ല എന്നും നടിയുമായി ബന്ധപ്പെട്ട ശാരീരിക തെളിവുകൾ നശിക്കാൻ ഇത് ഇടയാക്കി എന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഊർജ്ജിതമായി അന്വേഷണം മുന്നോട്ട് പോകുന്നു എന്ന് പോലീസ് അവകാശപ്പെടുമ്പോൾ തന്നെയാണ് പ്രതികൾ എറണാകുളത്തുള്ള ഒരു അഭിഭാഷകനെ കണ്ട് നേരിട്ട് ജാമ്യപേക്ഷയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയത്. ടി പി ചന്ദ്രശേഖരൻ വധകേസിലുൾപ്പെടെ നിരവധി പ്രതികളെ അതിവിദഗ്ധമായി പിടികൂടിയ കേരള പോലീസിനു മുന്നിലൂടെ നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി വിലസുമ്പോൾ പോലീസ് പുറംതിരിഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അത് രാഷ്ട്രീയ നേതൃത്വത്തത്തിൽ നിന്നുള്ള സമ്മർദ്ദം വഴിയാകാനെ ഇടയുള്ളൂ.
പ്രതി കോടതിയിൽ കീഴടങ്ങുന്നതും കാത്ത് സംസ്ഥാനത്തെ പോലീസ് കേരളത്തിലെ കോടതികളുടെ പരിസരത്ത് തലകുനിച്ചു നിൽക്കുന്ന സ്ഥിതി കേരളത്തിന് തന്നെ അപമാനകരമാണ്.
പ്രതികളെ സംരക്ഷിക്കുന്ന സമീപനം അവസാനിപ്പിച്ച് കേസിലെ പ്രധാന പ്രതികളെയും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയവരെയും എത്രയും പെട്ടന്ന് കണ്ടെത്തിയില്ലെങ്കിൽ ബി ജെ പി ശക്തമായ പ്രക്ഷോഭം ആരംഭിക്കുംമെന്നും മുരളീധരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments