നടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിയായ പൾസർ സുനി വർഷങ്ങൾക്ക് മുൻപ് നടി മേനകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം മേനകയുടെ ഭർത്താവും നിർമ്മാതാവുമായ ജി.സുരേഷ്‌കുമാർ വെളുപ്പെടുത്തി. പക്ഷെ അന്ന് തട്ടിക്കൊണ്ടുകൊണ്ടു പോകൽ ശ്രമം പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചോ ആറോ വർഷങ്ങൾക്കു മുൻപാണ് തട്ടിക്കൊണ്ടു പോകൽ ശ്രമം നടന്നത്. അന്ന് മേനക ജോണി സാഗരികയുടെ സിനിമയിൽ അഭിനയിക്കുന്നതിന് കൊച്ചിയിൽ ട്രെയിൻ മാർഗം എത്തിയതായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വിളിക്കാൻ അയച്ചത് ഒരു വാനായിരുന്നു. കാറിനു പകരം വാൻ അയച്ചതിൽ സംശയം തോന്നിയ മേനക ചോദിച്ചപ്പോൾ കാർ ഇല്ലായിരുന്നു എന്നാണ് അവർക്ക് കിട്ടിയ മറുപടി. അരൂരിലേക്കാണ് അവർക്ക് പോകേണ്ടിരുന്നത്. പക്ഷെ അങ്ങോട്ടേക്ക് പോകേണ്ടതിനു പകരം നഗരത്തിനുള്ളിൽ ചുറ്റിക്കറങ്ങാൻ തുടങ്ങി. വണ്ടിയിൽ ഡ്രൈവറും മറ്റൊരാളും മാത്രമാണ് ഉണ്ടായിരുന്നത്.
ഇതേ തുടർന്ന് മേനക അവരോട് ദേഷ്യപ്പെടുകയും ഉടൻ തന്നെ ഭർത്താവ് സുരേഷ്‌കുമാറിനെ വിളിച്ച് വിവരമറിയിക്കുകയും ചെയ്തു. ഉടൻ തന്നെ സുരേഷ്‌കുമാർ ജോണി സാഗരികയെ ഇക്കാര്യം അറിയിച്ചു. ഇദ്ദേഹം വിവരം അറിഞ്ഞെന്ന് മനസിലായതോടെ അവർ ഹോട്ടലിനു മുന്നിൽ മേനകയെ ഇറക്കിവിടുകയായിരുന്നു. പക്ഷെ ആ ഹോട്ടലിൽ മേനകയ്ക്ക് മുറി ബുക്ക് ചെയ്തിരുന്നില്ല. തുടർന്ന് ജോണി മേനകയെ മറ്റൊരു ഹോട്ടലിൽ എത്തിക്കുകയായിരുന്നു.
വാനിൽ ഉണ്ടായിരുന്നത് ജോണിയുടെ ഡ്രൈവർ സുനിൽ കുമാർ ആയിരുന്നു. പിറ്റേന്ന് സുരേഷ്‌കുമാർ കൊച്ചിയിലെത്തി പോലീസിൽ പരാതി കൊടുത്തതോടെ സുനിൽ കുമാർ മുങ്ങി. ഇപ്പോൾ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയുടെ ചിത്രം കണ്ടപ്പോഴാണ് അത് പഴയ ഡ്രൈവർ സുനിൽ കുമാറാണെന്ന് ജോണി തിരിച്ചറിഞ്ഞത്. ഇക്കാര്യം സുരേഷിനെ ജോണി വിളിച്ച് അറിയിക്കുകയായിരുന്നു.
Post Your Comments