കൊച്ചി: കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു. ലാല്‍, ഭാര്യ, അമ്മ, മരുമകള്‍ എന്നിവരെ വ്യാഴാഴ്ച കോടതി വിസ്തരിച്ചു. പി.ടി. തോമസ് എം.എല്‍.എ, നിര്‍മാതാവ് ആന്റോ ജോസഫ്, നടി രമ്യാ നമ്പീശൻ, സഹോദരന്‍ രാഹുല്‍, ലാലിന്റെ സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാരന്‍ സുജിത്ത് എന്നിവരെ കോടതി വെള്ളിയാഴ്ച വിസ്തരിക്കും.
സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം, അതിക്രമത്തിനിരയായ നടിയുടെ സഹോദരനെയും കോടതി വിസ്തരിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പി.ടി. തോമസ് എം.എല്‍.എ.യുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റാനും സാധ്യതയുണ്ട്.
അതിക്രമം നേരിട്ടശേഷം നടി അഭയം പ്രാപിച്ചത് ലാലിന്റെ വീട്ടിലാണ്. അപ്പോള്‍ വീട്ടിലുണ്ടായിരുന്നവരെയാണ് കോടതിയില്‍ സാക്ഷിവിസ്താരം നടത്തിയത്. പ്രതിഭാഗം അഭിഭാഷകരും സാക്ഷികളെ ക്രോസ് വിസ്താരം നടത്തി.
ALSO READ: യുവ നടി ആക്രമിക്കപ്പെട്ട കേസ്: പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണ കോടതി ഇന്ന് പരിശോധിക്കും
കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദിലീപ് അടക്കം 10 പ്രതികളാണു വിചാരണ നേരിടുന്നത്. പ്രതികള്‍ പകര്‍ത്തിയ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങളാണ് കേസിലെ നിര്‍ണായക തെളിവ്. ദൃശ്യങ്ങളുടെ ആധികാരികത ബോധ്യപ്പെടാന്‍ ചണ്ഡീഗഢിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിച്ചതിന്റെ ഫലം വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും.
Post Your Comments