തിരുവനന്തപുരം: മേഘാലയക്കാരിയെ ട്രെയിൻ യാത്രയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ച മലയാളി സൈനികനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ സ്വദേശി സിംസൺ ആണ് അറസ്റ്റിലായത്. ഇയാൾ ഷില്ലോംഗിൽ അസാം റൈഫിൾസിലെ ജവാൻ ആണ്. മേഘാലയ മുതൽ ഇയാൾ തന്നെ ശല്യം ചെയ്യുന്നതായി യുവതി പരാതിപ്പെട്ടിരുന്നു.തിരുവനന്തപുരത്ത് ഒരു പ്രൊഫസറുടെ വീട്ടിൽ ജോലി ചെയ്യുന്ന 30 കാരിയായ യുവതിയാണ് പരാതിക്കാരി.
നാട്ടിലെത്തിയ ശേഷം പ്രൊഫസറുടെ വീട്ടുകാരുമായൊത്തു യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.ഗോഹട്ടി എക്സ്‌പ്രസിലെ എ.സി ടൂ ടയർ ബോഗിയിൽ ടിക്കറ്റ് റിസർവ് ചെയ്ത് കയറിയ യുവതിയെ അവിടെ നിന്ന് തന്നെ കയറിയ സിംസൺ ശല്യം ചെയ്യുകയായിരുന്നു.ആദ്യത്തെ രണ്ടു ദിവസം പീഡന ശ്രമം ഉണ്ടാകുകയും 17 നു പുലർച്ചെ താൻ ഉറങ്ങി കിടക്കുമ്പോൾ തന്നെ കടന്നു പിടിക്കുകയുമായിരുന്നു എന്നാണു യുവതിയുടെ പരാതി.
ബഹളം വെച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ലെന്നും ട്രെയിൻ എവിടെയെത്തിയെന്ന് അറിയില്ലായിരുന്നു എന്നും യുവതി മൊഴി നൽകി. ഇയാൾ എറണാകുളത്ത് ഇറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന കൂടുതൽ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എങ്കിലും പ്രതിയെ തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് പോലീസ് പറഞ്ഞു.
Post Your Comments