NewsBusiness

സംസ്ഥാനത്ത് പ്രവാസി നിക്ഷേപത്തില്‍ ഇടിവ് ഉണ്ടാകുമോയെന്ന് ആശങ്ക : ആശങ്കയ്ക്ക് ഇതാണ് കാരണം

കൊച്ചി : കേരളീയ സമ്പദ്ഘടനയുടെ ചാലക ശക്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രവാസി നിക്ഷേപത്തില്‍ ഇടിവുണ്ടായേക്കുമെന്ന ആശങ്ക സംസ്ഥാനത്തെ ബാങ്കിംഗ് ധനകാര്യ മേഖലകളില്‍ ശക്തമാകുന്നു. ഗള്‍ഫ് മേഖലയില്‍ എണ്ണ വില കുറഞ്ഞതും നിതാഖത്ത് കര്‍ക്കശമായി നടപ്പാക്കുന്നതും സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ക്ക് 10 ശതമാനം ഇന്‍കം ടാക്സ് ഏര്‍പ്പെടുത്താനുള്ള നീക്കവും എണ്ണ വിലയിടിവിനെ തുടര്‍ന്ന് കമ്പനികള്‍ പ്രതിസന്ധിയിലായതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ വര്‍ധനയുമൊക്കെ കേരളത്തിലേക്കുള്ള പ്രവാസി പണത്തിന്റെ ഒഴുക്കിന് വലിയ വിഘാതമായിത്തീരുമെന്നാണ് നിഗമനം.
റിസര്‍വ്വ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ അഞ്ച് മാസങ്ങളിലായി രാജ്യത്തെ ബാങ്കിംഗ് മേഖലയിലേക്ക് അയക്കപ്പെടുന്ന വിദേശ ഇന്ത്യക്കാരുടെ പണത്തില്‍ 55 ശതമാനം ഇടിവുണ്ടാതായാണ് സൂചന.

2015-16 വര്‍ഷം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 8.287 ബില്യണ്‍ ഡോളറാണ് എന്‍ആര്‍ഐ നിക്ഷേപമായി ഇന്ത്യയിലേക്ക് എത്തിയത് എന്നാണ്. നടപ്പ് സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ അത് 3.755 ബില്യണ്‍ ഡോളറായി കുറഞ്ഞു. 2015 ഓഗസ്റ്റില്‍ മൊത്തം എന്‍.ആര്‍.ഐ നിക്ഷേപം 130.079 ആയിരുന്നെങ്കില്‍ 2016 ഓഗസ്റ്റില്‍ അത് 119.349 ആയി കുറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള മൊത്തം പ്രവാസി വരുമാനത്തിന്റെ പകുതിയും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വെസ്റ്റ് ഏഷ്യന്‍ മേഖലയില്‍ നിന്നാണെന്നതും ഭാവിയിലെ പ്രവാസി വരുമാനം സംബന്ധിച്ച സംശയങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തുന്നു.
അതേസമയം പ്രവാസി മലയാളികള്‍ കേരളത്തിലെ ബാങ്കുകളിലേക്ക് അയക്കുന്ന പണത്തിന്റ തോതിന് ഇപ്പോഴും കാര്യമായ കുറവുണ്ടായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായ 2016 മാര്‍ച്ചില്‍ 135609 കോടി രൂപയായിരുന്ന പ്രവാസി നിക്ഷേപം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ മൂന്ന് മാസക്കാലയളവിനുള്ളില്‍ തന്നെ 7059 കോടി രൂപയുടെ വര്‍ധനയോടെ 142668 കോടി രൂപയായി ഉയര്‍ന്നിരിക്കുകയാണ്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 15720 കോടി രൂപയുടെ വര്‍ധന പ്രവാസി മലയാളികളുടെ നിക്ഷേപത്തില്‍ ഉണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26006 കോടി രൂപയുടെ കുതിപ്പാണ് അതിലുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button