യുവനടി ഭാവനയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ലാല്‍ രംഗത്ത്. അക്രമണത്തിന് ശേഷം നടി ഓടി എത്തിയത് കാക്കനാട് ലാലിന്റെ വീട്ടിലേക്കായിരുന്നു. വിവരങ്ങള്‍ അറിഞ്ഞ ശേഷം ലാല്‍ തന്നെയാണ് നടന്ന സംഭവം പൊലീസിനെ അറിയിക്കുന്നത്. ഐജി പി. വിജയനോടു ടെലിഫോണില്‍ കാര്യങ്ങള്‍ വിശദീകരിച്ചതോടെ ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര, അസി. പൊലീസ് കമ്മിഷണര്‍ എം. ബിനോയ് തുടങ്ങിയവര്‍ രാത്രി പന്ത്രണ്ടോടെ സംവിധായകന്റെ വീട്ടിലെത്തി നടിയോടു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അക്രമിസംഘം സഞ്ചരിച്ച വാഹനത്തെക്കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഒരു വിവരങ്ങളും ഇപ്പോള്‍ പുറത്തുവിടരുതെന്ന് പൊലീസില്‍ നിന്നും കര്‍ശനമായ നിര്‍ദ്ദേശമുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വൈകിട്ട് തന്നെ പിടികൂടാന്‍ സാധിക്കുമെന്ന ഉറപ്പ് പൊലീസ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ സംഭവവുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നെന്നും ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നടിയുടെ കാറോടിച്ചിരുന്ന മാര്‍ട്ടിന്‍ എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്.
അതേസമയം, നടിയുടെ മുന്‍ ഡ്രൈവറായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറാണ് കേസിലെ മുഖ്യപ്രതിയെന്നു പൊലീസ് അറിയിച്ചു. ഇയാളാണു തനിക്കു പകരം ഡ്രൈവറായി മാര്‍ട്ടിനെ നിര്‍ദേശിച്ചത്. മാല മോഷണം, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയാണു പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍കുമാര്‍. ഇന്നലെ രാത്രി തന്നെ നടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണു സംശയം. മാര്‍ട്ടിനും സുനില്‍കുമാറും തമ്മില്‍ നാല്‍പ്പതിലേറെത്തവണ ഫോണ്‍ വിളിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ മാര്‍ട്ടിന്‍ പലവട്ടം സുനിയുമായി ഫോണില്‍ സംസാരിച്ചതിനു തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒട്ടേറെ എസ്എംഎസുകളും അവര്‍ തമ്മില്‍ അയച്ചിട്ടുണ്ട്. കാര്‍ ഓടിക്കുന്നതിനിടെ മാര്‍ട്ടിന്‍ ആര്‍ക്കോ എസ്എംഎസ് അയയ്ക്കുന്നത് കണ്ടതായി നടി മൊഴി നല്‍കി. ക്വട്ടേഷന്‍ അംഗങ്ങളെന്ന പേരിലാണു ഭീഷണിപ്പെടുത്തിയതെന്നും മൊഴിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് പ്രതികള്‍ക്കു ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തൃശൂരില്‍ നിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുമ്പോള്‍ ഇന്നലെ രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. അങ്കമാലി അത്താണിക്കു സമീപം കാര്‍ തടഞ്ഞുനിര്‍ത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടര്‍ന്നെന്നാണു നടി പൊലീസിനു നല്‍കിയ മൊഴി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തില്‍ കടന്നുകളഞ്ഞു. ഈ വാഹനം അത്താണി മുതല്‍ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഫിലിം യൂണിറ്റിന്റെ വാഹനത്തിലാണു നടി കൊച്ചിയിലേക്കു വന്നിരുന്നത്.
Post Your Comments