കര്‍ണ്ണാടക : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടികളുടെ സ്വത്തുക്കള്‍ക്ക് ഇനി പുതിയ അവകാശി. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിയോടെ കോടികളുടെ സമ്പത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ ഖജനാവിലെത്തും. ഇതിൽ ചെരിപ്പുകളും, സാരികളും, സ്വര്‍ണ്ണാഭരണങ്ങളും, മറ്റ് ആസ്തികളും ഉൾപെടും.
ചെന്നൈയില്‍ ജയലളിതയുടെ ഉടമസ്ഥതയിലുള്ള വീട്ടിലും ഓഫിസിലും 1996ലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. മൂന്നര കോടി വിലവരുന്ന 21.28 കിലോ സ്വര്‍ണാഭരണം, 3,12 കോടി വിലവരുന്ന 1,250 കിലോ വെള്ളിയാഭരണങ്ങള്‍, രണ്ടു കോടിയുടെ വജ്രാഭരണങ്ങള്‍, 10,500 സാരികള്‍, 750 ജോടി ചെരിപ്പുകള്‍, 500 വൈന്‍ ഗ്ലാസുകള്‍, 91 ആഡംബര വാച്ചുകള്‍ തുടങ്ങിയവ റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു.
തുടർന്ന് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റി. ഇതേ തുടർന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത വസ്തുക്കള്‍ കര്‍ണാടക സര്‍ക്കാറിന് കൈമാറുകയായിരുന്നു.
ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടെ രണ്ടാംനിലയിലെ പ്രത്യേക മുറിയിലാണ് അന്ന് തൊട്ട് ഇവ സൂക്ഷിക്കുന്നത്. പ്രതികള്‍ കുറ്റക്കാരെന്ന് സുപ്രീംകോടതി കണ്ടത്തെിയതോടെ ജയലളിതയില്‍നിന്ന് പിടിച്ചെടുത്ത കോടികളുടെ വസ്തുക്കള്‍ തമിഴ്‌നാടിന് കൈമാറുമെന്ന് കര്‍ണാടക അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ എ.എസ്. പൊന്നമ്മ പറഞ്ഞു. ഇതിനായി തമിഴ്‌നാട് സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കണം. ബംഗളൂരുവിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നതെങ്കിലും കോടതി ചെലവുകളും തമിഴ്‌നാട് നല്‍കേണ്ടതുണ്ട്.
Post Your Comments