NewsIndia

ജയിലിൽ ശശികലയുടെ ആദ്യ ദിവസം ഇങ്ങനെ

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയ ശശികലയുടെ ആദ്യ ദിവസം ഇങ്ങനെ. വെറും നിലത്താണ് ആദ്യ ദിവസം കിടന്നുറങ്ങിയത്. പരനപ്പന അഗ്രഹാര ജയിലില്‍ 9234-ാം നമ്പര്‍ തടവുകാരിയായ ശശികലയ്ക്ക് ആദ്യ ദിവസം പ്രത്യേക പരിഗണനകളൊന്നും ലഭിച്ചില്ല. ശശികലയെ രണ്ടുപേര്‍ക്കുള്ള തടവുമുറിയിലാണ് പാര്‍പ്പിച്ചത്. കൂടെയുള്ളത് സഹോദര ഭാര്യ ഇളവരശി ആണോ, മറ്റേതെങ്കിലും തടവുകാരിയാണോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ശശികല ഇന്ന് പുലര്‍ച്ചെ കുറച്ചു സമയം ധ്യാനിച്ചതായും പിന്നീട് പുളിസാദവും ചമ്മന്തിയും അടക്കമുള്ള പ്രാതല്‍ കഴിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ശശികലയ്ക്ക് കിടക്കുന്നതിന് കട്ടില്‍ അനുവദിക്കുന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ ഇന്ന് തീരുമാനമെടുത്തേക്കും.

ഇന്നലെ വൈകിട്ടാണ് ശശികല ജയിലിലെത്തിയത്. ആദ്യം തന്നെ അവർ ആവശ്യപ്പെട്ടത് ക്ലാസ്-1 മുറി അനുവദിക്കണമെന്നായിരുന്നു. ക്ലാസ്-1 തടവുമുറിയില്‍ ടെലിവിഷന്‍, വീട്ടിലുണ്ടാക്കിയ ഭക്ഷണം, തുടങ്ങിയവ ലഭിക്കും. തനിക്ക് പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായും അതിനാല്‍ 24 മണിക്കൂര്‍ വൈദ്യസഹായവും ധ്യാനിക്കുന്നതിനുളള സൗകര്യവും ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശശികലയുടെ ഈ ആവശ്യങ്ങള്‍ അപ്പോള്‍ത്തന്നെ നിരാകരിക്കപ്പെട്ടു.

ശശികലയ്ക്ക് ഒരുവിധത്തിലുള്ള പ്രത്യേക പരിഗണനകളും ലഭിക്കില്ലെന്നും ക്രമേണ ജയിലിലെ സാഹചര്യങ്ങളോട് അവര്‍ പൊരുത്തപ്പെടുമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ശശികലയ്ക്ക് ജയിലില്‍ മെഴുകുതിരി നിര്‍മാണ ജോലിയാണ് ലഭിക്കാൻ സാധ്യത. 2014ല്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ഈ കേസില്‍ ശശികല ജയലളിതയ്‌ക്കൊപ്പം ഇതേ ജയിലില്‍ മൂന്ന് ആഴ്ച കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button