KeralaNews

പല്ല് അടിച്ചു കൊഴിക്കും; മന്ത്രി സുധാകരൻ

ഗുരുവായൂര്‍: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജി.സുധാകരൻ. ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ പല്ല് അടിച്ചുകൊഴിക്കുമെന്ന് ജി. സുധാകരന്‍ പറഞ്ഞു. ഡെമോക്രസിക്ക് മേലെയല്ല ബ്യൂറോക്രസിയെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയാല്‍ നന്നെന്നും സര്‍ സി.പി.യുടെ മൂക്കരിഞ്ഞ നാടാണിതെന്നുകൂടി ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗുരുവായൂരില്‍ പൊന്നാനി ദേശീയപാതയുടെ നവീകരണ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമർശനം ഉന്നയിച്ചയിച്ചത്.

സെക്രട്ടേറിയറ്റില്‍ കൈക്കൂലി വാങ്ങിയ ഉന്നത ഉദ്യോഗസ്ഥയെ ഉടനടി സസ്‌പെന്‍ഡ് ചെയ്ത നടപടി പരാമര്‍ശിച്ചായിരുന്നു തുടക്കം. സർക്കാർ ഇത്തരക്കാരെയൊന്നും വെച്ചുകൊണ്ടിരിക്കില്ല. മാത്രമല്ല സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നവര്‍ വിരമിക്കുംവരെ അവിടെത്തന്നെ കഴിഞ്ഞുകൂടാമെന്ന് വ്യാമോഹിക്കേണ്ട. സ്വന്തം മേശപ്പുറത്ത് ഫയലുകൾ കുന്നുകൂടുമ്പോള്‍ അതിന്റെ സൗന്ദര്യം നോക്കിയിരിക്കുന്ന ഏര്‍പ്പാട് നടപ്പില്ലെന്നും പഠിച്ചതേ പാടൂ എന്ന ചിന്ത ഉദ്യോഗസ്ഥര്‍ മാറ്റിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും മന്ത്രി കണക്കിനു വിമർശിച്ചു. നാട്ടിൽ റോഡുപണിക്ക് ടാര്‍ കുറഞ്ഞപ്പോള്‍ പകരം കരിവാരിത്തേച്ച് സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ച ഉദ്യോഗസ്ഥരുണ്ട്. ഒരു കലയായി വേണം റോഡുപണിയുന്നതും പാലംപണിയുന്നതും കണക്കാക്കാൻ. അത് വെട്ടിപ്പിനുള്ള മാര്‍ഗമായി കരുതുന്നതാണ് അപകടം. ഇനി റോഡുപണികള്‍ക്ക് ജനപ്രതിനിധികളും പ്രദേശവാസികളും ചേര്‍ന്ന് കമ്മിറ്റിയുണ്ടാക്കി സോഷ്യല്‍ ഓഡിറ്റ് നടത്തുമെന്നും അവര്‍ നല്ലതെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമതി അതിന്റെ ഉദ്ഘാടനച്ചടങ്ങുകളെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button