KeralaNews

ബി.ജെ.പിയുമായി ഇനിയൊരു ബന്ധവുമില്ല – വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം•വാഗ്ദാനങ്ങള്‍ ലംഘിച്ച ബി.ജെ.പിയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നല്‍കിയ വാഗ്ദാനങ്ങളൊക്കെ ലംഘിച്ച ബി.ജെ.പിയുമായി ഇനി ഒരു ബന്ധവുമില്ല, തനിക്ക് തന്റെ വഴിയെന്നും മംഗളം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ബി.ഡി.ജെ.എസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിക്കും ബി.ഡി.ജെ.എസ്സിനും മനസുകൊണ്ടുപോലും അലിഞ്ഞു ചേരാനായിട്ടില്ല. അവര്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ താല്‍പ്പര്യമില്ല. എല്ലാക്കാര്യത്തിലും തനിപ്പിടി എന്ന നിലപാടില്‍ നില്‍ക്കുന്ന ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ എന്തോ കുഴപ്പമുണ്ട്. ഈ ബന്ധം ഭാവിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി.ജെ.എസിന് ബി.ജെ.പി നല്‍കിയ വാദ്ഗാനങ്ങളെക്കുറിച്ച് തനിക്കറിയില്ല. എന്നാല്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരു നല്‍കാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതാണ്. കൊല്ലത്തു നടന്ന പൊതുചടങ്ങിനെത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പായതിനാല്‍ പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും ഉടന്‍ ഇക്കാര്യം നടപ്പാകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. പലതവണ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഗണിച്ചിട്ടില്ല. യോഗത്തിന് നല്‍കിയ ഒരു ഉറപ്പുപോലും പാലിച്ചിട്ടില്ല. സംവരണ വിഷയത്തില്‍ ബി.ജെപി.യുടേത് പിന്നാക്ക വിരുദ്ധ നിലപാടാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

അതേസമയം വാഗ്‌ദാനങ്ങളില്‍നിന്നും ബി.ജെ.പി നേതൃത്വം പുറകോട്ടു പോകുന്നതിലുള്ള പ്രതിഷേധമറിയിക്കാന്‍ ബി.ഡി.ജെ.എസ്‌. സംസ്‌ഥാന പ്രസിഡന്റും എന്‍.ഡി.എ. ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായെ കാണും. ഈ മാസം അവസാനം ഡല്‍ഹിയിലാണു കൂടിക്കാഴ്‌ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button