എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ സൂര്യ ഗായത്രിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
ലോ കോളജ് സമരരംഗത്തു നിന്നുള്ള നാണംകെട്ട ഒളിച്ചോട്ടത്തിന് ശേഷവും എസ്.എഫ്.ഐ വാര്‍ത്തകളില്‍ നിറയുകയാണ്. ഇക്കുറിയും ‘സെല്‍ഫ് ഗോള്‍ ‘ ആണെന്ന് മാത്രം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടത്തിയ ‘സദാചാര ഗുണ്ടായിസം’ എസ്.എഫ്.ഐയെ തെല്ലൊന്നുമല്ല പ്രതിരോധത്തിലാക്കുന്നത്. കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ”പൈശാചികവും മൃഗീയവുമായ” പ്രവര്‍ത്തിയാണ് എസ്.എഫ്.ഐ അവിടെ കാട്ടിയതെന്ന് പറയേണ്ടി വരും. നാടകം കാണാന്‍ ആണ്‍സുഹൃത്തിനൊപ്പം ഒരു ബെഞ്ചില്‍ ഇരുന്നതിന്റെ പേരില്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടിയേയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശരാക്കി. മര്‍ദ്ദനമേറ്റവരില്‍ ഒരാളായ സൂര്യ ഗായത്രിയാകട്ടേ , സജീവ എസ്.എഫ്.ഐ പ്രവര്‍ത്തകയും ! സാംസ്കാരിക കേരളം അതിവൈകാരികമായാണ് ഈ സംഭവത്തോട് പ്രതികരിച്ചത് തന്നെ. ഇടതുപക്ഷ സഹയാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ എസ്.എഫ്.ഐയെ തള്ളിപ്പറഞ്ഞു. പ്രത്യേകിച്ചും യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റിനെതിരെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്ത് വന്നു. ഈ സാഹചര്യത്തില്‍ , എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസത്തിനിരയായ സൂര്യ ഗായത്രിയുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.
? അന്ന് എന്താണ് നടന്നത്?
? നാടകം കാണാൻ ഞാനും എൻറെ സുഹൃത്തുക്കളുമായി കോളേജിൽ പോകുകയും ഓപ്പൺ സ്റ്റേജിന്റെ പിൻ കസേരകളിൽ ഇരിക്കുകയും ചെയ്തു. ഞങ്ങളുടെ അടുത്താണ് ജിജീഷ് എന്ന സുഹൃത്ത് ഇരുന്നത്. ആ സമയം, മൂന്നു എസ്.എഫ്.ഐക്കാർ വന്നു ജിജീഷിനെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. തിരിച്ചു വന്ന അവനും ഞങ്ങളും കോളേജിനു പുറത്തേക്ക് പോകവേ യാതൊരു പ്രകോപനവുമില്ലാതെആ മൂന്നുപേർ ഉൾപ്പെടെ പതിനഞ്ചോളം എസ്.എഫ്.ഐ ക്കാർ ചേർന്ന് ഞങ്ങളെ ആക്രമിക്കുകയായിരുന്നു. ഞങ്ങള്‍ പെണ്‍കുട്ടികളെ അടിച്ചു ഗേറ്റിനു പുറത്താക്കി. എന്നിട്ട് അവനെ അകത്തു വച്ച് മര്‍ദ്ദിച്ചു.
? എസ്.എഫ്.ഐ നേതാക്കള്‍ പറയുന്നത് ഉപദ്രവിച്ചിട്ടില്ല എന്നാണ്. മാത്രമല്ല മറ്റു ചില ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുകയും ചെയ്തു?
? പൊതുവായി പറഞ്ഞുകേട്ട ആരോപണങ്ങൾക്ക് വ്യക്തമായി മറുപടി പറഞ്ഞുകൊള്ളട്ടെ….
?ആരോപണം 1.
പൊളിറ്റ്ക്സ് ഡിപ്പാർട്ട്മെൻറിലെ ക്ലാസിനകത്തായിരുന്നു പ്രശ്നം നടന്നത്…
✍സത്യാവസ്ഥ
പൊളിറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ പരിസരത്തുപോലും ഞങ്ങൾ പോയിട്ടില്ല. ഈ പ്രശ്നത്തിൻറെ തുടക്കം പരിപാടി നടക്കുന്ന ആൾക്കൂട്ടമുള്ള സ്റ്റേജ് പരിസരത്തു വച്ചായിരുന്നു. അവിടെ ഞങ്ങൾ ഇരിക്കുന്നതും എസ്.എഫ്.ഐ പ്രവര്‍ത്തകരായ മൂന്നുപേർ ജിജീഷിനെ വിളിച്ചുകൊണ്ടുപോകു ന്നതിനും സാക്ഷികൾ ഉണ്ട്. അതിനുശേഷം പുറത്തേക്കിറങ്ങിയ ഞങ്ങളെ കൊടിമരത്തിൻറെ ചുവട്ടിൽ വച്ചു യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു.
?ആരോപണം 2
ജിജീഷിനെ ഉപദ്രവിച്ചിട്ടില്ല
✍സത്യാവസ്ഥ :
ഉപദ്രവിച്ചിട്ടില്ലെങ്കിൽ പിന്നെങ്ങനെയാണ് കോളേജിൽ നിന്നും പുറത്തിറങ്ങിയ അവൻറെ ശരീരത്തിൽ ഇത്രയും പാടുകളും നീരുകളും? ഞങ്ങളെ ഗേറ്റിന് പുറത്താക്കിയശേഷം അവനെ റൂമിനകത്തെ ബഞ്ചില്‍ കിടത്തി വെള്ളം കൊടുത്തത് എന്തിനായിരുന്നു? വഴിയിൽ കൂടി പോകുന്നവരെ കിടത്തി വെള്ളം കുടിപ്പിക്കുന്ന ശീലം എസ്.എഫ്.ഐക്ക് ഉണ്ടോ?
?ആരോപണം – 3
ഞങ്ങളെ ഉപദ്രവിച്ചിട്ടില്ല.
✍സത്യാവസ്ഥ
ഞങ്ങളെ ഉപദ്രവിക്കാതെ എങ്ങനെയാണ് കോളേജിൽ നിന്നും പുറത്തിറങ്ങി ജനറൽ ആശുപത്രിയിൽ പോയ ഞങ്ങൾക്ക് ചതവുണ്ടെന്നു ഡോക്ടർ പറഞ്ഞത്..? വൈസ് പ്രിൻസിപ്പലിന്റെയും പല വ്യക്തികളുടെയും മുന്നിൽ വച്ചായിരുന്നു ഞങ്ങളെ അവർ ഉപദ്രവിച്ചതും അശ്ലീലം പറഞ്ഞതും.
?ആരോപണം – 4
സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെ പറ്റി പ്രചരിപ്പിക്കുന്ന ഫോട്ടോസ്
✍സത്യാവസ്ഥ
ഇത് അവര്‍ ചൂഴ്ന്നെടുത്ത ഫോട്ടോയൊന്നും അല്ല. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അസ്മിത പബ്ലിക്കായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. കോളേജിനകത്തു നിന്നു ഫോട്ടോയെടുക്കാൻ പാടില്ലന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. സുഹൃത്തുക്കളുടെ അടുത്തു നിൽക്കുന്ന ഫോട്ടൊയെടുത്തുള്ള പ്രചരണം അത്രമേൽ ദുഃഖമാണ്.
?യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റിനെതിരെ ഇടതുപക്ഷ സഹയാത്രികര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നുകഴിഞ്ഞു?
? യൂണിവേഴ്സിറ്റി കോളേജിനകത്തെ എസ്.എഫ്.ഐ ഏകാധിപത്യമനോഭാവം പുലർത്തുന്നവരാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. എതിർത്ത് സംസാരിക്കുന്നവരെ പലപ്പോഴും ആക്രമിക്കുന്നതിനും സാക്ഷിയായിട്ടുണ്ട്. ഇത്തരം അനീതികളെ ചോദ്യം ചെയ്തതിൻറെ വൈരാഗ്യം എന്നോടും അവർക്കുണ്ടായിരുന്നു. അശ്ലീലങ്ങളും സ്ത്രീവിരുദ്ധതയും അസഭ്യങ്ങളും ഇവരുടെ നിലപാടുകളാണ്. ഇക്കാര്യത്തില്‍ സത്യം മനസിലാക്കി ഒപ്പം നിന്നവരോട് ഏറെ നന്ദിയുണ്ട്.
?സംഭവം വിവാദമായതിന് ശേഷം എസ്.എഫ്.ഐ നേതാക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?
? കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ ഒരു അന്വേഷണത്തിനും ഞങ്ങളെ ബന്ധപ്പെട്ടിരുന്നില്ല. അത് മാത്രമല്ല, സംസ്ഥാന പ്രസിഡന്റ് ജെയ്ക്കില്‍ നിന്നും ഞങ്ങൾക്ക് അപമാനവും വേദനയുമാണ് ചാനൽചർച്ചയിലൂടെ ഉണ്ടായതും. എന്നാല്‍ മറ്റു കോളേജുകളിലെ എസ്എഫ്ഐ പ്രവര്‍ത്തകരും നേതാക്കളും ഞങ്ങളെ ബന്ധപ്പെടുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. കൂടാതെ , എസ്എഫ്ഐ ദേശീയ പ്രസിഡന്റ് പി. സാനു വിന്റെ നിലപാട് ഏറെ ആശ്വാസകരമാവുകയും ചെയ്തു.
? ഇനി എങ്ങനെയാണ് മുന്നോട്ട്…. മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ?
? തല്ക്കാലം ഇല്ല. എസ്എഫ്ഐയില്‍ തന്നെ ഉറച്ച് നില്ക്കും. പക്ഷേ, ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യം ഞങ്ങളുടെ നിലപാടുകള്‍ പറയാനുള്ള വേദികളാണ്. അത്തരം അവസരം ആര് നല്കിയാലും സഹകരിക്കും. അതേസമയം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റിനെതിരെ നിയമപരമായി തന്നെ മുന്നോട്ടു പോകുകയാണ്. കാരണം ഞങ്ങൾക്കവിടെ സമാധാനത്തോടെ പഠിക്കണം. ഇനിയാരും ഇങ്ങനെയുള്ള ഫാസിസത്തിന് ഇരയാവരുത്. എസ്.എഫ്.ഐയിലെ സദാചാരഗുണ്ടകളെയും കള്ളനാണയങ്ങളെയും പുറത്താക്കണം. ആ പ്രസ്ഥാനത്തിൽ വിശ്വാസിക്കുന്നവർക്ക് നീതി ലഭിക്കണം.
ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികൂടിയായ സൂര്യ ഗായത്രിയുടെ വാക്കുകളില്‍ നിറഞ്ഞത് ദൃഡനിശ്ചയം തന്നെയായിരുന്നു. താന്‍ വിശ്വസിക്കുന്ന സംഘടനക്ക് തെറ്റുപറ്റിയപ്പോള്‍ അത് തുറന്ന് പറയാനുള്ള ആര്‍ജ്ജവം… സംഘടനക്ക് ഉള്ളില്‍ നിന്നുകൊണ്ടു തന്നെ സംഘടനയെ നന്നാക്കി എടുക്കണമെന്ന വാശി… ഇത്തരം നിലപാടുകള്‍ എടുക്കുന്ന വിദ്യാര്‍ത്ഥി സമൂഹമാണ് നാളെയുടെ പ്രതീക്ഷയും.
Post Your Comments