NewsIndia

കള്ള നോട്ട് തിരിച്ചറിയാൻ റിസർവ് ബാങ്കുമായി കൈകോർത്ത് ബി.എസ്.എഫ്

കൊല്‍ക്കത്ത: കള്ള നോട്ട് കണ്ടുപിടിക്കാൻ റിസർവ് ബാങ്കുമായി കൈകോർത്ത് ബി.എസ്.എഫ്. രണ്ടായിരം രൂപയുടെ കള്ളനോട്ട് അതിര്‍ത്തിയില്‍ വ്യാപകമായതോടെ യഥാര്‍ഥ നോട്ടും കള്ളനോട്ടും കണ്ടാല്‍ തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് പരിശീലനം നല്‍കാന്‍ ബി.എസ്.എഫ് ഒരുങ്ങുന്നു. റിസര്‍വ് ബാങ്ക് അധികൃതരുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് വരികയാണെന്ന് ബി.എസ്.എഫ് അറിയിച്ചു.

ഏറ്റവും കൂടുതൽ കള്ളനോട്ട് ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് എത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. ഉറക്കമില്ലാത്ത രാത്രികളാണ് അര്‍ധസൈനിക വിഭാഗവും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും 2000 ത്തിന്റെ കള്ളനോട്ട് കെട്ട് സമ്മാനിക്കുന്നത്. പുതിയ രണ്ടായിരം രൂപ നോട്ടിൽ നിരവധി സുരക്ഷാ പ്രത്യേകതകളുണ്ട്. പുതിയ നോട്ടില്‍ 17 പ്രത്യേകതകളാണുള്ളത്. പക്ഷെ ഇതിനോടകം ഇതിന്റെ പകുതി സവിശേഷതകള്‍ അതുപോലെ ചേര്‍ത്തിട്ടുള്ള വ്യാജനോട്ടുകളാണ് വിപണിയില്‍ കണ്ടെത്തിയിരിക്കുന്നത്.

അതിനാൽ ഒര്‍ജിനലും വ്യാജനും തമ്മില്‍ തിരിച്ചറിയാന്‍ നല്ല പരിശീലനം ആവശ്യമാണ്. അതുകൊണ്ടാണ് തങ്ങള്‍ ഇതിനായി ആര്‍.ബി.ഐയെ തന്നെ ബന്ധപ്പെട്ടതെന്ന് ഒരു മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് രണ്ടായിരം രൂപയുടെ നാല്‍പത് കള്ളനോട്ടുമായി യുവാവിനെ അധികൃതര്‍ പിടികൂടിയിരുന്നു.

യഥാര്‍ത്ഥ നോട്ടില്‍ നിന്നും ഒട്ടും മാറ്റമില്ലാതെ വാട്ടര്‍മാര്‍ക്ക് അടക്കം വെച്ച് പുറത്തിറക്കിയ രണ്ടായിരം നോട്ട് തിരിച്ചറിയുകയെന്നതും ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥരെ തന്നെ നോട്ട് പരിശോധനയ്ക്ക് നിയോഗിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button