ചെന്നൈ: തമിഴ്നാട്ടില്‍ രാഷ്ട്രീയ തമ്മിലടി രൂക്ഷമാകുമ്പോള്‍ പനീര്‍ശെല്‍വവും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും കൂടിക്കാഴ്ച നടത്തി. ഭരണപ്രതിസന്ധിയ്ക്ക് അറുതി വരുത്താന്‍ ചെന്നൈയില്‍ എത്തിയതാണ് ഗവര്‍ണര്‍. എല്ലാം ശരിയാകുമെന്ന് പനീര്‍ശെല്‍വം കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. ഏഴരയ്ക്ക് ശശികലയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തും.
ഇരുവരുടെയും കൂടിക്കാഴ്ച നിര്‍ണായകമാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് പനീര്‍ശെല്‍വം പറഞ്ഞു. നീതി നടപ്പാകും. തനിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും പനീര്‍ശെല്‍വം പ്രതികരിച്ചു. നേരത്തെ നല്കിയ രാജി പിന്‍വലിക്കുന്ന കാര്യം പനീര്‍ശെല്‍വം ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചയില്‍ അറിയിച്ചുവെന്നാണ് വിവരം.
പത്ത് മിനിറ്റ് മാത്രം നീണ്ടുനിന്ന കൂടിക്കാഴ്ച്ചയ്ക്ക് അണ്ണാഡിഎംകെ മുതിര്‍ന്ന നേതാവ് പിച്ച് പാണ്ഡ്യനും അഞ്ച് എംഎല്‍എമാരും പനീര്‍ശെല്‍വത്തിനൊപ്പം രാജ്ഭവനില്‍ എത്തിയിരുന്നു. നേരത്തെ അഞ്ച് മണിയ്ക്കാണ് ശശികലയുമായുള്ള കൂടിക്കാഴ്ച്ച നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് സമയം മാറ്റുകയായിരുന്നു. ഒ പനീര്‍ശെല്‍വത്തെ മാറ്റി ശശികല മുഖ്യമന്ത്രിയാകാന്‍ നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ നിലവിലെ ഭരണ പ്രതിസന്ധിയ്ക്ക് കാരണമായത്.
Post Your Comments