ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയും പലപ്പോഴും വിസ്മയത്തോടെ മാത്രം കണ്ടിരുന്നവരാണ് ക്രിക്കറ്റ് പ്രേമികള്‍. ഇരുപത് ഓവര്‍ മത്സരമായ ട്വന്റി20 കുട്ടിക്രിക്കറ്റില്‍ ഒറ്റക്ക് മൂന്നൂറ് കടക്കുക എന്നത് ഒരു ബാറ്റ്‌സ്മാന് സ്വപ്‌നത്തില്‍പോലും ചിന്തിക്കാനാകാത്തതാണ്.
എന്നാല്‍ 73 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യയിലെ ഒരു യുവ ക്രിക്കറ്റ് താരം. ഡല്‍ഹി സ്വദേശിയായ മോഹിത് അഹ്ലാവത് ആണ് റെക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ച ഈ താരം. ഡല്‍ഹിയിലെ പ്രാദേശിക ടീമുകള്‍ തമ്മിലുള്ള മത്സരത്തിലാണ് മോഹിത് ചരിത്ര നേട്ടം കുറിച്ചത്.
72 പന്തുകളില്‍ നിന്നുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മോഹിത് 300 റണ്‍സ് തികച്ചത്. 39 സിക്‌സറുകളും 14 ബൗണ്ടറികളും അടങ്ങിയതായിരുന്നു മോഹിത്തിന്റെ ഇന്നിംഗ്‌സ്. 19 ആം ഓവര്‍ തുടങ്ങുമ്പോള്‍ മോഹിത് 266 റണ്‍സെന്ന നിലയിലായിരുന്നു. അവസാന ഓവറില്‍ 34 റണ്‍സ് കൂടി അടിച്ചെടുത്താണ് കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി നേട്ടം മോഹിത് സ്വന്തമാക്കിയത്. മോഹിത്തിന്റെ മികവില്‍ ടീം, 416 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.
Post Your Comments