മനാമ : അഞ്ചു വയസ്സുകാരനായ വിദ്യാർത്ഥി സ്കൂൾ ബസിൽ മരണമടഞ്ഞ സംഭവത്തിൽ കുട്ടിയുടെ കുടുംബത്തിന് സ്വകാര്യ സ്കൂൾ 49,000 ദിനാർ നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവിട്ടു. 2013 സെപ്റ്റംബർ 19ന് ആയിരുന്നു സംഭവം.റാഷിദ് ഫദൽ ബുസുഹൈറ എന്ന കുട്ടി സ്കൂൾ ബസിൽ ഉള്ളത് ശ്രദ്ധിക്കാതെ ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോയി. തുടർന്ന് 40 ഡിഗ്രി ചൂടിൽ കുട്ടി ശ്വാസം കിട്ടാതെ മരണമടയുകയായിരുന്നു.അൽ റവാബി സ്കൂളിലാണ് സംഭവമുണ്ടായത്. കുട്ടി ഉറങ്ങിപ്പോയിരുന്നു.
ഡ്രൈവറും മറ്റു ജീവനക്കാരും ബസിൽ പരിശോധന നടത്താതെ ബസ് ലോക്ക് ചെയ്തു പോകുകയായിരുന്നു.മൂന്നര മണിക്കൂറോളം കുട്ടി ബസിനുള്ളിൽ അകപ്പെട്ടു. ഭയവും, പരിഭ്രാന്തിയും, കരച്ചിലും, തളർച്ചയുമാണ് മരണകാരണമായി പറയുന്നത്.റാഷിദ് തന്റെ ഇരട്ട സഹോദരൻ അബ്ദുള്ളയോടൊപ്പമാണ് സ്കൂൾ ബസിൽ സ്കൂളിലേക്ക് പോയത്. വഴിയ്ക്കു വെച്ച് റാഷിദ് ഉറങ്ങിപ്പോകുകയായിരുന്നു. സഹോദരൻ ഉറങ്ങുകയായിരുന്നെന്ന് അബ്ദുള്ള അധ്യാപികയെ ധരിപ്പിച്ചെങ്കിലും സ്കൂൾ അധികൃതർ ഇതേക്കുറിച്ച് കൂടുതലായി ഒന്നും അന്വേഷിച്ചില്ല.
കേസിൽ സ്കൂൾ ഉടമസ്ഥൻ, മാനേജർ, നഴ്സറി സ്കൂൾ പ്രിൻസിപ്പൽ, ബസിന്റെ മേൽനോട്ടം വഹിക്കുന്ന രണ്ടുപേർ, ഡ്രൈവർ, റാഷിദിന്റെ അദ്ധ്യാപിക എന്നിവരെയാണ് പ്രതി ചേർത്തിരുന്നത്. ഇതിൽ മൂന്നു പേരെ മാത്രമേ കുറ്റക്കാരായി കോടതി വിധിച്ചുള്ളു. കരുതിക്കൂട്ടിയുള്ള കൊലപാതകം അല്ലാത്തതിനാലായിരുന്നു മറ്റുള്ളവരെ വിട്ടയച്ചത്.
സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിർദ്ദേശിച്ചിരുന്നു. റാഷിദിന്റെ കുടുംബത്തെ പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു.ബസ് ഡ്രൈവർക്ക് രണ്ടു വർഷവും, അധ്യാപികയ്ക്ക് ഒരു വർഷവും, ബസിന്റെ മേൽനോട്ട ചുമതലയുള്ള രണ്ടുപേർക്ക് ആറുമാസം വീതവും ജയശിക്ഷ വിധിച്ചു.
Post Your Comments