തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നതല്ലാതെ രാജിവയ്ക്കില്ലെന്ന് ആവർത്തിച്ച് ലക്ഷ്മി നായർ. പഠിക്കേണ്ട സമയത്ത് പ്രണയം വേണ്ടെന്ന് കുട്ടികളോട് പറഞ്ഞതിന്റെ ഫലമാണ് താൻ അനുഭവിക്കുന്നത്.തന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവര്‍ തന്നെയാണ് തനിക്കെതിരെ നിൽക്കുന്നത്. ലോ അക്കാദമിയെ ലൗ അക്കാദമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നവരാണ് സമരത്തിനു പിന്നിലെന്നും ലക്ഷ്മി നായർ ആരോപിക്കുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.കുട്ടികള്‍ക്ക് നല്ലതു വരണമെന്ന ഉദ്ദേശത്തോടുകൂടി കോളജിനുള്ളില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയതു ചിലര്‍ക്ക് ഇഷ്ടമായില്ല. സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവും കോളേജിൽ പഠിക്കാന്‍ വരാത്തവരാണ്. പലരും ഹാജരില്ലാത്തതുകൊണ്ടും പരീക്ഷകള്‍ എഴുതാത്തതുകൊണ്ടും കോളേജിൽ നിന്നും പുറത്തായവരാണ്. ഏതു സമയവും വിദ്യാര്‍ത്ഥികള്‍ക്ക് താനുമായി സംസാരിക്കാനുള്ള അനുവാദമുണ്ടായിരുന്നതായും ലക്ഷ്മി നായര്‍ പറയുകയുണ്ടായി. സഹായം ലഭിച്ചവര്‍ മാത്രമാണ് ഇന്ന് തനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത്. പ്രധാനമായും മൂന്നു വിദ്യാര്‍ത്ഥികളാണ്, കെ.എസ്.യു. നേതാവായ നിഹാല്‍, എം.എസ്.എഫുകാരനായ അന്‍സിഫ്, എ.ബി.വി.പി. പ്രവര്‍ത്തകന്‍ ഷിമിത്ത്. ഇവര്‍ മൂന്നു പേര്‍ക്കും അനര്‍ഹമായ സഹായം ഞാന്‍ ചെയ്തു കൊടുത്തിട്ടുണ്ട്.
ഇപ്പോള്‍ നിരാഹാരം കിടക്കുന്ന കെ. മുരളീധരന്‍ എംഎല്‍എ. നല്‍കിയ ശിപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ നിരവധിപ്പേര്‍ക്കു കോളജില്‍ പ്രവേശനം നല്‍കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. അതത് വിഷയത്തിലെ അദ്ധ്യാപകര്‍ നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കില്‍ ഞാന്‍ ഇടപെടാറില്ല. വിദ്യാര്‍ത്ഥികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തന്റെ മുന്നിലെത്തുമ്പോൾ മാത്രമാണ് മാര്‍ക്ക് താൻ അറിയുന്നത്. ഇന്റേണല്‍ മാര്‍ക്കില്‍ കുറവുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കിയിട്ടുണ്ട്. യോഗ്യതയുള്ളവര്‍ക്കെല്ലാം പരിഗണന നല്‍കാറുണ്ട്. യോഗ്യതയില്ലാത്തവര്‍ക്ക് മാര്‍ക്ക് നല്‍കുകയുമില്ല. എപ്പോഴും കുട്ടികളുടെ നല്ലത് മാത്രം ആഗ്രഹിക്കുന്നയാളാണ് താന്‍. ഒരാളുടെയും ഭാവി താൻ കാരണം നശിക്കില്ല. ആര്‍ക്കും ഒരു ദ്രോഹവും ഞങ്ങള്‍ ചെയ്തിട്ടില്ലെന്നും ലക്ഷ്മി നായർ പറഞ്ഞു
Post Your Comments