തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേരള സര്‍വകലാശാല നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റിന് കൈമാറി. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഹോസ്റ്റലിലെ സിസി ടിവി ക്യാമറകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അസുഖ ബാധിതരായ വിദ്യാര്‍ഥികളെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .
ലക്ഷ്മി നായര്‍ക്ക് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നു, ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക് അനുവദിച്ചു, മെറിറ്റ് അട്ടിമറിക്കപ്പെട്ടു, ജാതിയുടേയും മതത്തിന്റേയും പേരിൽ വിദ്യാര്‍ഥികളെ അവഹേളിച്ചു, ഹാജര്‍ രേഖകളില്‍ കൈകടത്തി തുടങ്ങി നിരവധി ചട്ടലംഘനങ്ങളാണ് ലക്ഷ്മി നായര്‍ക്കെതിരെ ഉപസമിതി കണ്ടെത്തിയിരിക്കുന്നത്. ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ നായര്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്നും 50 ശതമാനം പോലും ഹാജരില്ലാതിരുന്നിട്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.അതോടൊപ്പം അനുരാധയുടെ പരീക്ഷാ ഫലം റദ്ദു ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍വകലാശാല പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് സിന്‍ഡിക്കറ്റ് അന്തിമ തീരുമാനമെടുക്കും. മറ്റു നടപടികള്‍ ആവശ്യമായ വിഷയങ്ങള്‍ രേഖപ്പെടുത്തി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുംഅതേസമയം, അക്കാദമി സമരത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ പി.സദാശിവത്തിന് കത്തു നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments