തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ചാനല്‍ പിന്തുണ നല്‍കുന്നതിനെചൊല്ലി പാര്‍ട്ടി നേതൃത്വത്തിനു പരാതി. ലോ അക്കാദമിയില്‍ നടക്കുന്ന സമരങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം ലക്ഷ്മിനായര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം പീപ്പിള്‍ ടിവി പൂര്‍ണമായും തത്സമയം സംപ്രേക്ഷണം ചെയ്തതാണ് വിവാദമായത്. ലക്ഷ്മിനായര്‍ക്കെതിരേ ലോ അക്കാദമിയിലെ എസ്.എഫ്.ഐ യൂണിയന്‍പോലും ശക്തമായ സമരം നടത്തുമ്പോള്‍ തന്റെ ഭാഗം ന്യായീകരിച്ച് അവര്‍ നടത്തിയ വാര്‍ത്താസമ്മേളനം ഏറെക്കുറെ പൂര്‍ണമായും തത്സമയം സംപ്രേക്ഷണം ചെയ്തതാണ് എസ്.എഫ്.ഐ നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച് തിരുവനന്തപുരത്തെ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ പരാതി ബോധിപ്പിച്ചതായാണ് വിവരം. പാര്‍ട്ടി ചാനലായ കൈരളിയില്‍ കുക്കറി ഷോ അവതാരകയാണ് ലക്ഷ്മിനായര്‍. എന്നാല്‍ മറ്റുപരിപാടികള്‍ക്കു നല്‍കുന്നതിനേക്കാള്‍ പ്രമോഷന്‍ ലക്ഷ്മിനായരുടെ ഷോയ്ക്ക് നല്‍കുന്നതായും ഇക്കാര്യം ചാനലിന്റെ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും വിദ്യാര്‍ഥി നേതാക്കള്‍ കോടിയേരിയോട് ആവശ്യപ്പെട്ടു.
ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടിയാണ് കോടിയേരി നല്‍കിയത്. പലപ്പോഴും മുഖ്യമന്ത്രിയുടെയോ സി.പി.എം സംസ്ഥാന സെക്രട്ടറിയുടേയോ വാര്‍ത്താസമ്മേളനങ്ങള്‍ പോലും പൂര്‍ണമായും തത്സമയം സംപ്രേക്ഷണം ചെയ്യാത്ത പീപ്പിള്‍ ടിവി ലക്ഷ്മിനായരുടെ വാര്‍ത്താസമ്മേളനത്തിനു മികച്ച തത്സമയ കവറേജ് നല്‍കിയിരുന്നുവെന്നും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.
Post Your Comments