നിലപാടുകളിലെ ധീരതയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രത്യേകത. ഇടത് മുന്നണി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇക്കാര്യം പലവട്ടം അദ്ദേഹം തെളിയിച്ചതുമാണ്. ഇപ്പോള്‍ ലോ അക്കാദമി സമര വിഷയത്തിലും കേരളം അത് കണ്ടു. ബിജെപി നേതാവ് വി.മുരളീധരന്റെ നിരാഹാര സമരവേദിയിലെത്തിയ സിപിഐ നേതാക്കള്‍ രാഷ്ട്രീയ കേരളത്തെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. ലോ കോളജ് സമരത്തില്‍ നിന്നുള്ള എസ്എഫ്ഐയുടെ അപ്രതീക്ഷിത പിന്മാറ്റവും സിപിഐയെ ചൊടിപ്പിച്ചു. അവര്‍ അത് പ്രത്യക്ഷമായും പരോക്ഷമായും പ്രകടിപ്പിക്കുകയും ചെയ്തു. സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ മനസ് തുറക്കുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അദ്ദേഹവുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
*ലോ അക്കാദമി അനിശ്ഛിതകാലത്തേക്ക് പൂട്ടിയിടാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ?
വിദ്യാര്‍ത്ഥി സമരത്തിന്റെ മുനയൊടിക്കാനുള്ള മാനേജ്മെന്റിന്റെ ആസൂത്രിത ശ്രമമായി മാത്രമേ ഈ നടപടിയെ കാണാന്‍ കഴിയു. ഈ സാഹചര്യത്തില്‍ സമരം എങ്ങനെ കൊണ്ടു പോകണമെന്ന് അറിയാം. നേരത്തെ മാനേജ്മെന്റ് പ്രഖ്യാപിച്ചത് ഇന്ന് മുതല്‍ അക്കാദമി തുറന്ന് പ്രവര്‍ത്തിക്കും എന്നല്ലേ? എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ സമരങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും ഒരുപക്ഷേ സമരത്തിന്റെ ഗതി തന്നെ മാറിയേക്കുമെന്നും മാനേജ്മെന്റിന് ബോദ്ധ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ഭയന്നുള്ള ഒളിച്ചോട്ടമാണ് മാനേജ്മെന്റ് നടത്തിയിരിക്കുന്നത്.
*വിദ്യാഭ്യാസ മന്ത്രി സഹന ശക്തി കാട്ടിയിരുന്നെങ്കില്‍ സമരം തീര്‍ന്നേനെ എന്ന പന്ന്യന്‍ രവീന്ദ്രന്റെ അഭിപ്രായത്തെക്കുറിച്ച്?
ലോ അക്കാദമി വിഷയത്തില്‍, മാനേജ്മെന്റും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ചര്‍ച്ചയില്‍ പരിഹാരം ഉണ്ടാകേണ്ടിയിരുന്നു. ഇതിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരും വിദ്യാഭ്യാസ മന്ത്രിയുമാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ തികച്ചും ന്യായമാണെന്ന് ബന്ധപ്പെട്ടവര്‍ മനസിലാക്കണം.
*സിപിഐ നേതാക്കള്‍ ബിജെപി നേതാവ് വി.മുരളീധരന്റെ സമര വേദിയിലെത്തിയതിനെ സിപിഎം രൂക്ഷമായി വിമര്‍ശിച്ചിരുന്നല്ലോ ?
രാഷ്ട്രീയത്തില്‍ എതിരാളികളും ശത്രുക്കളും ഒക്കെ ഉണ്ടാകും. പക്ഷേ , എതിര്‍പക്ഷത്തുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ കണ്ടാല്‍ ചിരിക്കരുതെന്നോ സംസാരിക്കരുതെന്നോ ഉള്ള നിലപാടുകള്‍ തികച്ചും ബാലിശമാണ്. സിപിഐ ഇതിനോട് യോജിക്കുന്നില്ല. ലോ അക്കാദമി വിഷയത്തില്‍ വിദ്യാര്‍ത്ഥിസംഘടനകള്‍ സമരം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ബിജെപി സമരരംഗത്ത് എത്തുന്നത്. ഇതിനുള്ളില്‍ വേണ്ടുവോളം സമയം ഉണ്ടായിരുന്നില്ലേ പ്രശ്നം പരിഹരിക്കാന്‍. എന്നാല്‍ ആരും മുന്‍കൈ എടുത്തില്ല. അതുകൊണ്ടാണ് സമരം ഇത്രയധികം ശക്തി പ്രാപിച്ചതും.
*സിപിഎമ്മും സിപിഐയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകളെ കുറിച്ച്?
സിപിഎമ്മും സിപിഐയും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ്. അതുകൊണ്ട് തന്നെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നങ്ങളും ഉണ്ടാകും. അത് തെറ്റാണെന്ന് കരുതുന്നില്ല. ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ പോലും പ്രശ്നങ്ങള്‍ ഇല്ലേ? അപ്പോള്‍ പിന്നെ രണ്ട് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ സ്വഭാവികമല്ലേ…
കാനം രാജേന്ദ്രന് പറഞ്ഞതുപോലെ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ അത്ര ‘സ്വാഭാവികം’ അല്ല എന്നാണ് തുടര്‍ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എസ്.എഫ്.ഐക്കുമെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതിന് അതേ നാണയത്തില്‍ തിരിച്ചടിയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും എത്തിക്കഴിഞ്ഞു. ഇടതുമുന്നണിയില്‍ ഉയര്‍ന്നിരിക്കുന്ന കലാപസൂചനകള്‍ ഇനി എങ്ങോട്ട് എന്ന ആകാംക്ഷയില്‍ ഉറ്റു നോക്കുകയാണ് രാഷ്ട്രീയ കേരളം
Post Your Comments