KeralaNews

ലോ അക്കാദമി: മുഖ്യമന്ത്രിക്കെതിരെ പാളയത്തിനകത്ത് തന്നെ പടയൊരുക്കി ഇ.പി ജയരാജൻ

തിരുവനന്തപുരം: ലോ അക്കാദമിയിവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐഎം നേതാവ് ഇ.പി ജയരാജന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യത്യസ്ത വകുപ്പുകളും വിഷയങ്ങളും ഉള്‍പ്പെട്ട പ്രശ്നങ്ങളിലെ കൂട്ടായ നിലപാട് മുഖ്യമന്ത്രിയിലൂടെയാണ് പുറത്ത് വരേണ്ടതെന്ന് ജയരാജൻ വ്യകതമാക്കിയിരിക്കുന്നത്:

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരള ലോ അക്കാദമി വിഷയത്തിൽ പക്വതയോടെയും യാഥാർത്ഥ്യബോധത്തോടെയുമുള്ള സമീപനം എല്ലാവരിൽ നിന്നും ഉണ്ടാവണം. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. ഇതുമായി ബന്ധപ്പെട്ട്‌ സർക്കാറിന്റെയും മുന്നണിയുടെയും നിലപാട് ഓരോ ഘടകകക്ഷിയും ഓരോ മന്ത്രിയും നിശ്ചയിക്കുന്ന നില വരരുത്. കിട്ടുന്ന പരാതികളും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളും സ്വന്തം നിലയിൽ മുന്നോട്ട് കൊണ്ടു പോകുന്നതും ഓരോരുത്തരും അവരവരുടെ ഇഷ്ടപ്രകാരം അന്വേഷണ ഉത്തരവിടുന്നതും ഉചിതമാകില്ല. വിദ്യാഭ്യാസം, റവന്യൂ, നിയമം, പട്ടികജാതി – പട്ടികവർഗ്ഗ ക്ഷേമം, കായികം, ഐടി എന്നിങ്ങനെ ഒട്ടനവധി വകുപ്പുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു വിഷയത്തിൽ ഓരോ വകുപ്പ് മന്ത്രിയും പ്രത്യേകം പ്രത്യേകം അന്വേഷണ ഉത്തരവിട്ടാൽ സ്ഥിതിയെന്താകും.
മുന്നണി ഭരണം എന്ന നിലയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ പൊതുവിഷയങ്ങളിൽ മുഖ്യമന്ത്രിയാണ് നിലപാടെടുക്കുന്നത്. അതു കൊണ്ട് തന്നെ റവന്യൂ വകുപ്പിന് മാത്രമായി ലോ അക്കാദമി വിഷയം എങ്ങിനെ പരിഹരിക്കാനാവും എന്ന ചോദ്യമുയരുന്നു. വ്യത്യസ്ത വകുപ്പുകളും വിഷയങ്ങളും ഉൾപ്പെട്ട പ്രശ്നങ്ങളിലെ കൂട്ടായ നിലപാട് മുഖ്യമന്ത്രിയിലൂടെയാണ് പുറത്ത് വരേണ്ടത്. രാഷ്ട്രീയവും കക്ഷ്യധിഷ്ഠിത വുമായ പരിഗണനകൾ സർക്കാറിന്റെ പൊതുനിലപാടിനെയും മുന്നണിയുടെ ഐക്യത്തെയും ബാധിക്കാതിരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. മുന്നണിയിൽ ചർച്ച ചെയ്ത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് പകരം വിദ്യാർത്ഥി സമരം പരിഹരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച് മുന്നോട്ട് പോകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഗുണകരമാകില്ല.
പക്വതയോടെയും പാകതയോടെയും മുന്നണി മര്യാദ അനുസരിച്ചും പ്രവർത്തിക്കുവാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ബാഹ്യശക്തികളുടെ പ്രേരണയ്ക്ക് വിധേയമായി കാര്യങ്ങൾ നിശ്ചയിക്കുന്നത് ഭാവിയെ സാരമായി ബാധിക്കും. എൽ.ഡി.എഫിൽ ജനങ്ങളുടെ വിശ്വാസ്യത വർധിച്ചു വരുന്ന ഘട്ടത്തിൽ അതിനെ ദുർബലപ്പെടുത്തുന്ന സമീപനങ്ങൾ ഏത് ഭാഗത്ത് നിന്നുണ്ടായാലും ജനങ്ങൾ ക്ഷമിക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button