News

റെയില്‍വേ വികസനത്തിന് കേരളത്തിന്‌ 3,593 കോടി

കോട്ടയം• കേന്ദ്ര റെയില്‍വേ ബജറ്റില്‍ വിവിധ വികസന പദ്ധതികള്‍ക്കായി കേരളത്തിനു അനുവദിച്ചത് 3593 കോടി. കോട്ടയം-ആലപ്പുഴ-കായംകുളം പാത ഇരട്ടിപ്പിക്കലിന് 313 കോടിയും അങ്കമാലി-എരുമേലി ശബരി റെയില്‍വേ ലൈനിന് 213 കോടിയും അനുവദിച്ചിട്ടുണ്ട്. അലൈന്‍മെന്‍റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വര്‍ഷങ്ങളായി നിര്‍മ്മാണം മുടങ്ങിക്കിടക്കുന്ന ശബരി പാതക്കായി ബജറ്റില്‍ ഒറ്റയടിക്ക് 213.59 കോടി വകയിരുത്തിയത് പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. മാത്രമല്ല, പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന (പ്രഗതി പദ്ധതി) ഏതാനും റെയില്‍വേ വികസന പദ്ധതിയില്‍ ശബരിപാതയും ഉള്‍പ്പെടുത്തിയതോടെ 116 കി.മീ. വരുന്ന പാതയുടെ നിര്‍മാണം വേഗത്തിലാകുമെന്ന് റെയില്‍വേ അധികൃതരും ജനപ്രതിനിധികളും വ്യക്തമാക്കുന്നു. കഴിഞ്ഞ കുറെ ബജറ്റുകളില്‍ പാതക്കായി ഉള്‍പ്പെടുത്തിയിരുന്നത് വെറും 20 കോടി മാത്രമായിരുന്നു.

എരുമേലിയില്‍നിന്ന് പുനലൂര്‍ വഴി തമിഴ്നാട്ടിലേക്ക് പാത നീട്ടിയാല്‍ ശബരിപാത ലാഭകരമാകുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. നിലവില്‍ അനുവദിച്ച 213 കോടിയില്‍ 100 കോടി കാലടി മുതല്‍ എറണാകുളം ജില്ലയിലെ ഭൂമി ഏറ്റെടുക്കലിനു വിനിയോഗിക്കും. 1997ല്‍ 550 കോടി എസ്റ്റിമേറ്റ് തയാറാക്കി നിര്‍മാണം തുടങ്ങിയ ശബരിപാതയുടെ പരിഷ്കരിച്ച എസ്റ്റിമേറ്റ് 2300-2500 കോടിയാണ്.

തിരുവനന്തപുരം-കന്യാകുമാരി പാതയുടെ ഇരട്ടിപ്പിക്കലിനു 50 കോടിയും ഗതാഗത പരിഷ്കാരത്തിനായി 14 കോടിയും വകയിരുത്തി. കൂടാതെ സംസ്ഥാന പങ്കാളിത്തത്തോടെയുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ക്കായി 297 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. യാത്രക്കാര്‍ക്കായുള്ള അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഇത്തവണ 25 കോടിയും വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button