തിരുവല്ല: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ മഹാ സമ്മേളനമായ മാരാമണ്‍ കണ്വണ്ഷന് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദങ്ങള്‍ പുകയുന്നു. മാര്‍ത്തോമ്മാ സഭയുടെ സുവിശേഷ പ്രസംഗ സംഘമാണ് കണ്വന്ഷന് സംഘടിപ്പിക്കുന്നത്. കോഴഞ്ചേരി പമ്പാ നദീ തീരത്തെ മരാമണ്‍ മണല്‍പ്പുറത്ത് ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലിലാണ് കണ്വന്ഷന് നടക്കുന്നത്.
അച്ചടക്കം കൊണ്ടും ചിട്ടയായ ക്രമീകരണങ്ങള്‍ക്കൊണ്ടും ശ്രദ്ധേയമാണ് മാരാമണ്‍ കണ്വന്ഷന്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള പ്രാസംഗികരാണ് ഇവിടെ എത്തുന്നത്. ഇക്കൊല്ലം നടക്കുന്നത് നൂറ്റി പതിനേഴാമത് കണ്‍വന്‍ഷനാണ്. എന്നാല്‍ മുമ്പെങ്ങുമില്ലാത്ത വെല്ലുവിളിയാണ് കണ്വന്ഷന് നടത്തിപ്പിനോട് അനുബന്ധിച്ച് ഇക്കൊല്ലം സഭാ നേതൃത്വം നേരിടുന്നത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും പ്രവേശിക്കാവുന്ന കണ്വന്ഷന് യോഗങ്ങളില്‍ രാത്രി 6.30 ന് ശേഷമുള്ള യോഗത്തില്‍ മാത്രം സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സ്ത്രീകളുടെ സുരക്ഷ മുന്നില്‍ കണ്ടാണ് സഭാ നേതൃത്വം കാലാകാലങ്ങളായി ഈ കീഴ്വഴക്കം തുടരുന്നത്.
എന്നാല്‍, 2017 ജനുവരി 27നു ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ സ്ത്രീകള്‍ക്ക് രാത്രിയിലും പ്രവേശനം ആവശ്യപ്പെട്ട് രണ്ട് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് പ്രമേയം നല്കി. പുനലൂര്‍ സ്വദേശിയായ ഷിജു അലക്സ് അവതാരകന് ആയും വെണ്മണി സ്വദേശി റോയി ഫിലിപ്പ് അനുവാദകനുമായാണ് ഇത്തരത്തില്‍ ഒരു പ്രമേയം ഒപ്പിട്ട് നല്‍കിയത്. എന്നാല്‍ സഭാ നേതൃത്വം ഈ പ്രമേയം മുഖവിലക്കെടുത്തില്ല. ഇതേ തുടര്‍ന്ന് ഇരുവരും ഈ വിഷയം മാധ്യമങ്ങളുടെ മുമ്പില്‍ എത്തിച്ചു.
മീഡിയ വണ്‍ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ഇത് വലിയ പ്രധാനത്തോടെ നല്‍കുകയും ചെയ്തു. അതേസമയം സഭാനേതൃത്വത്തെ കൂടി വെല്ലുവിളിച്ച് ഇത്തരത്തില്‍ ഒരു പ്രമേയം അവതരിപ്പിച്ച ഇരു കമ്മറ്റി അംഗങ്ങളും അറിയപ്പെടുന്ന പ്രാദേശിക സിപിഎം നേതാക്കളാണ്. മാരാമണ്‍ കണ്വെന്ഷന് നടത്തിപ്പില്‍ രാഷ്ട്രീയം കലര്‍ത്താനുള്ള സി.പി.എമ്മിന്റെ നീക്കമായാണ് ഈ നടപടി വിമര്‍ശിക്കപ്പെടുന്നത്. ശബരിമല വിവാദത്തില്‍ സി.പി.എം സ്വീകരിച്ചതുപോലെ മരാമണ്‍ കണ്‍വെന്‍ഷനിലും പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടിനെതിരേ പ്രാദേശികമായി പ്രതിഷേധം ശക്തമാവുകയാണ്.
Post Your Comments