പൊൻകുന്നം: കഴിഞ്ഞ ദിവസം കോട്ടയം പൊൻകുന്നം ഗ്രാമം സാക്ഷ്യം വഹിച്ചത് അത്യപൂർവമായ ഒരു വിവാഹത്തിനാണ്. നൂറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഈ വിവാഹം നടന്നത് എന്നതാണ് അത്യപൂർവമായ വസ്തുത. ഏറ്റവും കൗതുകമുണർത്തുന്ന മറ്റൊരു വസ്തുത എന്തെന്നാൽ ഈ കഥയിലെ നായികാ നായകന്മാർ മനുഷ്യരല്ലയെന്നതാണ്. ഇവർ രണ്ട് മരങ്ങളാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.55നും 1.20നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലായിരുന്നു പ്രതീകാത്മക വിവാഹം നടന്നത്. നാൽപ്പാമര പുത്രനായ അരയാലും മാവും തമ്മിലായിരുന്നു ‘വിവാഹം’. ആലും മാവും 100 വർഷത്തിലേറെയായി സ്‌കുൾ മുറ്റത്ത് ഒരേ ചുവട്ടിലാണ് വളർന്നുവന്നത്. എന്നാൽ, ഇവരുടെ ‘പ്രണയം’ പൂർവവിദ്യാർത്ഥികളടക്കമുള്ള പ്രകൃതിസ്നേഹികൾ അടുത്തകാലത്താണു തിരിച്ചറിഞ്ഞത്. പിന്നെ ഇവരെ ‘ജീവിതപങ്കാളി’കളാക്കാൻ തീരുമാനിക്കുകയായിരുന്നു.
സാധാരണ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഈ കല്യാണത്തിന് ഒരുക്കി. നിറപറയും നിലവിളക്കും സാക്ഷിയാക്കി കതിർമണ്ഡപത്തിൽ നാദസ്വരവും കൊട്ടും കുരവയുമായാണ് അരയാലിന്റെയും തേന്മാവിന്റെയും താലികെട്ട് നടന്നത്. ഈ വിവാഹത്തിനായി പ്രത്യേക ക്ഷണക്കത്തും സംഘാടകർ മുൻകൂട്ടി തയാറാക്കി. ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും നൽകി. ‘വിവാഹം’ നടന്നത് മുത്തുക്കുടകളും പൂമാലകളും തോരണങ്ങളാലും അലങ്കരിച്ച സ്‌കൂൾ അങ്കണത്തിലായിരുന്നു.
ഹൈന്ദവ ആചാരപ്രകാരം നടത്തിയ വിവാഹ ചടങ്ങുകളിൽ സ്‌കൂൾ മാനേജർ എം.എൻ. രാജരത്നം അരയാലിനു വേണ്ടി തേന്മാവിൽ മഞ്ഞൾച്ചരടിൽ കൊരുത്ത ആലിലത്താലി ചാർത്തി. വിവാഹ രജിസ്ട്രേഷനും ഉണ്ടായിരുന്നു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരടക്കമുള്ള പ്രകൃതിസ്നേഹികൾ മുല്ലവള്ളിയടക്കമുള്ള വിവാഹസമ്മാനങ്ങൾ നൽകി. പി.ടി.എ. അംഗങ്ങളും വിദ്യാർത്ഥികളും നാട്ടുകാരും പ്രകൃതിസ്നേഹികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് ഈ അപൂർവ ചടങ്ങിൽ പങ്കെടുത്തത്. വിവാഹശേഷം ‘വധൂവരന്മാർ’ക്കൊപ്പം സെൽഫിയെടുക്കാനും ആളുകൾ തിരക്കുകൂട്ടി.
Post Your Comments