പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
കേരളത്തെ പിടിച്ചു കുലുക്കിയ കൊലപാതകങ്ങളില്‍ ഒന്നാണ് പെരുമ്പാവൂര്‍ ജിഷ വധക്കേസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ തകര്‍ച്ചക്ക് കാരണമായതും ജിഷ വധവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ശരി വയ്ക്കുന്നു. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍, ഞെട്ടിക്കുന്ന പല വിവരങ്ങളുമാണ് പുറത്ത് വരുന്നത്. മകള്‍ കൊല്ലപ്പെട്ടതിന് ശേഷം ഡിസംബര്‍ 20 വരെയുള്ള കാലയളവില്‍ ജിഷയുടെ അമ്മ രാജേശ്വരി ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുക 29 ലക്ഷം രൂപ. കൃത്യമായി പറഞ്ഞാല്‍, 28,75,011 രൂപ ! എറണാകുളം ജില്ലാ കളക്ടറുടെയും രാജേശ്വരിയുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടില്‍ നിന്നാണ് ഈ തുക പിന്‍വലിച്ചിരിക്കുന്നത്. വീട് നിര്‍മ്മിച്ചത് ഉള്‍പ്പെടെയുള്ള സകല ചെലവുകളും സര്‍ക്കാര്‍ വഹിക്കുമ്പോഴാണ് ഇവരുടെ ഈ ധൂര്‍ത്ത് അരങ്ങേറുന്നത്. മകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള സഹതാപ തരംഗത്തില്‍ ലഭിച്ച തുകകൂടി ചേര്‍ത്താല്‍ ചെലവാക്കിയ കണക്ക് ഇനിയും കൂടും. തീര്‍ന്നില്ല, മകളുടെ കൊലപാതകത്തെ തുടര്‍ന്ന് ലഭിച്ച നഷ്ടപരിഹാര തുകയുടെ പങ്ക് കൈപ്പറ്റാന്‍ അടിയിടുകയാണ് അമ്മയും അച്ഛനും മകളും ! ഒരിക്കല്‍ അമ്മയേയും മകളേയും പിടിച്ച് മാറ്റാന്‍ വനിതാ പോലീസിന് തന്നെ ഇടപെടേണ്ടി വന്നു. കേട്ടു കേള്‍വി പോലുമില്ലാത്ത നാണം കെട്ട ഈ വീതം വയ്പ്പ് മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുകയാണ്. ജിഷ വധക്കേസിനെ തുടര്‍ന്ന് ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ തുടക്കത്തിലേ ഇത് സൂചിപ്പിക്കുകയും ചെയ്തതാണ്. ഈ അവസരത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.
? ജിഷ വധക്കേസ് ; എന്താണ് ബാക്കി പത്രം?
? ഒറ്റ വാചകത്തില്‍ ഇങ്ങനെ പറയാം. പി.പി തങ്കച്ചന് മാനം പോയി. സാജു പോളിന് സ്ഥാനം പോയി. രാജേശ്വരി കോടീശ്വരിയായി. സ്വന്തം മകളുടെ മരണത്തിന് കിട്ടിയ നഷ്ടപരിഹാരം ധൂര്‍ത്തടിക്കുന്ന അമ്മ! ആ തുകയുടെ വീതത്തിന് വേണ്ടി അലമുറയിടുന്ന സഹോദരിയും അച്ഛനും. തുക ചെലവാക്കുന്നത് സംബന്ധിച്ചുള്ള കുടുംബവഴക്ക് തീര്‍ക്കാന്‍ പോലീസിന് പോലും ഇടപെടേണ്ടി വരുന്ന സാഹചര്യം. ലജ്ജാകരം എന്നല്ലാതെ എന്ത് പറയാന്‍ !
? ജിഷ വധക്കേസില്‍ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ടല്ലോ?
? തീര്‍ച്ചയായും. ജിഷ വധക്കേസില്‍ പിടിക്കപ്പെട്ട അമീര്‍ ഉള്‍ ഇസ്ലാം കേവലം ഒരു വാടക കൊലയാളി മാത്രമാണെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസിലാകുന്ന കാര്യമാണ്. കൊന്നവനെ മാത്രമേ പിടിച്ചിട്ടുള്ളു. കൊല്ലിച്ചവരെ പിടിക്കാന്‍ പോലീസ് ഒരു ശ്രമവും നടത്തിയിട്ടില്ല. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, കൊലപാതകത്തിലേക്ക് നയിച്ച കാരണം പറയുന്നത് വിശ്വസനീയമല്ല.
? എന്തുകൊണ്ട്?
? അമീര്‍ ഉള്‍ ഇസ്ലാം എന്ന പ്രതി വഴിയെ പോയപ്പോള്‍ ജിഷയെ ലൈംഗിക ഉദ്ദേശത്തിന് മാത്രം കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തെ കുളിക്കടവിലെ കഥ വിജയിക്കാതെ വന്നപ്പോഴാണ് കുറ്റപത്രത്തില്‍ ഇത് പറഞ്ഞത്. സൗമ്യ വധക്കേസിന് സുപ്രീം കോടതിയില്‍ നിന്നാണ് തിരിച്ചടി കിട്ടിയതെങ്കില്‍ ജിഷ വധക്കേസിന് വിചാരണക്കോടതിയില്‍ നിന്ന് തന്നെ തിരിച്ചടി കിട്ടി.
? താങ്കളുടെ വാദങ്ങളെ എങ്ങനെ സമര്‍ത്ഥിക്കുന്നു?
? ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കമ്പിപ്പാരയാണെന്നാണ് പോലീസ് ആദ്യം പറഞ്ഞത്. പിന്നീട് അത് കത്തിയായി മാറി. എന്നാല്‍ ആ കത്തി കണ്ടെടുക്കാനും കഴിഞ്ഞില്ല. മറ്റൊന്ന് , ജിഷയുടെ ശരീരത്തില്‍ ഘടിപ്പിച്ച പെന്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് മുക്കിയത് ആര്‍ക്കു വേണ്ടിയാണ്? കുറുപ്പുംപടി പോലീസ് സ്റ്റേഷനില്‍ ജിഷയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനെ കുറിച്ച് നിരവധി പരാതികള്‍ നല്‍കിയത് ഏത് ഉന്നതനാണെന്ന് പോലീസ് അന്വേഷിച്ചില്ല. ഇതെല്ലാം അസാം സ്വദേശിയായ അമീര്‍ ആണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? കിടന്നുറങ്ങുമ്പോള്‍ ജിഷ തലയണക്കടിയില്‍ വാക്കത്തി വച്ചിരുന്നത് പ്രതി അമീറിനെ പേടിച്ചാണോ? ജിഷയുടെ മൃതദേഹം ധൃതി പിടിച്ച് ദഹിപ്പിച്ചതും കൊല നടന്ന വീട്ടിലെ Scene of occurrence ബന്തവസിലെടുത്ത് സീല്‍ ചെയ്യാത്തതുമൂലം പല തെളിവുകളും നശിപ്പിക്കാന്‍ ഇടയായത് ആരെ രക്ഷിക്കാന്‍ വേണ്ടിയാണ് ?
? മറ്റ് ചില ഞെട്ടിക്കുന്ന വിവരങ്ങളും താങ്കള്‍ വെളിപ്പെടുത്തിയല്ലോ?
? അതേ, അതിനെപറ്റി എല്ലാവര്‍ക്കും അറിയുന്നത് കൊണ്ട് ഇപ്പോള്‍ കൂടുതലായി ഒന്നും പറയുന്നില്ല. ജിഷ കേസില്‍ ഞാന്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് കഴിഞ്ഞ ജൂണ്‍ 2 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നില്‍ നിന്നും 10 മണിക്കൂര്‍ നീണ്ട മൊഴി എടുത്തിട്ട് ഒരു അന്വേഷണവും നടത്തിയിട്ടില്ല.
ചിലപ്പോഴെങ്കിലും നിയമസംവിധാനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്നതും ഇതുകൊണ്ടൊക്കെയാണ്. ജോമോന്‍ പുത്തന്‍പുരക്കല്‍ ഉന്നയിച്ച ആരോപണങ്ങള്‍ കാലം തെളിയിക്കട്ടേ… കേരളത്തെയും കത്തോലിക്ക സഭയെയും പിടിച്ചു കുലുക്കിയ അഭയ കേസിന്റെ ചുരുളഴിക്കാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ജോമോന്‍ പുത്തന്‍പുരക്കലിനെ മലയാളികള്‍ക്ക് സ്വീകാര്യനാക്കിയത്. ആ പോരാട്ടവീര്യം തന്നെയാണ് അദ്ദേഹത്തിനെ വ്യത്യസ്ഥനാക്കുന്നതും. നിഗൂഡമായ ഈ രഹസ്യവും പുറത്ത് കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് കഴിയും എന്ന് പ്രതീക്ഷിക്കാം.
Post Your Comments