തിരുവനന്തപുരം: മന്ത്രി ജി.സുധാകരന്റെ അതൃപ്തി ഇരയായ കായംകുളം എം.എല്‍.എ പ്രതിഭാ ഹരിയെ പാര്‍ട്ടി പരിപാടികളില്‍നിന്നും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ സി.പി.എം തീരുമാനത്തിന്റെ അലയൊലികള്‍ അടങ്ങും മുമ്പേ മറ്റൊരു യുവവനിതാ എം.എല്‍.എയായ വീണാ ജോര്‍ജും പാര്‍ട്ടിക്ക് അനഭിമതയാകുന്നു. ജി.സുധാകരനും പ്രതിഭാഹരിയും തമ്മിലുള്ള അകല്‍ച്ച നേരത്തെ വന്‍തോതില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഇതിനു പിന്നാലെ മുന്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രതിഭാ ഹരിക്ക് സി.പി.എം ഏരിയാ കമ്മിറ്റി അംഗത്വംപോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. തുടര്‍ന്നു അവരെ പാര്‍ട്ടി വേദികളില്‍നിന്നും മാറ്റിനിര്‍ത്തി. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അവഗണനയില്‍ മനംനൊന്ത് പ്രതിഭാ ഹരി സജീവ രാഷ്ട്രീയം മതിയാക്കുന്നു എന്ന രീതിയില്‍പോലും വാര്‍ത്തകള്‍ പുറത്തുവന്നു. കായംകുളം മണ്ഡലത്തില്‍നിന്നും ആദ്യമായി ജനവിധി തേടിയ പ്രതിഭാ ഹരി പാര്‍ട്ടിക്ക് തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സമാനമായ സാഹചര്യമാണ് ആറന്‍മുള മണ്ഡലത്തില്‍ ആദ്യമായി ജനവിധി തേടിയ മാധ്യമപ്രവര്‍ത്തകകൂടിയായ വീണാ ജോര്‍ജും നേരിടുന്നത്.
പ്രാദേശിക സി.പി.എം നേതാക്കളുടെ ചൊല്‍പ്പടിക്ക് വഴങ്ങുന്നില്ല എന്നാണ് വീണക്കെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. സംസ്ഥാന സമിതി അംഗങ്ങള്‍പോലും വിളിച്ചാല്‍ വീണ ഫോണ്‍ എടുക്കാറില്ലെന്നും നമ്പര്‍ കണ്ടാല്‍തിരിച്ചുവിളിക്കുന്നില്ലെന്നും വരാമെന്നു ഏല്‍ക്കുന്ന പരിപാടികളില്‍ പോലും പങ്കെടുക്കുന്നില്ലെന്നുമൊക്കെയാണ് നേതാക്കളുടെ പരിപാടി. അതേസമയം ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള എല്ലാ പരിപാടികളിലും വീണാ ജോര്‍ജ് പങ്കെടുക്കുന്നുവെന്നു നേതൃത്വം ആരോപിക്കുന്നു.
അതേസമയം ആറന്മുള മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സിറ്റിങ് എം.എല്‍.എ ശിവദാസന്‍നായര്‍ക്കെതിരേ ശക്തമായ വിജയമാണ് വീണാജോര്‍ജ് നേടിയത്. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമുദായത്തിന്റെ പേരില്‍ വീണ വോട്ട് അഭ്യര്‍ഥിച്ചുവെന്നു ചൂണ്ടിക്കാട്ടി ശിവദാസന്‍ നായരുടെ പോളിങ് ഏജന്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസ് നടത്താന്‍ വീണക്ക് പാര്‍ട്ടി പണം അനുവദിക്കണമെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന്റെ ആവശ്യത്തോടും പ്രാദേശിക സി.പി.എം നേതൃത്വം മുഖം തിരിച്ചിരിക്കുകയാണ് എന്നാണ് ഒടുവിലത്തെ വിവരം. സി.പി.എമ്മിന്റെ ഈ രണ്ട് യുവവനിതാ എം.എല്‍.എമാരും ഇനി മത്സരരംഗത്തുണ്ടാകരുത് എന്ന ഉദ്ദേശ്യത്തോടെ പ്രാദേശിക സി.പി.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപവും ഇതോടെ ശക്തമാവുകയാണ്.
Post Your Comments