ലക്‌നോ: മൊബൈല്‍ റീച്ചാർജിംഗ് ഷോപ്പുകളില്‍ സ്ത്രീകളുടെ മൊബൈല്‍ നമ്പറുകള്‍ വില്‍പന നടത്തുന്നതായി പോലീസ്. ഉത്തര്‍ പ്രദേശിലാണ് സംഭവം. ഫോൺ റീച്ചാർജ് ചെയ്യാൻ വേണ്ടി സ്ത്രീകൾ നൽകുന്ന നമ്പറുകള്‍ സൂക്ഷിച്ച് വച്ചാണ് വില്‍പന നടത്തുന്നത്. സ്ത്രീകളുടെ സൗന്ദര്യത്തിനനുസരിച്ചാണ് വില ഈടാക്കുന്നത്. 50 മുതല്‍ 500 രൂപവരെയാണ് നമ്പറുകള്‍ക്ക് വിലയെന്നും പോലീസ് പറഞ്ഞു. നമ്പര്‍ വാങ്ങിയ ശേഷം ഇവർ സൗഹൃദത്തിന് താല്‍പര്യമുണ്ടെന്നറിയിച്ച് സന്ദേശമയക്കുകയോ നേരിട്ട് വിളിക്കുകയോ ചെയ്യും. ഇതിനോട് പ്രതികരിച്ചാലും ഇല്ലെങ്കിലും പിന്നീട് ഇവർ വാട്‌സ് ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ അയക്കുകയും നേരിട്ട് വിളിച്ച് ലൈംഗീക ചുവയോടെ സംസാരിക്കുകയോ ചെയ്യും. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് പോലീസിന് ലഭിച്ചത്.
ഇത്തരം പരാതികള്‍ വര്‍ധിച്ചതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 1090 എന്ന നമ്പറില്‍ ഹെല്‍പ് ലൈന്‍ ആരംഭിക്കുകയായിരുന്നു. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ ആ നമ്പറിലേക്ക് ഹെല്‍പ് ലൈന്‍ സെന്ററില്‍ നിന്ന് വിളിച്ച് മുന്നറിയിപ്പു നല്‍കും. മുന്നറിയിപ്പ് ലഭിക്കുന്നതോടെ മിക്ക ആളുകളും മൊബൈല്‍ ആക്രമണം നിര്‍ത്തുന്നതായി ഹെല്‍പ് ലൈൻ പ്രവർത്തകൻ പറയുന്നു. ഫോണ്‍ വഴി ശല്യപ്പെടുത്തുന്നവരിൽ വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ മൊബൈല്‍ നമ്പറുകള്‍ വില്‍പന നടത്തുന്ന നിരവധി മൊബൈല്‍ കടകള്‍ യു.പിയില്‍ ഉണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പോലീസ് ഐ.ജി ശേഖര പറഞ്ഞു.
Post Your Comments