ദമ്മാം•ജോലിസ്ഥലത്തെ കഷ്ടപ്പാട് മൂലം വലഞ്ഞ് വനിതാഅഭയകേന്ദ്രത്തിൽ എത്തപ്പെട്ട മലയാളിയായ വീട്ടുജോലിക്കാരി ഇന്ത്യൻ എംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
തൃശൂർ സ്വദേശിനിയായ ബിന്ദു ജൈസൺ ആണ് രണ്ടു മാസക്കാലത്തെ വനിതാ അഭയകേന്ദ്രത്തിലെ ജീവിതത്തിന്റെ അനിശ്ചിതങ്ങൾക്കിടയിൽ നിന്നും നാട്ടിലേയ്ക്ക് മടങ്ങിയത്. ബിന്ദു ഒൻപതു മാസങ്ങൾക്കു മുൻപാണ് ദമ്മാമിലെ ഒരു സൗദി ഭവനത്തിൽ ജോലിക്കാരിയായി എത്തിയത്. എന്നാൽ വിശ്രമമില്ലാതെ കഠിനമായ ജോലിയും, ശകാരവും കാരണം ബിന്ദുവിന്റെ പ്രവാസജീവിതം നരകതുല്യമായി. ആദ്യമൊക്കെ ശമ്പളം കിട്ടിയിരുന്നെങ്കിലും പിന്നീട് അതും കുടിശ്ശികയാകാൻ തുടങ്ങി. ഒടുവിൽ ആറുമാസത്തെ ജോലി മതിയാക്കി ബിന്ദു, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി പരാതി പറഞ്ഞു. പോലീസുകാർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ എത്തിച്ചു.
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് ബിന്ദു സഹായം അഭ്യർത്ഥിച്ചു. മഞ്ജു ഈ വിവരം ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും, ബിന്ദുവിന്റെ സ്പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്താൻ ശ്രമിയ്ക്കുകയും ചെയ്തു. എന്നാൽ ബിന്ദുവിന്റെ ഒരു കാര്യവും തനിയ്ക്കറിയണ്ട എന്ന നിഷേധനിലപാടിലായിരുന്നു സ്പോൺസർ. ഒരു തരത്തിലുള്ള സഹകരണത്തിനോ, ഒത്തുതീർപ്പിനോ സ്പോൺസർ തയ്യാറായില്ല. തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി ബിന്ദുവിന് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.
കോബാറിലെ നവയുഗം പ്രവർത്തകർ ബിന്ദുവിന് വിമാനടിക്കറ്റും, നാട്ടിൽ കൊണ്ടുപോകാൻ ബാഗും, സമ്മാനങ്ങളും കൊടുത്തു. എല്ലാവർക്കും നന്ദി പറഞ്ഞ് ബിന്ദു നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments