പുണെ: സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുണെയിലെ ഇൻഫോസിസ് ജീവനക്കാരി മലയാളിയായ രസീല രാജുവിനെയാണ് ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കംപ്യൂട്ടർ കേബിൾ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രസീലയെ ഫോണിൽ വിളിച്ചിട്ട് എടുക്കാതിരുന്ന സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സെക്യൂരിറ്റി ജീവനക്കാരനെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. നാട്ടിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അസം സ്വദേശിയായ ബാബെൻ സൈക്യയെ പോലീസ് പിടികൂടിയത്.
രസീല ഹിൻജവാദിയിലെ രാജീവ്ഗാന്ധി ഇൻഫോടെക് പാർക്കിലെ ജീവനക്കാരിയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മരണം നടന്നതെന്നു കരുത്തുന്നു. പക്ഷെ ഓഫീസിലെ മറ്റു ജീവനക്കാർ രാത്രി വൈകിയാണ് മരണ വിവരം അറിഞ്ഞത്. ഞായറാഴ്ച ആയിട്ടും രസീലയ്ക്ക് ജോലിയുണ്ടായിരുന്നു. രസീലയുടെ രണ്ടു ടീം അംഗങ്ങൾ ബംഗളുരുവിൽ ഓൺലൈനിലും ഉണ്ടായിരുന്നു. രാത്രി എട്ടു മണിയോടെയാണ് പോലീസ് വിവരം അറിഞ്ഞത്.
രസീലയുടെ മാനേജർ പലതവണ രസീലയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ കിട്ടിയില്ല. രസീല ഫോൺ എടുക്കാതായതോടെ മാനേജർ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് രസീലയെ പോയി നോക്കാൻ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരൻ എത്തുമ്പോൾ ജോലിസ്ഥലത്ത് രസീല ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പോലീസ് കൊലക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments