മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
ഇന്ന് മഹാത്മാ ഗാന്ധിയുടെ ബലിദാന ദിനം. 69 വർഷമായി, അദ്ദേഹം വെടിയേറ്റുമരിച്ചിട്ട് . ഗാന്ധിവധവും മറ്റും ഇന്നും സജീവ ചർച്ചാവിഷയമാണ്. ലോകത്തെമുഴുവൻ ഞെട്ടിച്ച ആ സംഭവത്തിനുശേഷം ആർ എസ് എസിനെ നിരോധിക്കാൻ പണ്ഡിറ്റ് നെഹ്റു കാണിച്ച താല്പര്യം, അതിൽ അന്നത്തെ ആഭ്യന്തര മന്ത്രി സർദാർ പട്ടേലിന് ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത, പിന്നീട് നടന്ന അന്വേഷണങ്ങൾ, ഗാന്ധി വധക്കേസ് , ജസ്റ്റിസ് കപൂർ കമ്മിഷൻ റിപ്പോർട്ട് എന്നിവയിൽ ആർ എസ് എസിന്റെ നിരപരാധിത്വം വ്യക്തമാക്കപ്പെട്ടത് ….. ഇതൊക്കെ ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. വ്യക്തമായ ദിശാസൂചികകളാണ്. ഒരിടത്തും ആർ എസ് എസിന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ പോലും കാണാനായിരുന്നില്ല. പക്ഷെ ഗാന്ധിജി വധിക്കപ്പെട്ട സമയം പ്രയോജനപ്പെടുത്തി രാജ്യത്ത് പടർന്നുപന്തലിക്കാൻ പോകുകയായിരുന്ന ദേശീയ പ്രസ്ഥാനത്തെ, ആർഎസ്എസിനെ, തകർക്കാൻ നെഹ്റു ശ്രമിച്ചു എന്നതാണ് വസ്തുത. അന്ന് അതൊക്കെ ഭംഗിയായി പ്രയോജനപ്പെടുത്താൻ നെഹ്റുവിനായി. എതിർത്തവരെ വരുതിക്ക് നിർത്താനും കഴിഞ്ഞു. പക്ഷെ അതൊക്കെ ചെയ്തത്, പലതും മനസ്സിൽ കരുതിക്കൊണ്ടായിരുന്നു എന്നത് ചരിത്ര സത്യമാണ്. അതാണ് ലോകശ്രദ്ധയിലേക്ക് വ്യാപകമായി എത്തേണ്ടത്.
അതുമാത്രമല്ല, സർദാർ പട്ടേലിനെയും എന്തിനേറെ ഒരു കാലത്ത് നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും അന്ന് അതിനു നേതൃത്വം നൽകിയ കോൺഗ്രസിന്റെയും നേതൃനിരയിൽ ഒന്നാമനല്ലെങ്കിൽ ഒന്നാംസ്ഥാനത്തെ സമന്മാരിൽ ഒരാളായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന് നേരെയും ജവാഹർലാൽ നെഹ്റു നടത്തിയ കുൽസിത നീക്കങ്ങൾ……….. അതൊക്കെ അക്ഷരാർഥത്തിൽ സർവ്വരെയും ലജ്ജിപ്പിക്കുന്നതാണത്. പലപ്പോഴും തന്റെ പ്രതിയോഗികളെ ഒതുക്കാൻ ഏത് മാർഗവും ആവാമെന്നും അതിനായി ഏതറ്റം വരെയും പോകാമെന്നും കരുതിയയാളായിരുന്നു നെഹ്റു എന്ന് ചുരുക്കം. ഇന്ത്യ വിഭജനം അടക്കമുള്ള പ്രശ്നങ്ങളിൽ അദ്ദേഹം കൈക്കൊണ്ട നിലപാടുകൾ ഇന്നും എന്നും സംശയത്തിന്റെ നിഴലിലാണ് എന്ന് കരുതുന്നവർ, ചരിത്ര കുതുകികൾ, ഇന്നുമുണ്ടല്ലോ. അവർക്കെല്ലാം അതിനനുസൃതമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുമുണ്ട്. അതൊക്കെത്തന്നെയാണ് മഹാത്മാ ഗാന്ധിജിയുടെ ബലിദാനം ശരിയായ ദിശയിൽ വിലയിരുത്തേണ്ട സമയമായി എന്ന് പറയേണ്ടിവരുന്നത് .
നെഹ്റു എന്നുമൊരു നല്ല രാഷ്ട്രീയക്കാരനായിരുന്നു. അധികാരത്തിനായി എന്തും ചെയ്യാൻ മടിയില്ലാത്ത രാഷ്ട്രീയക്കാരൻ. ഇന്ത്യയുടെ പ്രധാനമന്ത്രി പദം മനസിൽക്കണ്ടുകൊണ്ട് മുന്നോട്ട് നീങ്ങിയ അദ്ദേഹം അതിനു തടസം നിൽക്കാനിടയുള്ളതെല്ലാം ആദ്യമേ അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബ്രിട്ടീഷുകാരുമായി വഴിവിട്ട ചങ്ങാത്തം ഒരു പക്ഷത്ത് . അതേസമയം തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വവും. മൗണ്ട് ബാറ്റണുമായി നല്ല അടുപ്പം, വഴിവിട്ട അടുപ്പം എന്നുവേണം അതിനെ വിളിക്കേണ്ടതെന്ന് തോന്നുന്നു. ലേഡി മൗണ്ട് ബാറ്റനുമായി നെഹ്റു പുലർത്തിയ അടുപ്പം, അതിന്റെ മറ്റുതല തലങ്ങൾ എന്നിവയൊക്കെ അന്നുതന്നെ ചർച്ചാവിഷയമായതല്ലേ. ആ രണ്ടുപേരുടെ ചിത്രങ്ങൾ പലതും ഇന്ന് കാണുമ്പൊൾപോലും (ഇന്നത്തെ കാലത്ത് കാണുമ്പോൾപോലും) പലർക്കും ഞെട്ടലുണ്ടാവും. അക്കാലത്തു് ഒരു പുരുഷനും മറ്റൊരാളുടെ ഭാര്യയായ സ്ത്രീയും ഇങ്ങനെയൊക്കെ പെരുമാറുമായിരുന്നോ എന്ന് തോന്നുമായിരുന്നു എന്ന്. അതൊക്കെയും പ്രധാനമന്ത്രി കസേര മനസ്സിൽ കണ്ണുകൊണ്ടായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയാവുന്നതിൽ മൗണ്ട് ബാറ്റൺ വഹിച്ച പങ്കും മറന്നുകൂടാ. ഗാന്ധിയെ കയ്യിലാക്കാൻ അതായിരുന്നു ഉപയോഗിച്ച ഒരു മാർഗം എന്ന് അക്കാലത്തു് കരുതിയവരുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിൽ സർദാർ പട്ടേൽ വഹിച്ച പങ്ക് ചെറുതായി കാണാനും മറ്റും നെഹ്റു എന്നും ശ്രദ്ധിക്കുകയും ചെയ്തിരുന്നുവല്ലോ.
നേതാജി സുഭാഷ് ചന്ദ്ര ബോസിനെ കൈകാര്യം ചെയ്യാൻ നെഹ്റു സ്വീകരിച്ച പാതയും ഇവിടെ സ്മരിക്കേണ്ടതുണ്ട്. 1945 ഡിസംബർ 27 ന് ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിക്ക് പണ്ഡിറ്റ് നെഹ്റു എഴുതിയ കത്ത് മാത്രം മതിയല്ലോ അത് ബോധ്യമാവാൻ. ” I understand from reliable source that Subhash chandra Bose, your war criminal, has been allowed to enter Russian terrotory by Stalin. This is a clear treachery and betrayal of faith by the Russians as Russia has been an ally of the British- Americans, which she should have not done. Please take note of it and do what you consider proper and fit.”
പണ്ഡിറ്റ് നെഹ്രുവിന്റെ വാക്കുകളാണിത്. എത്രമാത്രം ശത്രുത അദ്ദേഹം നേതാജിയോട് പുലർത്തിയിരുന്നു അല്ലെങ്കിൽ നേതാജിയെ നെഹ്റു എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നത് ഇതിൽനിന്നും വ്യക്തമല്ലേ. നേതാജി വധിക്കപ്പെട്ടതിനു പിന്നിലുള്ള കരങ്ങൾ ആരുടേതാവാം എന്നതൊക്കെ സമഗ്രമായി അന്വേഷിക്കേണ്ടതായിരുന്നു എന്ന് തോന്നുന്നതും ഇവിടെയാണ്. ഇത് അന്വേഷിച്ചിട്ടില്ല എന്നതല്ല. എന്നാൽ അതൊക്കെ നടന്നത് കോൺഗ്രസിന്റെ ഭരണകാലത്താണ് ; നെഹ്രുവിന്റെ തന്നെ കാലത്ത് . എന്താണ് അതുകൊണ്ട് അന്നവർ ഉദ്ദേശിച്ചത് എന്നതും ഊഹിക്കാമല്ലോ. നേതാജിയെ സംബന്ധിച്ച രേഖകൾ പുറത്തുവിടാതിരിക്കാൻ കോൺഗ്രസ് ഭരണകൂടങ്ങൾ ശ്രദ്ധവെച്ചതും ഇതോടൊപ്പം വായിക്കേണ്ടതുണ്ട്. പല രേഖകളും നഷ്ടമായിട്ടുമുണ്ടാവണം. നേതാജിയെ ‘യുദ്ധ ക്രിമിനൽ ‘ എന്ന് വിളിച്ച ഒരാളെപ്പറ്റി, അതും ഒരു ഇന്ത്യൻ നേതാവിനെപ്പറ്റി, ചിന്തിക്കാൻ കഴിയുമോ?. അദ്ദേഹത്തെ എന്തൊക്കെ ചെയ്യാൻ അത്തരക്കാർ തയ്യാറായിക്കൂടയ്കയില്ല.
ആർ എസ് എസിനെ നിരോധിച്ചിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ആ നിരോധനം പിന്നീട് കോൺഗ്രസ് സർക്കാർ തന്നെ പിൻവലിച്ചു. അതിനുമുന്പായി സർദാർ പട്ടേൽ ആർ എസ് എസ് സര്സംഘചാലകായിരുന്ന ഗുരുജി ഗോൾവാൾക്കർക്ക് ഒരു കത്തയച്ചിരുന്നു. 1948 സെപ്റ്റംബർ 11 നെഴുതിയ കത്തിൽ പട്ടേൽ ആവശ്യപ്പെട്ടത് ആർ എസ് എസ് കോൺഗ്രസിൽ ലയിക്കണമെന്നതായിരുന്നു. അതിലെ അതുസംബന്ധിച്ച വരികൾ ഇങ്ങനെയാണ്. ( ഇംഗ്ലീഷിൽ).
” I once again ask you to give your thought to my Jaipur and Lucknow speeches and accept the path I had indicated for the RSS. I am quite certain that therein lies the good of the RSS and the country and moving in that path we can join hands in achieving the welfare of our country. Of course, you are aware that we are passing through delicate times. It is the duty of every one from the highest to the lowliest in this country to contribute his mite, in whatever way possible, to the service of the country. In this delicate hour there is no place for party conflicts and old quarrels. I thoroughly convinced that the RSS men can carry on their patriotic endeavor only by joining the Congress and not by keeping separate or by opposing. I am glad that you have been released. I hope that you will arrive at the proper decision after due consideration of what I have said above. With regard to restrictions imposed upon you I am in correspondence with the CP Government. I shall let you know after receiving their reply.”
ഇതിന്റെ അർത്ഥമെന്താണ്?. ആർ എസ് എസായിരുന്നു ഗാന്ധിവധത്തിനു പിന്നിലെങ്കിൽ അവരോട് കോൺഗ്രസിൽ ചേരാൻ സർദാർ പട്ടേൽ ആവശ്യപ്പെടുമായിരുന്നുവോ. പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റുവിന് ഗുരുജി ഗോൾവാൾക്കർ എഴുതിയ കത്തിന് മറുപടിയെന്നവണ്ണമാണ് സർദാർ പട്ടേൽ ഈ കത്തെഴുതിയത് എന്നതും ഓർക്കുക. അതായത് അത് പട്ടേലിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നില്ല, മറിച്ചു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടായിരുന്നു. അതില്നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ, ആർ എസ്എസിനെതിരെ കോൺഗ്രസുകാർ അന്നുന്നയിച്ചതു കഴമ്പില്ലാത്ത ആക്ഷേപമായിരുന്നുവെന്ന് . കോൺഗ്രസിൽ ലയിക്കണമെന്ന ആവശ്യം ആർ എസ്സ് എസ് ആദ്യമേ നിരാകരിച്ചിരുന്നു. കോൺഗ്രസ് ഒരു രാഷ്ട്രീയ കക്ഷിയാണെന്നും ആർ എസ് എസ് സാംസ്കാരിക സംഘടനയാണ് എന്നും ഗുരുജി ഗോൾവാൾക്കർ വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ആർ എസ് എസിന് അതിന്റെതായ പ്രവർത്തന പദ്ധതിയുണ്ടെന്നും അതുമായി അതു മുന്നോട്ടുപോകുമെന്നും അന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ കോൺഗ്രസ് ഒരു പ്രചാരണം അഴിച്ചുവിടാൻ ശ്രമം നടത്തിയിരുന്നു. ചില വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് അന്ന് കേന്ദ്ര സർക്കാർ നിരോധനം പിൻവലിച്ചത് എന്നും മറ്റുമായിരുന്നു അത് . പക്ഷെ, അതും അവരുടെ കയ്യുകൊണ്ടുതന്നെ തുറന്നുകാട്ടപ്പെട്ടു. 1949 സെപ്റ്റംബർ 14 ന് അന്നത്തെ ബോംബെ നിയമസഭയിൽ അവിടത്തെ ആഭ്യന്തര മന്ത്രിയായിരുന്ന മൊറാർജി ദേശായ് നൽകിയ മറുപടിചരിത്രത്തിന്റെ ഭാഗമാണ്. എന്തെങ്കിലും വ്യവസ്ഥകൾക്ക് വിധേയമായിട്ടാണോ ആർ എസ്എസിന്റെ നിരോധനം നീക്കിയത് എന്നതായിരുന്നു അവിടെ ഉന്നയിച്ച ചോദ്യം. ആർ എസ് എസ് ഒരു ഉറപ്പും നൽകിയില്ലെന്നും നിരോധനം നീക്കിയത് വ്യവസ്ഥകളൊന്നും കൂടാതെയാണെന്നും അന്ന് മൊറാർജി പറഞ്ഞു. പ്രൊസീഡിങ്സ് നമ്പർ പി – 2126 ആണ് രേഖ. ഇതേ മൊറാർജി ദേശായിയാണ് പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്
പറഞ്ഞുവന്നത്, പലതും പുനർവായനക്ക് വിധേയമാക്കേണ്ട സമയമാണിത് എന്നതാണ്. ഗാന്ധിവധത്തെ ആർ എസ് എസിലേക്കും മറ്റും തിരിച്ചുവിട്ടു. റഷ്യയിലെത്തിയ നേതാജിയെ കൈകാര്യം ചെയ്യാൻ ബ്രിട്ടീഷുകാരോടു അഭ്യർത്ഥിക്കുന്നു. സർദാർ പട്ടേലിനെ അവഗണിക്കുകയും മറ്റും ചെയ്തു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കിൽ ഒരു പക്ഷെ ഇന്ത്യയിൽ ഒരു നേതൃമാറ്റം പോലും ഉണ്ടാവുമായിരുന്നു എന്ന് ചിന്തിക്കുന്നവരുണ്ട്. അതായത് , നെഹ്റുവിനെ മാറ്റി സർദാർ പട്ടേലിനെ പ്രധാനമന്ത്രിയാക്കാൻ ഗാന്ധിജി ശ്രമിക്കുമായിരുന്നു എന്ന്. ഗാന്ധിജി ഉണ്ടായിരുന്നുവെങ്കിൽ കോൺഗ്രസ് നെഹ്റു കുടുംബത്തിന്റെ സ്വത്തായി അധഃപതിക്കുമായിരുന്നുമില്ല. സ്വാതന്ത്ര്യം കിട്ടിയ ഉടനെ കോൺഗ്രസ് പിരിച്ചുവിടാൻ നിർദ്ദേശിച്ചത് ഗാന്ധിജി ആയിരുന്നു എന്നതും ഓർക്കുക.
അതെന്തായാലും ഇന്നിപ്പോൾ സർദാർ പട്ടേലും നേതാജിയുമൊക്കെ ഇന്ത്യയിലെ കോൺഗ്രസുകാർക്ക് അന്യമാണ്. സർദാർ പട്ടേൽ എന്ന് പറഞ്ഞാൽ ഇന്നത്തെ ഇന്ത്യൻ ജനതയുടെ മനസിലേക്ക് ഓടിയെത്തുന്നത് ഗുജറാത്തും അവിടെ നരേന്ദ്ര മോഡി മുൻകൈയെടുത്തു നിർമ്മിക്കുന്ന വലിയ പ്രതിമയും മറ്റുമാണ്. പട്ടേലിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ യഥാർഥത്തിൽ ശ്രമിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗുജറാത്ത് ഭരണകൂടമാണല്ലോ. ദേശീയതലത്തിൽ പട്ടേൽ അർഹതപ്പെട്ടവിധം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് മോഡി ഡൽഹിയിൽ ഭരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തതിനുശേഷവും. നേതാജിയുടെ സന്ദേശത്തെ ജനകോടികളിൽ എത്തിക്കാൻ ശ്രമിക്കുന്നത് ബിജെപിയാണ് എന്നാണ് ഇന്നുള്ള പൊതു വിശ്വാസം. അതുപോലെ തന്നെയാണ് നേതാജിയുടെ കാര്യവും. നേതാജിയുമായി ബന്ധപ്പെട്ട രേഖകൾ മുഴുവൻ പുറത്തുവിടുക മാത്രമല്ല, അദ്ദേഹത്തിന് ഇന്ത്യയിൽ ഒരു മഹനീയ സ്ഥാനമുണ്ടായിരുന്നു എന്ന് കാട്ടിക്കൊടുത്തതും ബിജെപിയാണ്, നരേന്ദ്ര മോദിയാണ്. പറഞ്ഞുവന്നത്, നേതാജിയിലും സർദാർ പട്ടേലിലും ഇന്നിപ്പോൾ കോൺഗ്രസ് ടാഗ്കാണാനാവില്ല. ഗാന്ധിജിയുടെ കാര്യത്തിലും അത് അതുപോലെയാവണം. ഒന്ന് , കോൺഗ്രസുകാർ ഗാന്ധിജിയോട് ചെയ്ത പാതകങ്ങൾ തുറന്നുകാട്ടപ്പെടണം. രണ്ട് , ഗാന്ധിവധത്തിലെ കാണാച്ചരടുകൾ പുറത്തുകൊണ്ടുവരണം. ആ ബൃഹദ് സംരഭത്തിന് തുടക്കമാവേണ്ട സമയമായിരിക്കുന്നു. ഒന്നുകൂടി; ഇന്നിപ്പോൾ രാജ്യം ഗാന്ധിസ്മൃതിയിൽ നിറയുമ്പോൾ കോൺഗ്രസിന്റെ ഇന്നത്തെ അമരക്കാരൻ, രാഹുൽ ഗാന്ധി, മഹാരാഷ്ട്രയിലെ ഒരു മജിസ്ട്രേറ്റ് കോടതിയിൽ എത്തിയിരിക്കും. ഗാന്ധിജിവധത്തിലെ ആര്എസ്എസ് പങ്കിനെക്കുറിച്ചു ആക്ഷേപിച്ചതിന് വിചാരണ നേരിടുന്നതിന്. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
Post Your Comments