NewsIndia

ക്ഷേത്രത്തിലേക്ക് ഗോമാംസം വലിച്ചെറിഞ്ഞു: കലാപഭീതിയില്‍ ജനം

കൊല്‍ക്കത്ത•കൊല്‍ക്കത്തയിലെ മേതിയബ്രുസ് പ്രദേശത്തെ ആലംപൂര്‍ കഴിഞ്ഞ 23 മുതല്‍ സംഘര്‍ഷഭരിതമാണ്. അന്ന് ഏതാനും സാമൂഹ്യദ്രോഹികള്‍ സ്ഥലത്തെ ക്ഷേത്രത്തിനുള്ളിലേക്ക് പശുവിറച്ചി വലിച്ചെറിഞ്ഞതോടെയാണ് സന്തോഷവും സമാധാനവും കളിയാടിയിരുന്ന ഈ പ്രദേശം അസ്വസ്ഥമായ അന്തരീക്ഷത്തിലേക്ക് നീങ്ങിയത്. സംഭവത്തിന്‌ ശേഷം പ്രദേശം ഇതുവരെ ശാന്തമായിട്ടില്ല. സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിയാത്തതും പോലീസിനെ കുഴയ്ക്കുന്നു.

വര്‍ഗീയ കലാപ ഭീതിയിലാണ് പോലീസും ബംഗാള്‍ സര്‍ക്കാരും. സമ്പന്നരും ചേരിവാസികളും ഒരുപോലെയുള്ള ഇടമായ ആലംപൂരില്‍ നാലോ അതില്‍ക്കൂടുതലോ ആളുകള്‍ കൂട്ടംചേരുന്നത് പോലീസ് നിരോധിച്ചിട്ടുണ്ട്. ക്ഷേത്രം അശുദ്ധമാക്കിയെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ ഗതാഗതം സ്തംഭിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രദേശത്തെ വര്‍ക്ക്ഷോപ്പുകള്‍ക്കും പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ്‌ എന്‍ജിനീയേഴ്സ് എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്.

പക്ഷേ, ആലംപൂര്‍ സംഭവം ഒറ്റപ്പെട്ടതല്ല. 2016 മുതല്‍ ഇതുവരെ പത്തോളം സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിയിട്ടുണ്ട്. ഇവ തെളിയിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചടുത്തോളം വെല്ലുവിളിയാണ്.

സംസ്ഥാനത്ത് അരാജകത്വം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അവര്‍ പറഞ്ഞു. ഒരു രാഷ്ട്രീയപ്പാര്‍ട്ടി സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button