ചെന്നൈ•രാജ്യത്തിന്‍റെ പ്രധാനമന്ത്രിയ്ക്കെതിരെ മുദ്രാവാക്യമുയര്‍ത്തുന്നവര്‍ രാജ്യദ്രോഹികളാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്തിടെ തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിന് വേണ്ടി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ചിലര്‍ രാജ്യദ്രോഹികളാണ്. എന്തുകൊണ്ടെന്നാല്‍ അവര്‍ ദേശീയ പതാകയോടും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയോടും അനാദരവ് കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയോ അദ്ദേഹത്തിന്റെ മുന്‍ഗാമിയോ ആരോ ആകട്ടെ, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അവഹേളിക്കുന്നവര്‍ അങ്ങേയറ്റം രാജ്യദ്രോഹികള്‍ ആണെന്നും നിര്‍മ്മല പറഞ്ഞു. ചെന്നൈയില്‍ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം.
ബി.ജെ.പി എന്നും ജെല്ലിക്കെട്ടിനെ പിന്തുണച്ചിട്ടേ ഉള്ളൂവെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് ബി.ജെ.പിയുടെ പൂര്‍ണപിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു. ജെല്ലിക്കെട്ട് പോലെയുള്ള കായിക വിനോദങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ തങ്ങള്‍ ജെല്ലിക്കെട്ടിനെ പിന്തുണയ്ക്കുന്നതായി നടിക്കുകയാണ്. വിഷയത്തില്‍ തമിഴ് ജനതയോട് കോണ്‍ഗ്രസ് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments