ലോ അക്കാദമി സമരം ശക്തമായി മുന്നേറുമ്പോള്‍ സര്‍ക്കാരും സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. വിദ്യാര്‍ഥിപ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ പ്രശ്‌നത്തില്‍ ഏറ്റവും വൈകിയാണ് സി.പി.എം ഇടപെടുന്നത്. ലോ അക്കാദമിയുടെ മാനേജ്‌മെന്റില്‍ ഉള്ളവരെല്ലാം സി.പി.എമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ സ്വന്തം വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയുടെ സമരത്തെപ്പോലും ഒരുഘട്ടംവരെ സി.പി.എം അവഗണിക്കുകയായിരുന്നു. എന്നാല്‍ ഈ യാഥാര്‍ഥ്യം സമൂഹം തിരിച്ചറിഞ്ഞതോടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമരപന്തല്‍ സന്ദര്‍ശിക്കേണ്ടതായി വന്നു. അതിനിടെ ലക്ഷ്മിനായര്‍ രാജിവെക്കുക എന്നത് വിദ്യാര്‍ഥികളുടെ മാത്രം ആവശ്യമാണെന്ന ഉഴപ്പന്‍ പ്രതികരണം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതോടെ പാര്‍ട്ടി ഈ വിഷയത്തില്‍ ആര്‍ക്കൊപ്പമെന്നും മനസിലായി.
കേരളം മുഴുവന്‍ കത്തിനില്‍ക്കുന്ന ഒരു വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാവ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ തീര്‍ച്ചയായും പൊതുസമൂഹം ശ്രദ്ധിക്കും. നിര്‍ഭാഗ്യവശാല്‍ ഈ വിഷയത്തില്‍ സി.പി.എം എടുക്കുന്ന നയങ്ങളെല്ലാം പാളുകയാണ്. വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണെന്നു ഒപ്പമുള്ള ഘടകകക്ഷികള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സ്വന്തം വിദ്യാര്‍ഥി സംഘടനക്കും ബോധ്യപ്പെട്ടിട്ടും തത്കാലത്തേക്കെങ്കിലും ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ പദവിയില്‍നിന്നും മാറി നില്‍ക്കണമെന്നു പറയാന്‍ കോടിയേരിക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്നാണ് പൊതുസമൂഹം ചിന്തിക്കുന്നത്. ഏറ്റവും ഒടുവില്‍ ലോ അക്കാദമി ഡയറക്ടര്‍മാര എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയില്‍ അവര്‍ പറഞ്ഞത് ലക്ഷ്മിനായര്‍ രാജിവെക്കേണ്ടതില്ല എന്നാണ്. പുറത്ത് ഇത്രയേറെ സമരം നടക്കുമ്പോഴും ലക്ഷ്മിനായര്‍ തത്കാലത്തേക്കെങ്കിലും പദവിയില്‍നിന്നു രാജിവെക്കണമെന്നു ആവശ്യപ്പെടാന്‍ കോടിയേരിക്ക് കഴിയണമായിരുന്നു. ഈ സാഹചര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത കവര്‍ സ്റ്റോറി എന്ന പരിപാടി കോടിയേരിക്ക് കിട്ടിയ നല്ലൊരു ചെവിക്ക് കിഴുക്കായി.
2001ല്‍ ഒരു സമരത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത നടപടിയുടെ പേരില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പിന്‍സിപ്പലിനെ നിര്‍ത്തിപ്പൊരിക്കുന്ന കോടിയേരിയുടെ ദൃശ്യങ്ങളാണ് കവര്‍സ്‌റ്റോറിയില്‍ എടുത്തുകാട്ടിയത്. നിങ്ങള്‍ക്ക് കോളേജിനെ നിയന്ത്രിക്കാന്‍ അറിയില്ലെന്നും നിങ്ങളൊരു പ്രിന്‍സിപ്പലാണോ എന്നും ചോദിച്ച് കത്തിക്കയറുകയായിരുന്നു അന്ന് കോടിയേരി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിന് അതിന് അനുവദിക്കാതെ ചീത്തപറയുകയാണ് കോടിയേരി ചെയ്തത്. ഇവിടെ ലോ അക്കാദമിയില്‍ സമരം ശക്തമാകുമ്പോള്‍, എസ്.എഫ്.ഐ മുന്നില്‍നിന്നും സമരം നയിക്കുമ്പോള്‍ കോടിയേരി പാലിക്കുന്ന മൗനത്തിനു ചുരുങ്ങിയപക്ഷം എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ അംഗങ്ങളായ വിദ്യാര്‍ഥികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ടിവരും. ലോ അക്കാദമിയിലെ സമരപന്തലില്‍ എത്തിയത് പതിനെട്ടാം ദിവസമാണ് കോടിയേരി എത്തിയത്. പ്രശ്‌നത്തെ വെറും വിദ്യാര്‍ഥിസമരമായി ചിത്രീകരിച്ച അദ്ദേഹം ആരെയാണ് ഭയപ്പെടുന്നതെന്നും വ്യക്തമാക്കേണ്ടിയിരിക്കുന്നു. അതുപോലെ സെക്രട്ടറിയേറ്റിന് സമീപത്തെ ലോ അക്കാദമിയുടെ സ്ഥലത്ത് ഫ്ലാറ്റ് സമുച്ഛയം ഉയര്‍ന്നതിനെക്കുറിച്ച് പ്രതികരിക്കാനും ഫ്ലാറ്റ് സമച്ഛയം തിരിച്ചുപിടിക്കാനോ അധിക സ്ഥലം തിരിച്ചു പിടിക്കാനോ സിപിഎം താല്‍പ്പര്യപ്പെടാത്തതിനു പിന്നിലും പാര്‍ട്ടി ബന്ധങ്ങളാണെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാലും അവരെ തെറ്റിദ്ധരിക്കേണ്ടി വരില്ല.
Post Your Comments