ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ദേശീയ, പ്രാദേശിക രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ സംഭാവന 11,327 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 7,833 കോടി രൂപയും ഉറവിടം വെളിപ്പെടുത്താത്ത സംഭാവനകളാണെന്നതും ശ്രദ്ധേയമാണ്. ന്യൂഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനായ അസോസിയോഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് സാമ്പത്തിക വര്‍ഷം 2004-05 മുതല്‍ 2014-15 വരെയുള്ള സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ടത്.
ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചിരിക്കുന്നത് 9,278.3 കോടി രൂപയും, പ്രാദേശിക പാര്‍ട്ടികള്‍ക്ക് 2,089 കോടി രൂപയും സംഭാവനയായി കഴിഞ്ഞ 11 വര്‍ഷത്തിനിടെ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഉറവിടം വെളിപ്പെടുത്തിയ സംഭാവന 3534 കോടി രൂപയും, അജ്ഞാത സംഭാവന 7,833 കോടി രൂപയുമാണ്.
അതായത്, ആകെ ലഭിച്ച വരുമാനത്തില്‍ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കൃത്യമായ ഉറവിടം ഉള്ളത് 1853.63 കോടി രൂപയാണ്. മെംബര്‍ഷിപ്പ് ഫീസ്, വസ്തുവകകള്‍, ബാങ്കിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ, പ്രസിദ്ധീകരണങ്ങളുടെ വില്‍പ്പന, പാര്‍ട്ടി ലെവി എന്നിവയാണ് ഉറവിടമായി കാണിച്ചിരിക്കുന്നത്. ഇത് ആകെ ലഭിച്ച സംഭാവനയുടെ 15 ശതമാനം മാത്രമാണ്. എന്നാല്‍ 1698.73 കോടി രൂപയുടെ തുക, മറ്റ് ഉറവിടങ്ങളില്‍ നിന്നെന്ന പേരിലും കാണിച്ചിട്ടുണ്ട്.
അതേസമയം ഉറവിടം വെളിപ്പെടുത്താത്ത സംഭാവനകളില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചിരിക്കുന്നത് കോണ്‍ഗ്രസിനാണ്. 3,323 കോടി രൂപ. ഇത് കോണ്‍ഗ്രസിന് ലഭിച്ച സംഭാവനയുടെ 83 ശതമാനം വരും. ബി.ജെപി.ക്ക് 2,125 കോടി രൂപയുടെ വരുമാനവുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇത് ബി.ജെ.പി.യുടെ വരുമാനത്തിന്റെ 65 ശതമാനമാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ 94 ശതമാനവും ( 766 കോടി രൂപ ) ഉറവിടം വെളിപ്പെടുത്താത്ത സംഭാവനയാണ്.
ആദായ നികുതി വകുപ്പിന് സമര്‍പ്പിക്കുന്ന രേഖകളില്‍, ഇരുപതിനായിരം രൂപയില്‍ കൂടുതലുള്ള സംഭവാനകളുടെ ഉറവിടം വെളിപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ കൂപ്പണ്‍ വിറ്റത്, ഹുണ്ഡിക പിരിവ്, സഹായനിധിയെന്ന പേരില്‍ കാണിച്ചിരിക്കുന്ന വരുമാനത്തിന് കൃത്യമായ ഉറവിടം കാണിക്കേണ്ടെന്ന പഴുതും നിലവിലെ നിയമത്തിലുണ്ട്.
Post Your Comments