തിരുവനന്തപുരം• തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ലക്ഷ്മി നായരുടെ ഹോട്ടലില്‍ ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് ബിരിയാണി വിളമ്പിക്കാറുണ്ടെന്നാണ് പരാതി. യൂണിഫോമിട്ടാണ് ബിരിയാണി വിളമ്പിച്ചത്. ഇതിന് പ്രതിഫലമായി ഇന്റേണല്‍ മാര്‍ക്കാണ് നല്‍കിയിരുന്നതെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. താനടക്കം നാല് വിദ്യാര്‍ത്ഥികളെ വിളിച്ചുകൊണ്ട് പോയി ലക്ഷ്മി നായര്‍ നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യിപ്പിച്ചെന്നാണ് പരാതി.
മെറിറ്റില്‍ അഡ്മിഷന്‍ നേടിയ തന്റെ മകളെ ഈയര്‍ ഔട്ട് ആക്കുമെന്ന് ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഒരു രക്ഷിതാവും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലക്ഷ്മി നായര്‍ വലിച്ചെറിഞ്ഞതായും ആരോപണമുണ്ട്. രക്ഷിതാവിനെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ലക്ഷ്മി നായര്‍ പ്രതികരിച്ചു.
Post Your Comments