ഭാരതീയ വിചാര കേന്ദ്രം ഉപാധ്യക്ഷന്‍ ഡോ.സി.ഐ ഐസക്കുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം
ഒരാഴ്ചയായി കൊടുമ്പിരിക്കൊണ്ട ജെല്ലിക്കെട്ട് കലാപത്തിന് താല്‍ക്കാലിക വിരാമമാകുമ്പോള്‍ നെടുവീര്‍പ്പിട്ടത് തമിഴ്നാട് മാത്രമല്ല, ഇന്ത്യ തന്നെയാണ്. സമരമായി ആരംഭിച്ച് കലാപമായി മാറിയ ‘ജെല്ലിക്കെട്ട്’ വിഷയം ആളിക്കത്തിച്ചതിന് പിന്നില്‍ മറ്റു പല ശക്തികളുമാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രക്ഷോഭത്തിനിടെ ഉയര്‍ന്നുകേട്ട ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പോസ്റ്ററുകളും ഇത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. നാട്ടില്‍ സമരം ഉണ്ടാകുമ്പോള്‍ രാജ്യത്തിന്റയോ സംസ്ഥാനത്തിന്റെയോ ഭരണാധികാരികള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് വൈകാരിക പ്രതികരണം മാത്രം. പക്ഷേ രാജ്യത്തിനെതിരെ തിരിയുന്നത് അസംഭവ്യം തന്നെ! എന്നാല്‍ തമിഴ്നാട്ടില്‍ അതും സംഭവിച്ചു. ഈ സാഹചര്യത്തില്‍ രാജ്യം നേരിടുന്ന അപകടരമായ സ്ഥിതി വിശേഷം പങ്കു വയ്ക്കുകയാണ് ഭാരതീയ വിചാര കേന്ദ്രം ഉപാധ്യക്ഷന്‍ ഡോ.സി.ഐ ഐസക്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ച് അംഗം കൂടിയായ ഡോ.സി.ഐ ഐസക്കുമായി ഈസ്റ്റ് കോസ്റ്റ് പ്രതിനിധി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
? സമരമായി തുടങ്ങിയ ജെല്ലിക്കെട്ട് വിഷയം കലാപമായി മാറുകയാണല്ലോ ചെയ്തത്?
? തീര്‍ച്ചയായും… ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തക്കം പാര്‍ത്തിരുന്ന ശത്രുക്കള്‍ കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ചു. നമുക്കറിയാം, ഈ പ്രക്ഷോഭത്തിന് പിന്നില്‍ ശക്തമായ ഒരു നേതൃത്വം ഇല്ലായിരുന്നു. സമരം ആരംഭിച്ചതാകട്ടേ വിദ്യാര്‍ത്ഥികളും. എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചതെന്ന് കണ്ടു കഴിഞ്ഞല്ലോ…
? അങ്ങ് പറഞ്ഞു വരുന്നത്…?
?തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചിട്ട് രണ്ട് വര്‍ഷം കഴിയുന്നു. നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ കൂടി ഇത്തരത്തില്‍ ഒരു സമരം ഉണ്ടായിട്ടില്ല. അന്നാട്ടുകാരുടെ സാംസ്കാരിക വിനോദം എന്ന നിലയില്‍ ചില ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ വന്നതൊഴിച്ചാല്‍ സ്ഥിതി ഗതികള്‍ ശാന്തമായിരുന്നു. പക്ഷേ, ഈ പ്രാവശ്യം കണ്ടത് ഒറ്റപ്പെട്ട പ്രക്ഷോഭങ്ങള്‍ പെട്ടെന്ന് കരുത്താര്‍ജ്ജിക്കുന്നതാണ്. ജനകീയ സമരം ആരും വിചാരിക്കാത്ത തരത്തില്‍ കലാപമാക്കിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ട്. നോട്ട് നിരോധനം മൂലം തകര്‍ന്നു പോയ മത തീവ്രവാദികളും തമിഴ് ദേശീയ വാദികളും മാവോയിസ്റ്റുകളും രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുള്ള അവസരമായി ഇതിനെ കണ്ടു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ , തമിഴ് ജനതയുടെ വികാരത്തെ ഇത്തരം ഛിദ്ര ശക്തികള്‍ ഹൈജാക്ക് ചെയ്തു. അതാണ് ഇവിടെ നടന്നത്. മറ്റൊന്ന് മാട്ട് ലോബിയുടെ ഇടപെടലാണ്. പശു, കാള തുടങ്ങിയ മൃഗങ്ങളെ ഉപദ്രവിക്കുക എന്ന അജന്‍ഡ മാത്രമുള്ള ഒരു വിഭാഗം രാജ്യത്തുണ്ട്. ഇതിന്റെ പിന്നിലുള്ള ലക്ഷ്യങ്ങളും സംശയകരം തന്നെയാണ്.
?എന്തുകൊണ്ട് തമിഴ്നാട് ?
തമിഴ് സംസാരിക്കുന്ന രാജ്യം എന്നത് തമിഴ് ദേശീയ വാദികളുടെ ഒരു സ്വപ്നം തന്നെയാണ്. ആ ആഗ്രഹത്തെ അവര്‍ അടക്കി വയ്ക്കുന്നു എന്ന് മാത്രം. വര്‍ഷങ്ങളായി ശ്രീലങ്കയില്‍ നടന്നത് തമിഴ് രാജ്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭം ആയിരുന്നല്ലോ. എന്നാല്‍ എല്‍ടിടിഎയെ പൂര്‍ണ്ണമായി ഉന്മൂലനം ചെയ്തത് വഴി ഇത് കെട്ടടങ്ങി. പക്ഷേ , ആ പ്രക്ഷോഭ കാലത്ത് ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പലായനം ചെയ്ത നിരവധി ആളുകള്‍ ഉണ്ട്. അവരുടെ ഉള്ളില്‍ ഇപ്പോഴും ഈ ആഗ്രഹം ഉറങ്ങി കിടക്കുന്നു. മാത്രമല്ല, തമിഴ്നാട്ടില്‍ തന്നെ ഈ ആഗ്രഹം അടക്കിവയ്ക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. എന്നാല്‍ ഈ രണ്ട് കൂട്ടരും അത് പ്രകടിപ്പിക്കാറില്ല. ഇവിടെയാണ് മത ത്രീവ്രവാദികള്‍ നുഴഞ്ഞു കയറിയത്. ഭാരതം ശിഥിലമാകണമെന്ന് ആഗ്രഹിക്കുന്ന മത തീവ്രവാദികള്‍ തമിഴ് ദേശീയ വാദികളെ കൃത്യമായി ഉപയോഗിച്ചു. അതിനായി മാവോയിസ്റ്റുകളെയും ഉപയോഗപ്പെടുത്തി.
? ജയലളിത എന്ന മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ സംഭവിക്കുമായിരുന്നോ?
?ഒരിക്കലും ഇല്ല. കരുത്തുറ്റ ഭരണാധികാരിയായിരുന്നു അവര്‍. ഇന്ന് തമിഴ്നാട് ഭരിക്കുന്ന ഓ.പനീര്‍ശെല്‍വത്തിന് അത്തരത്തില്‍ ഒരു ഭരണ പാടവം ഇല്ല. മാത്രമല്ല , ശശികല എന്ന ചിന്നമ്മയുടെ രംഗപ്രവേശവും ഗുണകരമല്ല. എന്ത് രാഷ്ട്രീയ അടിത്തറയാണ് അവര്‍ക്ക് ഉള്ളത്. സമരത്തിന്റെമറവില്‍ കരുത്താര്‍ജ്ജിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിച്ചത്.
? ഇത്രയും ക്ഷിദ്ര ശക്തികള്‍ ഒരുമിച്ചിട്ടും കലാപത്തെ അടിച്ചമര്‍ത്തിയല്ലോ…?
? ഇവിടെയാണ് നരേന്ദ്ര മോദിയെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഭരണപാടവം നാം തിരിച്ചറിയേണ്ടത്. കൈവിട്ടു പോകാമായിരുന്ന ഒരു വിഷയം നിയന്ത്രണ വിധേയമാക്കിയത് ‘മോദി മാജിക്’ തന്നെയാണ്. തമിഴ്നാട് സര്‍ക്കാരിന്റെ പ്രത്യേക ഓര്‍ഡിനന്‍സിന് മോദിയും കേന്ദ്ര സര്‍ക്കാരും നല്‍കിയ പിന്തുണയാണ് സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. കേന്ദ്രത്തിലേക്ക് അയച്ച ഓര്‍ഡിനന്‍സിന് 24 മണിക്കൂറിനകം മൂന്ന് മന്ത്രാലയങ്ങളുടെ അംഗീകാരവും രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് കലാപത്തിന് താല്‍ക്കാലിക വിരാമമാകുമ്പോള്‍ ആശ്വാസത്തിന് പകരം ആശങ്കകളാണ് അവശേഷിക്കുന്നത്. തമിഴ്നാട്ടില്‍ പയറ്റിയ അതേ തന്ത്രം മറ്റ് സംസ്ഥാനങ്ങളിലും ആവര്‍ത്തിച്ചു കൂടെന്നില്ല. ഇത്തരം പ്രാദേശിക വികാരങ്ങളെ പ്രക്ഷോഭങ്ങളാക്കി മാറ്റിയെടുക്കുകയാണ് മത തീവ്രവാദികളുടെ പുതിയ തന്ത്രം എന്നും വ്യക്തമായി കഴിഞ്ഞു. ഇവിടെ വേണ്ടത് വിവേകമാണ്. രാജ്യ വിരുദ്ധ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ആത്മ വീര്യം ഉണ്ടെങ്കില്‍ ഇത്തരം ആശങ്കകള്‍ അസ്ഥാനത്താകും.
Post Your Comments