Life Style

‘കാലന് കുറേ കാത്തിരിക്കേണ്ടി വരും’ എത്ര കാലം വേണമെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യ അടുത്തറിയാം

തിരുവനന്തപുരം•ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതി മെഡക്‌സിലൂടെ നേരിട്ടറിയാം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി യൂണിറ്റിന്റെ പവലിയനുകള്‍. ഹൃദയവും ശ്വാസകോശവും തകരാറിലായിക്കൊണ്ടിരിക്കുന്ന രോഗികള്‍ക്ക് എത്ര നാള്‍ വേണമെങ്കിലും ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ് എക്‌മോ (ECMO – Extra Corporeal Membrane Oxygenation) അഥവാ എക്‌സ്ട്രാ കോര്‍പോറിയല്‍ മേമ്പ്രേന്‍ ഓക്‌സിജനേഷന്‍. ഹാര്‍ട്ട് ലംഗ് മെഷീന്റെ ആധുനിക പതിപ്പാണിത്. ആധുനിക ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് വേദിയായ ഈ ഉപകരണത്തെ ജനങ്ങള്‍ക്ക് അടുത്തു കാണാനുള്ള അവസരമാണിത്. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ ദിവസങ്ങളോളം നിലനിര്‍ത്തിയത് ഈ ഉപകരണത്തിന്റെ സഹായത്തോടെയാണ്.

Heart Operation 2

ശ്വാസകോശത്തിന്റെ പോരായ്മകള്‍ പരിഹരിക്കാനായി ഇതില്‍ ഘടിപ്പിക്കുന്ന ഓക്‌സിജനറേറ്റുകള്‍ 21 ദിവസം മുതല്‍ 30 ദിവസം വരെ നിലനില്‍ക്കും. രോഗിയുമായുള്ള ബന്ധം വിച്ഛേദിക്കാതെ തന്നെ പുതിയ ഓക്‌സിജനറേറ്ററുകള്‍ പിടിപ്പിക്കാം. ഇങ്ങനെ ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെടാതെ എത്രകാലം വേണമെങ്കിലും സംരക്ഷിക്കാന്‍ കഴിയും. രണ്ട് ലക്ഷത്തോളം രൂപയാണ് ഓക്‌സിജനേറ്ററുകളുടെ വില.

Heart Operation 1

ഹാര്‍ട്ട് അറ്റാക്ക് വന്ന ശേഷം ഹൃദയം വേണ്ടവിധം പ്രവര്‍ത്തിക്കാതെ വന്നാലും എക്‌മോയിലൂടെ ജീവന്‍ നിലനിര്‍ത്താം. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേനാകുന്ന രോഗികള്‍ക്ക് ഹൃദയം മാറ്റിവയ്ക്കുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ ഈ ഉപകരണം സഹായിക്കും. ഹൃദയസംബന്ധമായ അസുഖങ്ങളോടെ ജനിച്ച കുട്ടികള്‍ക്കും ശസ്ത്രക്രിയ ചെയ്യുന്നതുവരെ ഈ ഉപകരണത്തിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയും. ലക്ഷങ്ങള്‍ വില വരുന്ന എക്‌മോ മെഷീന്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

ECMO 1

ആധുനിക സംവിധാനങ്ങളോടെയുള്ള ഹൃദയ ശസ്ത്രക്രിയ തീയറ്ററും ഇതോടൊപ്പം സജ്ജമാക്കിയിട്ടുണ്ട്. ഹൃദയ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന വെല്ലുവിളികളും ഡോക്ടര്‍മാര്‍ അത് വിജയകരമായി കൈകാര്യം ചെയ്യുന്നതുമെല്ലാം ഇവിടെ നിന്ന് കണ്ട് മനസിലാക്കാം. പ്രയാസമേറിയ ഹൃദയ ശസ്ത്രക്രിയകള്‍ നടത്താന്‍ സഹായിക്കുന്ന ഹാര്‍ട്ട് ലംഗ് മെഷീനും ഇവിടെ ഒരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയ സമയത്ത് രോഗിയുടെ ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനം നടക്കുന്നത് ഈ യന്ത്രം വഴിയാണ്. ഹൃദയത്തിന്റേയും ശ്വാസ കോശത്തിന്റേയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹാര്‍ട്ട് ലംഗ് മെഷീന്‍ വഴി ഹൃദയ ശ്വാസകോശ പ്രവര്‍ത്തനവും രക്ത ചംക്രമണവും നിയന്ത്രിക്കുന്നു.

മനുഷ്യ ശരീരത്തിലെ ഹൃദയം, രക്ത കുഴലുകള്‍, ശ്വാസകോശം ഉള്‍പ്പെട്ട നെഞ്ചിന്‍ കൂടിലെ ഭാഗങ്ങള്‍ തുടങ്ങിയവയുടെ ശസ്ത്രക്രിയകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി (സി.വി.ടി.എസ്) യൂണിറ്റ്. കാര്‍ഡിയോ തൊറാസിക്, അനസ്തീഷ്യ, പെര്‍ഫ്യൂഷനിസ്റ്റ്, നഴ്‌സിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ കൂട്ടായ്മയാണ് സി.വി.ടി.എസ് പവലിയനുകള്‍. ഓരോ വിഭാഗങ്ങളും ലളിതമായ രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.

വ്യത്യസ്ഥയിനം ഉപകരണങ്ങള്‍, ജീവന്‍ രക്ഷാ മരുന്നുകള്‍, അനസ്തീഷ്യ ഉപകരണങ്ങള്‍, കൃത്രിമ ഹൃദയ വാല്‍വുകള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചരിത്ര പ്രധാന നിമിഷങ്ങള്‍, വ്യത്യസ്ഥ ശസ്ത്രക്രിയകള്‍, ആധുനിക സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയുടെ ചിത്ര പ്രദര്‍ശനവും വീഡിയോ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിരിക്കുന്നു.

shortlink

Post Your Comments


Back to top button